അത്തോളി പഞ്ചായത്തില്‍ വികസന മുരടിപ്പിന്റെ അരനൂറ്റാണ്ട്‌

Saturday 31 October 2015 9:52 am IST

അത്തോളി: കഴിഞ്ഞ നാല്പത്താറ് വര്‍ഷക്കാലം പ്രതിപക്ഷ ശബ്ദംപോലുമില്ലാതെ ഇടത്പക്ഷം ഭരണം കയ്യാളിയ അത്തോളി ഗ്രാമപഞ്ചായത്തില്‍ പിടിപ്പ്‌കേട്മൂലം നഷ്ടപ്പെട്ടത് നിരവധി പദ്ധതികള്‍. പഞ്ചായത്തിലെ 27 പട്ടികജാതി കോളനികള്‍ ഉള്‍പ്പെടെ സമീപപ്രദേശങ്ങളിലെ ജനങ്ങള്‍ കുടിവെള്ളത്തിന് വേണ്ടി കഷ്ടപ്പെടുമ്പോഴാണ് ഏറെ സാധ്യതകളുണ്ടായിട്ടും കുടിവെള്ളപദ്ധതി പഞ്ചായത്തിന് നഷ്ട്ടപ്പെട്ടത്. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊതുശ്മശാനത്തിന് വേണ്ടി വാങ്ങിയ സ്ഥലംപോലും ഉപയോഗപ്രദമാക്കാന്‍ ഇവിടെ ഭരിച്ച ഇടത് മുന്നണിക്ക് കഴിഞ്ഞിട്ടില്ല. മത്സ്യമാര്‍ക്കറ്റും പൊതുശൗചാലയത്തിന്റെയും സ്ഥിതിയും ഇതുപോലെ തന്നെ. പഞ്ചായത്ത് ഭരണസമിതിയുടെ സ്വജനപക്ഷപാതവും കഴിവ്‌കേടും ജനങ്ങള്‍ ഒരു ഭരണമാറ്റത്തിന് വേണ്ടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് വിജയിച്ചുവെങ്കിലും ഇടതന്മാരുടെ അതേപാതയാണ് യുഡിഎഫും പിന്തുടര്‍ന്നത്. അഴിമതിയുടെ കൂത്തരങ്ങായി പഞ്ചായത്ത് ഭരണസമിതി മാറിയിരിക്കുകയാണ്. വികസന മുരടപ്പിനായിട്ടാണ് അത്തോളി പഞ്ചായത്തില്‍ ഇടതു-വലതു മുന്നണികള്‍ മത്സരിച്ചതെന്നാണ് ജനങ്ങള്‍ പറയുന്നത്. 46 വര്‍ഷക്കാലത്തെ ഇടത് ഭരണത്തിലുണ്ടായ അഴിമതി പുറത്തുകൊണ്ട്‌വരുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന യുഡിഎഫ് ഭരണസമിതി ഇടതുമുന്നണിയുമായി ഒത്തുകളി രാഷ്ട്രീയം കളിച്ച് ജനങ്ങളെ ഒന്നാകെയാണ് വിഡ്ഡികളാക്കിയത്. യുഡിഎഫിന്റെ അഴിമതി ഭരണത്തില്‍ യാതൊരു തരത്തിലുള്ള വിയോജനക്കുറിപ്പും ഇടതുമുന്നണിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുമില്ല. എന്നാല്‍ ഒത്തുകളി രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിച്ചുകൊണ്ട് വ്യക്തമായ വികസനകാഴ്ചപ്പാട് മുന്‍നിര്‍ത്തിയുള്ള ബിജെപിയുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് നല്ല പ്രതീക്ഷയായി മാറിയിരിക്കുകയാണ്. പഞ്ചായത്ത് ഭരണസമിതിയിലേക്ക് ബിജെപി ജില്ലാകമ്മിറ്റി അംഗങ്ങളായ ആര്‍.എം. കുമാരന്‍ എട്ടാം വാര്‍ഡിലും കെ.കെ. ഭരതന്‍ ഒമ്പതാം വാര്‍ഡിലും പട്ടികമോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് കെ.വി.കുമാരന്‍16-ാം വാര്‍ഡിവും ഹിന്ദുഐക്യവേദി ജില്ലാസമിതി അംഗം വി. കേശവന്‍ നമ്പൂതിരി ഏഴാം വാര്‍ഡിലും ജനവിധി തേടുന്നു. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ പല വാര്‍ഡുകളിലും ബിജെപി രണ്ടാംസ്ഥാനത്തെത്തിയിരുന്നു. ഇത്തവണ അത്തോളി പഞ്ചായത്തില്‍ ബിജെപി നിര്‍ണ്ണായക ശക്തിയായി മാറുമെന്നതില്‍ സംശയമില്ല. മറ്റ് വാര്‍ഡുകളായ ഒന്നാംവാര്‍ഡില്‍ ധന്യപ്രഗേഷ്, 2- കുമാരന്‍ മാസ്റ്റര്‍, 3- ബിന്ദുമനോജ്, 4- അജിതപൊയിലില്‍, 5-പ്രിയാരാജീവന്‍, 6-സുമതി സുരേഷ്, 10-ശകുന്തള വി.എം, 11- പ്രശാന്തന്‍ വെളുത്തേടത്ത്, 12-ഷീന.കെ, 14-പത്മഗിരീഷ്, 15-മൈഥിലി, 17-ലില്ലി മണക്കാട് എന്നിവരാണ് ജനവിധി തേടുന്നത്. സിജു പി.കെ., വിനോദ് കെ.പി ബ്ലോക്ക് പഞ്ചായത്തിലേക്കും പി.സിദ്ധാര്‍ത്ഥന്‍ ജില്ലാപഞ്ചായത്തിലേക്കും മത്സരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.