പനയം പഞ്ചായത്തില്‍ ബിജെപിയുടെ തേരോട്ടം

Saturday 31 October 2015 11:01 am IST

ആര്‍.ടി. ശ്യാം കുണ്ടറ: പനയത്ത് ഭരണം പിടിക്കാന്‍ ബിജെപി ഒരുങ്ങുന്നു. നിലവില്‍ ഒരു സീറ്റ് മാത്രമുള്ള ബിജെപി പത്തു സീറ്റുകളിലധികം വിജയിച്ച് കേവലഭൂരിപക്ഷം നേടാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ തവണ വിജയിച്ച റെയില്‍വേസ്റ്റേഷന്‍ വാര്‍ഡിലെ വികസനപ്രവര്‍ത്തനങ്ങള്‍ ബിജെപിക്ക് സമീപവാര്‍ഡുകളില്‍ ഗുണംചെയ്യുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം. കോവില്‍മുക്കും ഗുരുകുലവും റെയില്‍വേസ്റ്റേഷനും വാര്‍ഡുകളില്‍ വിജയമുറപ്പിക്കുന്ന രീതിയിലാണ് നിലവിലെ പ്രവര്‍ത്തനം. ഈ മൂന്ന് വാര്‍ഡുകളിലും നൂറിലധികം പേരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തതും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് പ്രചരണത്തില്‍ മുന്നിലെത്താന്‍ സാധിച്ചതും വിജയപ്രതീക്ഷ സൂചിപ്പിക്കുന്നു. ഗൃഹസമ്പര്‍ക്കത്തിലും വോട്ട് ഉറപ്പിക്കുന്നതിലും ഈ വാര്‍ഡുകളില്‍ ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്. ബിജെപി പ്രവര്‍ത്തകര്‍ കൂടുതലുള്ളതും സ്വാധീനം ചെലുത്താന്‍ സാധിക്കുന്നതുമായ പനയം, ചാറുകാട്, ചെമ്മക്കാട്, ചാത്തിനാംകുളം വാര്‍ഡുകളില്‍ പാര്‍ട്ടിക്ക് ജനപിന്തുണ വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് വോട്ടായാല്‍ ഈ വാര്‍ഡുകളിലും ബിജെപി ഒന്നാമത്തെത്തും. വലിയ പ്രതീക്ഷ നല്‍കി സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം നടത്തി പ്രവര്‍ത്തനം ആരംഭിച്ച അമ്പഴവയലിലും ചോനംചിറയിലും അട്ടിമറി നടന്നില്ലെങ്കില്‍ വിജയം ബിജെപിക്ക് ഒപ്പം നില്‍ക്കും. പെരുമണ്‍1, 2, പിഎച്ച്‌സി ചിറ്റയം, താന്നിക്കമുക്ക് എന്നിവടങ്ങളില്‍ ത്രികോണ മത്സരത്തിന് കളമൊരുക്കികൊണ്ടാണ് ബിജെപിയുടെ പ്രചരണം. പാര്‍ട്ടിക്ക് അധികം പ്രവര്‍ത്തകര്‍ ഇല്ലാത്ത പാമ്പാലിലും കണ്ടച്ചിറയിലും ജനപിന്തുണ ഇക്കുറി കൂടുതലായി ലഭിക്കുന്നുണ്ട്. പതിനാറ് വാര്‍ഡുകളിലേക്ക് നടക്കുന്ന മത്സരത്തില്‍ പകുതിയോളം വാര്‍ഡുകളില്‍ വന്‍ശക്തിയാണ് ബിജെപിക്കുള്ളത്. മുതിര്‍ന്ന നേതാക്കളടൊപ്പം യുവനിരയാണ് പ്രചരണ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ചിട്ടയായ പ്രവര്‍ത്തനവും ഇടപെടലും ജനങ്ങളിലേക്ക് എത്താനുള്ള എളുപ്പമാര്‍ഗമായി. നിലവില്‍ ഇടതുപക്ഷം നടത്തിയിട്ടുള്ള അഴിമതികള്‍ ജനങ്ങളുടെ മുന്നിലെടുത്ത് കാട്ടാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചകളും റിബല്‍ സ്ഥാനാര്‍ത്ഥികളുടെ തള്ളിക്കയറ്റവും ആര്‍എസ്പിപോരും യുഡിഎഫിന്റെ പ്രവര്‍ത്തനത്തെ പഞ്ചായത്തില്‍ കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പഞ്ചായത്തുകളിലൊന്നാണ് പനയം. എന്നാല്‍ കഴിഞ്ഞ ഭരണസമിതി ഈ പദ്ധതിയില്‍ വീഴ്ച വരുത്താന്‍ ശ്രമിച്ചതും പട്ടികജാതി വികസന ഫണ്ട് വകമാറ്റി ചെലവഴിച്ചതും പ്രധാന പ്രചാരണവിഷയമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.