സിപിഎം-ലീഗ് സഖ്യം സാധ്യമായില്ലെങ്കില്‍ പി.വി. അബ്ദുള്‍ വഹാബ് ഇടതുപക്ഷത്ത് ചേക്കേറുമെന്ന് സൂചന

Sunday 1 November 2015 9:21 pm IST

മലപ്പുറം: മുസ്ലീം ലീഗിന് മതേതര പട്ടം ചാര്‍ത്തി എല്‍ഡിഎഫിലേക്ക് കൊണ്ടുവരാനുള്ള പിണറായി വിജയന്റെ രാഷ്ട്രീയ തന്ത്രത്തിന് പിന്നില്‍ വ്യവസായ പ്രമുഖനും ലീഗ് രാജ്യസഭാംഗവുമായ പി.വി.അബ്ദുള്‍ വഹാബ്. സിപിഎം-ലീഗ് സഖ്യം സാധ്യമായില്ലെങ്കില്‍ പി.വി.അബ്ദുള്‍ വഹാബ് ഇടതുപക്ഷത്ത് ചേക്കേറുമെന്ന് വ്യക്തമാകുന്ന വിധത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പിണറായിയും വഹാബും തമ്മിലുള്ള സൗഹൃദം പരസ്യമായ രഹസ്യമാണ്. പിണറായി നിലമ്പൂര്‍ മേഖലയില്‍ എത്തുമ്പോഴെല്ലാം കോടതിപ്പടിയിലുള്ള വഹാബിന്റെ വസതിയിലാണ് ഭക്ഷണവും വിശ്രമവും. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ വയനാട് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ പൊതുസ്വതന്ത്രനായി സിപിഎം അവതരിപ്പിക്കാന്‍ ഒരുങ്ങിയത് വഹാബിനെയായിരുന്നു. എന്നാല്‍ സിപിഐ ആ സീറ്റ് വിട്ടുനല്‍കാന്‍ തയ്യാറാകാത്തതിനാല്‍ അത് നടന്നില്ല. വയനാട് സീറ്റിനുവേണ്ടി ലീഗും ചെറിയ അവകാശവാദം ഉന്നയിച്ചിരുന്നു. പക്ഷേ കിട്ടാന്‍ വേണ്ടിയായിരുന്നില്ല. ആ സീറ്റ് വഹാബിന് വേണ്ടി ചോദിച്ചതാണെന്ന് വഹാബിനെ വിശ്വസിപ്പിക്കാനായിരുന്നു. പിന്നെ വഹാബിന്റെ കണ്ണ് മലപ്പുറം സീറ്റിലായിരുന്നു. എന്നാല്‍ അത് വിട്ടുകൊടുക്കാന്‍ ഇ.അഹമ്മദ് തയ്യാറായില്ല. ഈ സമയത്താണ് സിപിഎം വഹാബിനെ സമീപിക്കുന്നതും വയനാട് സീറ്റ് വാഗ്ദാനം ചെയ്തതും. ജനകീയ സ്വതന്ത്രനായി അവതരിപ്പിക്കുകയായിരുന്നു പിണറായിയുടെ ലക്ഷ്യം. പക്ഷേ അപകടം മണത്തറിഞ്ഞ ഹൈദരലി ശിഹാബ് തങ്ങള്‍ വഹാബിനെ പാണക്കാട്ടേക്ക് വിളിപ്പിച്ച് രഹസ്യമായി രാജ്യസഭാ സീറ്റ് ഉറപ്പാക്കി കൊടുത്തു. ഇവിടെ ബലിയാടായത് കെ.പി.എ.മജീദാണ്. കോടികളുടെ സമ്പാദ്യമുണ്ടെങ്കിലും വഹാബ് ജനപക്ഷത്തുള്ള നേതാവല്ല. എന്നാല്‍ പണപക്ഷത്തുള്ള ആളായതുകൊണ്ട് സിപിഎമ്മിന്റെ നേതാക്കളാണ് വഹാബിന്റെ പ്രധാന ഗുണഭോക്താക്കള്‍. സംസ്ഥാന രാഷ്ട്രീയത്തോടും മന്ത്രിക്കസേരയോടുമുള്ള വഹാബിന്റെ അടങ്ങാത്ത ആഗ്രഹമാണ് പുതിയ രാഷ്ട്രീയ ചര്‍ച്ചകളുടെ ബുദ്ധികേന്ദ്രമായി മാറാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. പക്ഷേ ഇദ്ദേഹത്തെ ദല്‍ഹിയില്‍ തളച്ചിട്ടുകൊണ്ട് സംസ്ഥാനത്ത് കസേര ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ധാരാളം പേര്‍ ലീഗിലുണ്ട്. സിപിഎം ചേരിയില്‍ നിന്നെത്തിയ മഞ്ഞളാംകുഴി അലിക്ക് മന്ത്രി സ്ഥാനം നല്‍കിയതില്‍ വഹാബ് അസംതൃപ്തനായിരുന്നു. ഈ കാര്യത്തില്‍ ലീഗിലെ മറ്റുചില എംഎല്‍എമാര്‍ക്കും പരാതിയുണ്ട്. സമാനചിന്താഗതിക്കാരെ സംഘടിപ്പിച്ച് ഒരു ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ശ്രമവും അബ്ദുള്‍ വഹാബ് തുടങ്ങി കഴിഞ്ഞു. സിപിഎമ്മിനൊപ്പം മുസ്ലീം ലീഗ് കൂടിയില്ലെങ്കില്‍ അസംതൃപ്ത എംഎല്‍എമാരെയും കൊണ്ട് അബ്ദുള്‍ വഹാബ് സിപിഎം പാളയത്തില്‍ ചേക്കേറുമെന്ന കാര്യത്തില്‍ സംശയമില്ല. ലീഗ് ഒപ്പം കൂടിയാലും ഇല്ലെങ്കിലും അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വഹാബ് ആയിരിക്കും. മന്ത്രിസഭയില്‍ പ്രധാനവകുപ്പും പിണറായി വാഗ്ദാനം നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.