അധോലോക നേതാവ് ഛോട്ടാരാജനെ ഉടന്‍ ഇന്ത്യയിലെത്തിക്കും

Monday 2 November 2015 11:29 am IST

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ബാലിയില്‍ ജയിലില്‍ കഴിയുന്ന അധോലോക നേതാവ് ഛോട്ടാരാജനെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറിയേക്കും. ഇതിനുള്ള നടപടികള്‍ ഇന്ന് തന്നെ തുടങ്ങിയേക്കും.ഇതിനായി സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഇന്നലെ തന്നെ ഇന്തോനേഷ്യയിലെത്തിയിരുന്നു. ബാലിയിലുള്ള സംഘം രാജന്റെ പൂര്‍വ്വകാല ചരിത്രവും രാജനെതിരെയുള്ള കേസുകളുടെ വിശദാംശങ്ങളും വിവിധ കോടതികള്‍ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്റെ രേഖകളും ഇന്തോനേഷ്യന്‍ അധികൃതര്‍ക്ക് കൈമാറും. ദല്‍ഹി, മുംബയ് പോലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.പ്രത്യേക സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാകും രാജനെ ഇന്ത്യയിലെത്തിക്കുക. ഇതിനിടെ ജക്കാര്‍ത്തയിലെ ഇന്ത്യന്‍ കോണ്‍സുലര്‍ സഞ്ജീവ് കുമാര്‍ അഗര്‍വ്വാള്‍ ജയിലിലെത്തി ഛോട്ടാ രാജനെ കണ്ടു. പിടിയിലായതിന് ശേഷം രാജനെ ആദ്യമായാണ് ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ കാണുന്നത്. അരമണിക്കൂറോളം സഞ്ജീവ് കുമാര്‍ രാജനുമായി സംസാരിച്ചു. രണ്ടു ദിവസം മുന്‍പാണ് ഇന്തോനേഷ്യന്‍ പോലീസ് രാജന്‍ കസ്റ്റഡിയിലായ വിവരം ഔദ്യോഗികമായി ഇന്ത്യന്‍ എംബസിയെ അറിയിക്കുന്നത്. എത്രയും പെട്ടെന്ന് രാജനെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറും അന്യോന്യം നിയമസഹായത്തിനുളള ഉടമ്പടിയും തയ്യാറായതായി ഇന്തോനേഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഗുര്‍ജീത് സിംഗ് വ്യക്തമാക്കിയിരുന്നു. അതേസമയം അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തില്‍ നിന്ന് ആക്രമണ സാദ്ധ്യതയുള്ളതിനാല്‍ ഛോട്ടാ രാജന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നത്. നാട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ കര്‍ശന സുരക്ഷയൊരുക്കാന്‍ ഇന്ത്യയില്‍നിന്നുള്ള പ്രത്യേക കമാണ്ടോകളും ബാലിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ഛോട്ടാ രാജന്‍ ബാലി വിമാനത്താവളത്തില്‍ ഇന്തോനേഷ്യന്‍ പൊലീസിന്റെ പിടിയിലായത്. എണ്‍പതോളം കേസുകളാണ് രാജനെതിരെ ഇന്ത്യയിലുള്ളത്, ഇവയില്‍. പകുതിയോളം ടാഡ, പോട്ട, മക്കോക്ക എന്നീ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. മുംബൈയില്‍ 2011 ജൂണില്‍ ജേര്‍ണലിസ്റ്റ് ജെഡേയെ കൊലപ്പെടുത്തിയതാണ് ഛോട്ട രാജന്‍ നടത്തിയ കൊലപാതക പരമ്പരയിലെ ഏറ്റവും അവസാനത്തേത്. ഛോട്ട ഷക്കീലിനു വിവരങ്ങള്‍ ചോര്‍ത്തി നല്കിയെന്ന കാരണത്താലാണ് ക്രൈം റിപ്പോര്‍ട്ടറായ ജെഡേയെ രാജന്റെ ആളുകള്‍ ചെമ്പൂരില്‍വച്ച് വെടിവച്ചു കൊന്നത്. അധോലോക നേതാവ് ഛോട്ടാ രാജനെ വധിക്കുമെന്ന് ചിരവൈരിയായ ഛോട്ട ഷക്കീല്‍ ഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന മുംബൈ പോലീസ് ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. രാജനെ ഇന്ത്യയില്‍ എത്തിച്ചാല്‍ തടവില്‍ പാര്‍പ്പിക്കുക മുംബൈയിലായിരിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെ ചോദ്യം ചെയ്യാനുള്ള സജീകരണങ്ങള്‍ നടത്താനുള്ള ശ്രമവും മുംബൈ പോലീസ് കമ്മീഷണര്‍ അഹമ്മദ് ജാവേദിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.