കനത്തമഴ; മലയോരം വെള്ളത്തില്‍ മുങ്ങി

Saturday 31 October 2015 11:17 pm IST

വിളവൂര്‍ക്കലില്‍ അമ്പലത്തിന്‍കട ഓമനയുടെ വീട് തണല്‍ മരം വീണ് തകര്‍ന്നപ്പോള്‍

വിളപ്പില്‍ശാല: കനത്തമഴയില്‍ മലയോരഗ്രാമങ്ങള്‍ പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി. ഒട്ടേറെവീടുകള്‍ തകര്‍ന്നു. കൃഷിഭൂമികള്‍ മഴ വിഴുങ്ങിയതോടെ ഈ മേഖലയില്‍ വ്യാപകകൃഷിനാശമാണ് സംഭവിച്ചത്. വെള്ളം താഴ്ന്നാലെ കൃഷിനാശത്തിന്റെ യഥാര്‍ത്ഥചിത്രം വ്യക്തമാവുകയുള്ളു. പത്തോളം വീടുകള്‍ പൂര്‍ണ്ണമായും നിരവധിവീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. കാട്ടാക്കട താലൂക്കിലാണ് കഴിഞ്ഞദിവസം മഴയുടെ സംഹാരതാണ്ഡവം അരങ്ങേറിയത്.
താലൂക്കിലെ ആറു പഞ്ചായത്തുകളും ഇപ്പോഴും വെള്ളപൊക്ക ഭീഷണിയിലാണ്. വിളപ്പില്‍ പഞ്ചായത്തില്‍ മാത്രം പത്തു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു. ചെറുകോട് വാര്‍ഡിലാണ് ഏറ്റവും അധികം നാശനഷ്ടങ്ങള്‍ ഉണ്ടായത്. ചെറുകോട് പ്രസാദ് ഭവനില്‍ തങ്കപ്പന്‍ കാണിയുടെ വീട് വെള്ളപൊക്കത്തില്‍ തകര്‍ന്നു. ഈ വീട്ടിലെ ഉപകരണങ്ങള്‍ മഴവെള്ള പാച്ചിലില്‍ ഒലിച്ചുപോയി. ഇവര്‍ വളര്‍ത്തിയിരുന്ന 20 ഗിനിപ്പന്നികള്‍ വെള്ളത്തില്‍ മുങ്ങിചത്തു.
നിലമേല്‍ കോളനി ജോണ്‍സന്റെ വീടിന്റെ അടുക്കള തകര്‍ന്നു. വീടിന്റെ ചുമരുകള്‍ക്കും വിള്ളലുണ്ട്. ചെറുകോട് സരോജിനിയുടെ വീടിന്റെ ചുറ്റുമതില്‍ നിലംപതിച്ചു. കട്ടയ്‌ക്കോട് കടുവാകുഴി വിജി ഭവനില്‍ മോഹനന്‍, നിലമേല്‍ സുദീര്‍ മന്‍സിലില്‍ ഷാജഹാന്‍, ഇടമല പേര്‍ളി നിവാസില്‍ പി. കെ വിജയമ്മ, പുറ്റുമ്മേല്‍കോണം കുശവൂര്‍ റസീലകുമാരി എന്നിവരുടെ വീടുകളും കനത്ത മഴയില്‍ തകര്‍ന്നു. മുളയറയില്‍ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇവിടെ ചില വീടുകളും അപകട ഭീതിയിലാണ്. മുളയറ ആല്‍ബര്‍ട്ടിന്റെ പുരയിടത്തില്‍ നിന്ന് തെങ്ങ് കടപുഴകി വൈദ്യുത ലൈനില്‍ പതിച്ചു.
വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ പാപ്പനംകോട് റോഡരികില്‍നിന്ന വന്‍മരം കടപുഴകി സമീപത്തെ അമ്പലത്തി ന്‍കട വീട്ടില്‍ ഓമനയുടെ വീടിനു മുകളില്‍ പതിച്ച് വീട് പൂര്‍ണമായി തകര്‍ന്നു. മലയം ശിവക്ഷേത്രത്തിനു സമീപം മനോജിന്റെ വീടിന്റെ ഉള്‍ഭാഗം മണ്ണിടിഞ്ഞുതാഴ്ന്നു. കെടുതി വിലയിരുത്താനും നഷ്ടങ്ങള്‍ തിട്ടപ്പെടുത്താനും റവന്യൂഅധികൃതര്‍ എത്തിയിട്ടില്ലെന്ന് നട്ടുകാര്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥര്‍ പോയിരിക്കുന്നതിനാല്‍ നാശനഷ്ടങ്ങള്‍ വിലയിരുത്താ ന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.