നെല്ല് സംഭരണം; കര്‍ഷകരെ ചൂഷണം ചെയ്യുന്നു

Saturday 31 October 2015 9:35 pm IST

കുട്ടനാട്/അമ്പലപ്പുഴ: നെല്ല് സംഭരണത്തില്‍ മില്ലുകാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നതായി പരാതി. ഉണക്കി നല്‍കിയിട്ടും തൂക്കത്തില്‍ കിഴിവു ചെയ്യുന്നതായാണ് കര്‍ഷകര്‍ പരാതിപ്പെടുന്നത്. കര്‍ഷകര്‍ക്കു വന്‍നഷ്ടമാണ് ഇതുമൂലമുണ്ടാകുന്നത്. മഴയില്‍ നനഞ്ഞ നെല്ല് വെയിലത്ത് ഉണക്കി പതിരു പിടിച്ചു കൊടുത്തിട്ടും 100 കിലോ നെല്ലിന് ആറും ഏഴും കിലോ വീതം തൂക്കത്തില്‍ കുറയ്ക്കുന്നതായി കര്‍ഷകര്‍ പറഞ്ഞു. കൈനകരി, നെടുമുടി, ചമ്പക്കുളം ഭാഗത്തെ പാടശേഖരങ്ങളിലാണ് ഈ വിധത്തില്‍ കിഴിവ് എടുക്കുന്നത്. എന്നാല്‍, പുറക്കാട്, അമ്പലപ്പുഴ, തകഴി പ്രദേശങ്ങളിലെ കര്‍ഷകരില്‍നിന്ന് 12 മുതല്‍ 15 കിലോ നെല്ല് അധികം ചോദിക്കുന്നതായും പരാതിയുണ്ട്. നനവും മാലിന്യവും അനുവദിക്കപ്പെട്ടിട്ടുള്ളതിനേക്കാള്‍ അധികമായതിനാല്‍ നെല്ല് സംഭരിക്കാന്‍ കഴിയില്ലെന്നാണു സപ്‌ളൈക്കോയ്ക്ക് വേണ്ടി നെല്ലെടുക്കുന്ന മില്ലുകാരുടെ നിലപാട്. അപ്രതീക്ഷിതമായി സംഭവിച്ച മഴയില്‍ നെല്ല് നനഞ്ഞെങ്കിലും പരമാവധി ഉണക്കിയും മാലിന്യം നീക്കിയും നല്‍കാന്‍ കര്‍ഷകര്‍ തയാറാകുന്നുണ്ടെങ്കിലും തൂക്കത്തില്‍ കിഴിവു ചെയ്യാതെ സംഭരിക്കാന്‍ മില്ലുടമകള്‍ തയാറല്ല. മഴ കാരണം ഒരു ഏക്കറിലെ നെല്ല് കൊയ്യാന്‍ മൂന്ന് മണിക്കൂര്‍ കൊയ്ത്തു യന്ത്രം പ്രവര്‍ത്തിപ്പിക്കേണ്ടി വരുന്നു. ഇതും കര്‍ഷകര്‍ക്ക് ഇരട്ടി നഷ്ടമാണ് ഉണ്ടാക്കുന്നത്. സാധാരണ ഒരേക്കര്‍ കൊയ്യാന്‍ പരമാവധി വേണ്ടി വരികയുള്ളു. കടുത്ത സാമ്പത്തിക വിഷമതകള്‍ നേരിട്ടാണു നെല്ല് വിളയിച്ചെടുത്തത്. കൊയ്ത്തു പാകമായപ്പോള്‍ മഴ വരുത്തിവച്ച പ്രശ്‌നങ്ങളുടെ പേരില്‍ തൂക്കത്തില്‍ കിഴിവ് എടുക്കുന്നത് അവസാനിപ്പിക്കുന്നതിനും കിഴിവ് എടുത്തതിന്റെ വില കണക്കാക്കി തിരികെ നല്‍കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. അതേസമയം, നനവും മാലിന്യവും അടങ്ങിയ നെല്ല് യാതൊരു കാരണവശാലും സംഭരിക്കരുതെന്നാണു സപ്ലൈകോ അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ളതെന്നു മില്ലുടമകള്‍ പറയുന്നു. അമ്പലപ്പുഴയില്‍ പാടശേഖര നടത്തിപ്പുകാരായ ബിജെപിക്കാര്‍ കൊയ്‌തെടുത്ത നെല്ല് എടുക്കാതെ ഏജന്റും ഉദ്യോഗസ്ഥരും ഒത്തുകളിക്കുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാട്ടുകോണം, അറുനൂറാംപാടം എന്നിവിടങ്ങളിലെ നെല്ല് എടുക്കാതെയാണ് ഉദ്യോഗസ്ഥരും ഏജന്റും ഒത്തുകളിക്കുന്നത്. നിലവില്‍ കാട്ടുകോണം പാടത്തിന്റെ പ്രസിഡന്റായ സി. പ്രദീപ് ബിജെപി നേ താവും പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ സ്ഥാനാ ര്‍ത്ഥിയുമാണ്. അറുനൂറാം പാടത്തിന്റെ സെക്രട്ടറി ഡി. പ്രദീപ് അമ്പലപ്പുഴ ബ്ലോക്ക് കക്കാഴം ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയാണ്. ഇരുമുന്നണികള്‍ക്കും ഇവരുടെ സ്ഥാ നാര്‍ത്ഥിത്വം ഒരുപോലെ ഭീഷണിയായതാണ് എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികളും ഉദ്യോഗസ്ഥരും നെല്ല് എജന്റുമായി ഒത്തുകളിച്ച് നെല്ലെടുക്കാതിക്കാന്‍ കാരണമായത്. ബിജെപിക്കെതിരെ കര്‍ഷകരെ തിരിച്ചുവിടാനും നീക്കം നടക്കുന്നതായി കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി അനില്‍കുമാര്‍ ആരോപിച്ചു. മറ്റ് പാടശേഖരങ്ങളിലെ നെല്ല് സപ്ലൈകോ നേരിട്ട് സംഭരിക്കുമ്പോള്‍ ഇവിടെ മാത്രം കര്‍ഷകരുടെ നെല്ലെടുക്കാന്‍ വിമുഖത കാണിക്കുന്നു. രണ്ടു പാടങ്ങളിലുമായി 195ഓളം കര്‍ഷകര്‍ ഏക്കറിന് 30,000 രൂപ വീതം മുടക്കി കൃഷിയിറക്കി വിളയിച്ചെടുത്ത നെല്ലാണ് ഇത്തരത്തില്‍ പാടശേഖരങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്നത്. യഥാസമയം നെല്ലെടുക്കാത്ത പക്ഷം കര്‍ഷകര്‍ ശക്തമായി പ്രതികരിക്കേണ്ടിവരുമെന്നാണ് പറയുന്നത്. എന്നാല്‍ ഇത്രയും സംഭവമുണ്ടായിട്ടും കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കാന്‍ തയ്യാറായില്ലെന്നതില്‍ ആക്ഷേപം ശക്തമാകുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.