കൊച്ചി: മുന്‍ അയര്‍ലന്‍ഡ് താരം ടെറി ഫെലാന് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകന്. സ്ഥാനമൊഴിഞ്ഞ പീറ്റര്‍ ടെയ്ലര്‍ക്കു പകരം ഫെലാനെ മുഖ്യപരിശീലകനാക്കാന് ടീം മാനെജ്മെന്റ് തീരുമാനിച്ചു. നിലവില്‍ ടീമിന്റെ ടെക്നിക്കല്‍ ഡയറക്ടറാണ് ടെറി ഫെലാന്. ഇതോടെ, കഴിഞ്ഞ മത്സരത്തില്‍ ടീമിനെ പരിശീലിപ്പിച്ച ട്രെവര്‍ മോര്ഗന് സഹപരിശീലക സ്ഥാനത്ത് തുടരും. ഏപ്രില്‍ മുതല്‍ ടീമിന്റെ ഗ്രാസ് റൂട്ട് ലെവല്‍ കോച്ച് കൂടിയാണ് നാല്‍പ്പത്തിയെട്ടുകാരനായ ഫെലാന്. ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ സ്കൂളിന്റെ ഭാഗമായി ഒരു വര്‍ഷമായി ഫെലാന് പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതെന്നും ബ്ലാസ്റ്റേഴ്സ് സിഇഒ വിരന്‍ ഡിസില്‍വ.
ഇംഗ്ലീഷ് പ്രീമിര്‍ ലീഗില്‍ നാനൂറിലധികം മത്സരങ്ങള്‍ കളിച്ചു പരിചയമുള്ള ടെറിയുടെ പരിശീലനം ടീമിന് കരുത്തകുമെന്നാണ് കരുതുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, എവര്ട്ടണ് ടീമുകളുടെ ലെഫ്റ്റ് ബാക്കായിരുന്നു ഇദ്ദേഹം. അയര്‍ലന്‍ഡ് അണ്ടര്‍ 21 ടീമിലൂടെ ദേശീയ ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ച ടെറി ഫെലാന് സീനിയര്‍ ടീമിന്റെ പ്രതിരോധനിരയിലെ വിശ്വസ്ത താരമായി. 1994 ലോകകപ്പ് കളിച്ച ഐറിഷ് ടീമില്‍ അംഗമായിരുന്നു. മാഞ്ചസ്റ്ററിലെ ആര്വിക്കില് ഫുട്ബോള്‍ ട്രെയിനിങ് അക്കാദമിയിലെ പരിശീലകനായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് കഴിഞ്ഞ വര്‍ഷം ബ്ലാസ്റ്റേഴ്സിന്റെ ടെക്നിക്കല്‍ ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: