നിരോധിത പാന്‍മസാലകളും പുകയില ഉല്‍പ്പന്നങ്ങളും വിപണിയില്‍ സുലഭം

Sunday 1 November 2015 7:51 pm IST

കണ്ണൂര്‍: സംസ്ഥാനത്ത് നിരോധിത പാന്‍മസാലകളും പുകയില ഉല്‍പ്പന്നങ്ങളും, കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളും വിപണിയില്‍ സുലഭം. 2012 മെയ് 22 മുതലാണ് കേരളത്തില്‍ പാന്‍മസാലകള്‍ നിരോധിച്ചുകൊണ്ട് ഫുഡ് സേഫ്റ്റി കമ്മീഷന്റെ ഉത്തരവ് വന്നത്. ഉത്തരവ് നിലനില്‍ക്കെ ഏതു പെട്ടിക്കടകളിലും പാന്‍മസാലകള്‍ ഇന്നും ലഭിക്കുന്നുണ്ട്. കേരളത്തിനോട് അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നുമാണ് നിരോധിത പാന്‍മസാലകളും കഞ്ചാവും കേരളത്തിലേക്ക് എത്തുന്നത്. പാന്‍മസാലകളുടെയും മയക്കുമരുന്നിന്റെയും വില്‍പ്പനകളില്‍ ഏര്‍പ്പെടുന്നവര്‍ പലരും പിടിക്കപ്പെടുന്നുണ്ടെങ്കിലും ചെറിയ പിഴകള്‍ അടച്ച് രക്ഷപ്പെടുകയാണ്. ഇവര്‍ക്ക് കടുത്ത ശിക്ഷ കിട്ടാത്തതിനാല്‍ ഇവര്‍ വീണ്ടും ഇത്തരം ജോലികള്‍ തുടരുന്നു. വന്‍ ലാഭം കൊയ്യാമെന്നതും ഇവരെ ഈ ജോലികള്‍ തുടരാന്‍ പ്രേരിപ്പിക്കുന്നു. കഞ്ചാവുമായി പിടിക്കപ്പെടുന്ന പ്രതികള്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. നിരോധിത പുകയില ഉത്പന്നങ്ങളായ ഹാന്‍സ്, മധു, ചൈനി-ഖൈനി, പാന്‍പരാഗ് തുടങ്ങിയവ കേരളത്തില്‍ വില്‍പ്പന നടത്തുന്നത് പായ്ക്കറ്റ് ഒന്നിന് 30 മുതല്‍ 40 രൂപ വരെ വിലക്കാണ്. എന്നാല്‍ ഇതിന് എംആര്‍പി വില 5 രൂപയില്‍ താഴെ മാത്രം. ഒറ്റ പായ്ക്കറ്റില്‍ തന്നെ 35 രൂപയില്‍ അധികമാണ് ലാഭം. ശരാശരി ഒരു കടയില്‍ ഒരുദിവസം 100ല്‍ അധികം പാന്‍മസാല ഉത്പന്നങ്ങള്‍ വിറ്റപോകുമെന്നാണ് ചില വ്യാപാരികള്‍ രഹസ്യമായി സമ്മതിക്കുന്നത്. പിടിക്കപ്പെട്ടാല്‍ രണ്ടായിരമോ മൂവായിരമോ രൂപ പിഴയടക്കേണ്ടിയും വരും. ഒരു ദിവസം ഇത് വിറ്റാല്‍ കിട്ടുന്ന ലാഭത്തിന്റെ അത്രയും പോലും വരുന്നില്ല പിഴസംഖ്യ. വിദ്യാലയ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ല എന്ന നിയമവും പാലിക്കപ്പെടുന്നില്ല. നിരോധിത മേഖലകളില്‍ ഉള്‍പ്പെടെ പുകയില ഉത്പന്നങ്ങളും പാന്‍മസാലകളും വില്‍പ്പന നടത്തിയതിന് 2223 കേസുകള്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ ഇനത്തില്‍ 6.8 ലക്ഷം രൂപ പിഴ ചുമത്തപ്പെട്ടു. പൊതുസ്ഥലങ്ങളില്‍ പുകവലിച്ചതിന് 1.08 ലക്ഷം കേസുകളിലായി 1.94 കോടി രൂപ പിഴയും, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പുകയില-പാന്‍മസാല ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് 486 കേസുകളിലായി 4.2 ലക്ഷം രൂപയും, മുന്നറിയിപ്പുബോര്‍ഡുകള്‍ സ്ഥാപിക്കാത്തതിനും പുകയില ഉല്പന്നങ്ങളുടെ നിരോധിക്കപ്പെട്ട പരസ്യങ്ങള്‍ വെച്ചതിന് 520 കേസുകളിലായി 52500 രൂപയും ഈ വര്‍ഷം പിഴയായി ഈടാക്കിയിട്ടുണ്ട്. പ്രൊഹിബിഷന്‍ ഓഫ് അഡ്‌വര്‍ടൈസ്‌മെന്റ് ആന്റ് റഗുലേഷന്‍ ഓഫ് ട്രേഷ് ആന്റ് കൊമേഴ്‌സ്, പ്രൊഡക്ഷന്‍, സപ്ലെ ആന്റ് ഡിസ്ട്രിബ്യൂഷന്‍ ആക്ട് പ്രകാരം ഈ വര്‍ഷം 1.04 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിഴയായി ലഭിച്ചത് 2.05 കോടി മാത്രമാണ്. പിഴസംഖ്യയുടെ ശരാശരി നോക്കുമ്പോള്‍ 200 രൂപ മാത്രമാണ് ഓരോ കേസിനും ചാര്‍ജ്ജ് ചെയ്യപ്പെട്ടിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.