ബാര്‍ കോഴ: കൂടുതല്‍ കാര്യങ്ങള്‍ തനിയ്ക്കറിയാമെന്ന് എലഗന്‍സ് ബിനോയ്

Sunday 1 November 2015 2:53 pm IST

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ തനിയ്ക്കറിയാമെന്നും ഉടന്‍ തുറന്നു പറയുമെന്നും ബാറുടമ എലഗന്‍സ് ബിനോയ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിനോയ് ഇക്കാര്യം വ്യക്തമാക്കിയത്. പലതും നഷ്ടപ്പെടുത്തി സത്യം തെളിയിക്കാനും പ്രതികരിക്കാനും താനും തയാറാണ്. എന്നോടൊപ്പം നിങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. രാഷ്ട്രീയ മുതലെടുപ്പിനും സ്വന്തം കീശ വീര്‍പ്പിക്കാനും എന്ത് കൊള്ളരുതായ്മയും എത്ര അഴിമതിയും ചെയ്യുന്നവരാണ് ഇപ്പോഴത്തെ ഭൂരിഭാഗം നേതാക്കന്മാര്‍. ഇങ്ങനെ ഉള്ളവരാണോ നാട് ഭരിക്കേണ്ടത്. പാവപ്പെട്ടവന്റെയും സാധാരണക്കാരിന്റെയും ജീവിതം കഷ്ടത്തിലാണ്. വ്യവസായികളുടെ അവസ്ഥയും മോശമാണ്. എന്ത് വ്യവസായമാണ് വിശ്വസിച്ച് ചെയ്യാന്‍ പറ്റുന്നത്. ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കപ്പെടുന്നു. നിത്യച്ചെലവിന് ബാങ്ക് ലോണിനെയോ പലിശക്കാരനെയോ ആശ്രയിക്കേണ്ട അവസ്ഥയിണിപ്പോള്‍. ഇതിനെയാണോ വികസനം എന്ന് പറയുന്നത്? സ്വന്തം നാട്ടില്‍ ജീവിക്കാന്‍ നിങ്ങളെപ്പോലെ ഞാനും ആഗ്രഹിക്കുന്നെന്ന് പറഞ്ഞാണ് ബിനോയ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് എലഗന്‍സ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ഉടമയായ ബിനോയിക്കെതിരെയും അന്വേഷണം നടന്നിരുന്നതാണ്. പ്രത്യേകിച്ചും മന്ത്രി കെബാബുവിനെതിരായ കോഴ ആരോപണവുമായി ബന്ധപ്പെട്ട്. കോഴ കൊടുക്കാന്‍ ബാറുടമകള്‍ പിരിച്ച പണത്തിന്റെ കണക്ക് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതും ബിനോയിയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.