കാനായി ഓര്‍ക്കുന്നു, അവരെന്നെ ഇടിച്ചു വീഴ്ത്തി!

Saturday 31 October 2015 5:58 pm IST

ജന്മഭൂമി 11.10.2015 ലെ വാരാദ്യത്തില്‍ മലമ്പുഴ ഡാമിന്റെ 60-ാം വര്‍ഷം ഉദ്യാനം, യക്ഷി എന്നിവയെക്കുറിച്ചു വന്ന ലേഖനം വായിച്ചു. ലേഖകനും ജന്മഭൂമിക്കും അഭിനന്ദനങ്ങള്‍. യക്ഷിയെക്കുറിച്ചുള്ള പരാമര്‍ശം ഓര്‍മകള്‍ നാലരപതിറ്റാണ്ടിനു പിന്നിലേക്കു പോയി. 1968 ല്‍ വലിയ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന മലമ്പുഴയില്‍ യക്ഷിയുടെ നിര്‍മാണത്തിനു എത്തിയപ്പോഴുണ്ടായ അനുഭവങ്ങള്‍ ഏറെയാണ്. സംസ്‌കാര സമ്പന്നരും സൗമ്യരും ആയിരുന്നു പാലക്കാട്ടുകാരെങ്കിലും സദാചാര കാപട്യവും കപടതയുടെ മുഖംമൂടിയണിഞ്ഞവരും അവിടെയുണ്ടായിരുന്നു. അന്നത്തെ ജോണി എന്ന എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, എന്റെയൊപ്പം പണിയെടുത്ത പന്ത്രണ്ടോളം തൊഴിലാളികള്‍ എന്നിവരെ ഒരിക്കലും മറക്കാന്‍ കഴിയില്ല. പൊതുസ്ഥലത്ത് കേരളത്തിലെന്നല്ല, ഭാരതത്തില്‍ത്തന്നെ ആദ്യമായാണ് ശില്‍പം ഉണ്ടാക്കിയത്. സമൂഹം അതു ശ്രദ്ധിച്ചു. പ്രകൃതിയെ ക്ഷേത്രമായാണ് ഞാന്‍ സങ്കല്‍പിക്കുന്നത്. കാടുമൂടിക്കിടന്ന ആ പ്രദേശത്ത് ഇങ്ങനെയൊരു ശില്‍പം ഉണ്ടാക്കിയതിലൂടെ മലമ്പുഴക്ക് ഏറെ പ്രശസ്തിയുണ്ടായിയെന്നത് സംശയമില്ല. സ്‌നേഹത്തിന്റെ ആള്‍ രൂപമായിരുന്നു ജോലിക്കാര്‍. കാനായിയേട്ടന്‍ എന്നാണ് അവര്‍ എന്നെ വിളിച്ചിരുന്നത്. നിര്‍മാണത്തിന് ഒരു ആവേശം തന്നെയായിരുന്നുവെന്നതില്‍ സംശയമില്ല. പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികള്‍. മാസങ്ങള്‍ നീണ്ടുനിന്ന നിര്‍മാണത്തിനുശേഷം തിരിച്ചുവരുമ്പോള്‍ അവര്‍ക്കേറെ വിഷമമായിരുന്നു. എന്നാല്‍ ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതും ഞാന്‍ ഓര്‍മ്മിക്കുകയാണ്. ഒരിക്കല്‍ ഞാനും സുഹൃത്തുക്കളായ അപ്പുക്കുട്ടന്‍, ജാതവേദന്‍ നമ്പൂതിരി എന്നിവര്‍ രാത്രി ടൗണില്‍ പോയി തിരിച്ചുവരുമ്പോള്‍ ഒരു കൂട്ടം നാട്ടുകാര്‍ എന്നെ തടഞ്ഞു നിര്‍ത്തി എടാ കാനായി തന്റെ തല വെട്ടുമെന്നും കൈകാലുകള്‍ മുറിക്കുമെന്നും യക്ഷിനിര്‍മാണം നിര്‍ത്തിവെച്ച് സ്ഥലം വിടണമെന്നും ഭീഷണിപ്പെടുത്തി. മാത്രമല്ല അവര്‍ എന്നെ ഇടിച്ചു താഴത്തിടുകയും ചെയ്തു. ഞാന്‍ ഒന്നും മിണ്ടിയില്ല. ഈ വിവരം ഹോസ്റ്റലിലുണ്ടായിരുന്ന അപ്പു എന്ന വാച്ച്മാനോട് സൂചിപ്പിച്ചപ്പോള്‍ പ്രശ്‌നമാക്കേണ്ട മൗനം പാലിക്കുകയാണ് നല്ലതെന്നു പറഞ്ഞു. പിന്നീട് എന്റെ ദൗത്യം പൂര്‍ത്തീകരിക്കുകയാണുണ്ടായത്. മലമകളായാണ് ഞാന്‍ യക്ഷിയെ ചിത്രീകരിച്ചത്. പശ്ചിമഘട്ട താഴ്‌വരയിലെ മലമ്പുഴക്ക് ചുറ്റുമുള്ള മരക്കൂട്ടങ്ങള്‍ യക്ഷി നിര്‍മാണത്തിന് എനിക്ക് ആവേശം പകര്‍ന്നിരുന്നു. നാലര പതിറ്റാണ്ടിനുശേഷവും എന്റെ സൃഷ്ടി മലകളെ നോക്കി പുളകം കൊള്ളുകയാണ്. അതില്‍ ഇന്നും ചാരിതാര്‍ത്ഥ്യമുണ്ട്. യക്ഷിയുടെ പ്രതിമ സ്ഥാപിക്കുന്ന സ്ഥലത്ത് ഏമൂര്‍ ഭഗവതിയുടെ പ്രതിഷ്ഠയുണ്ടായിരുന്നു. നാട്ടുകാര്‍ അവിടെ ആരാധനാസ്ഥലമായി ഉപയോഗിച്ചിരുന്നു. ഇതറിഞ്ഞപ്പോള്‍ ജ്യോത്സ്യരെ വിളിച്ചുവരുത്തി പ്രശ്‌നം വച്ച് ഏമൂരമ്മയെ മറ്റൊരു സ്ഥലത്ത് കുടിയിരുത്തുകയായിരുന്നു. പ്രായശ്ചിത്തമായി ക്ഷേത്രവും പണിതു. അന്ന് പത്രങ്ങളും ലേഖകരായ കെ. പി. മോഹനന്‍, ജോയ് ശാസ്താം പടിക്കല്‍ എന്നിവര്‍ നല്‍കിയ സഹകരണങ്ങളും സഹായങ്ങളും ഓര്‍ക്കുന്നു. ചില ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുനിന്നും അഹിതമായ സംഭവങ്ങള്‍ ഉണ്ടായതും ഓര്‍ക്കുകയാണ്. സംസ്‌കാര സമ്പന്നമായ കേരളം പോലുള്ള നാട്ടില്‍നിന്നും ഇത്തരത്തിലുള്ള സംഭവം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. കഴിയുമെങ്കില്‍ ഒരിക്കല്‍കൂടി അവിടെയെത്തണമെന്നുണ്ട്. കാലത്തിന്റെ മാറ്റം പ്രതിമയിലും വരുത്താന്‍ ആഗ്രഹമുണ്ട്. അക്കാലത്ത് ടൂറിസം എന്ന വകുപ്പുപോലുമുണ്ടായിരുന്നില്ല. എന്തായാലും ടൂറിസത്തിനും ഇതിലൂടെ നേട്ടമുണ്ടായി. അതിനുശേഷവും ഇത്തരമൊരു ശില്‍പം എവിടെയുണ്ടായിട്ടില്ലെന്നു തോന്നുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.