കാറ്റിലും മഴയിലും മുഹമ്മയില്‍ വ്യാപക നാശനഷ്ടം

Sunday 1 November 2015 9:15 pm IST

മുഹമ്മ: ശക്തമായ കാറ്റിലും മഴയിലും മുഹമ്മയിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. വന്‍മരം കടപുഴകിവീണ് വീട് ഭാഗികമായി തകര്‍ന്നു. വൈദ്യുതിബന്ധം താറുമാറായി. റോഡിനു കുറുകെ വീണ മരം അഗ്നിശമന സേനയെത്തി മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. മുഹമ്മ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചിറയില്‍ കനകന്റെ വീടാണ് തകര്‍ന്നത്. കോവിലകം റിസോര്‍ട്ടിലെ മരം കടപുഴകി വീടിനുമുകളിലേയ്ക്ക് വീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് കാറ്റ് ആഞ്ഞുവീശിയത്.മകളുടെ വിവാഹത്തിന് മുന്നോടിയായി വീട് മോടിപിടിപ്പിച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കായിപ്പുറം ജംഗ്ഷനിലെ തണല്‍മരം കടപുഴകി വീണ് ആലപ്പുഴ-തണ്ണീര്‍മുക്കം റോഡിലെ ഗതാഗതമാണ് തടസപ്പെട്ടു. ചേര്‍ത്തലയില്‍ നിന്നും അഗ്നിശമന സേനയെത്തിയാണ് മരം മുറിച്ച് മാറ്റിയത്.സംസ്‌കൃതം സ്‌കൂളിന് കിഴക്ക് ഭാഗത്തെ കുടിലില്‍കവല, എസ്എന്‍ കവലയ്ക്ക് കിഴക്ക് കുന്നപ്പള്ളിഭാഗം, ലമണ്‍ട്രി റിസോര്‍ട്ടിന് സമീപം, പൊന്നാട് എന്നിവിടങ്ങളിലും മരങ്ങള്‍ ലൈനുകളിലേയ്ക്ക് വീണു വൈദ്യുതി ബന്ധം താറുമാറായി. മുഹമ്മ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പൊട്ടിയ വൈദ്യുതി കമ്പികള്‍ രാത്രിയോടെയാണ് പുനസ്ഥാപിച്ചത്. കാറ്റിലും കോളിലും പെട്ട് വേമ്പനാട്ട് കായലില്‍ വിനോദ സഞ്ചാരികളുമായി പോയ ഹൗസ്‌ബോട്ട് ആടി ഉലഞ്ഞത് പരിഭ്രാന്തിപരത്തി.ഇതേ തുടര്‍ന്ന് ജീവനക്കാര്‍ ബോട്ടുകള്‍ കരയോട് അടിപ്പിച്ച് നങ്കൂരമിട്ടതിനാല്‍ ദുരന്തം ഒഴിവായി.കായല്‍ തീരത്തെ കല്‍ക്കെട്ടിനും മത്‌സ്യ ബന്ധനത്തിനായി വിരിച്ച ചീനവലകള്‍ക്കും നാശം സംഭവിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.