ബിജെപി - എസ്എന്‍ഡിപി സഖ്യം തകര്‍ക്കാന്‍ അണിയറ നീക്കങ്ങള്‍

Monday 2 November 2015 8:57 pm IST

ചേര്‍ത്തല: ബിജെപി എസ്എന്‍ഡിപി സഖ്യത്തെ തകര്‍ക്കാന്‍ അണിയറയില്‍ നീക്കം, സമ്മതിദായകരുടെ മുന്നില്‍ അപഹാസ്യരായി സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും. ഇടതനു വേണ്ടി വലതനും, കൈപ്പത്തിക്കുവേണ്ടി ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയും വോട്ട് തേടി നടക്കുന്ന രസകരമായ കാഴ്ചയാണ് നഗരസഭയിലും, സമീപത്തുള്ള പഞ്ചായത്തുകളിലും കാണുന്നത്. ചേര്‍ത്തല തെക്കില്‍ ഇടതു മുന്നണിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത എട്ടാം വാര്‍ഡില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്യമായി യുഡിഎഫിന് വോട്ടഭ്യര്‍ത്ഥിച്ചത് വിവാദമായി. ഇതിനെതിരെ വോട്ടര്‍മാര്‍ പ്രതികരിച്ചതോടെ വോട്ട് തേടി ചെന്നവര്‍ ഇളിഭ്യരായി മടങ്ങി. നഗരസഭയിലെ സ്ഥിതിയും മറ്റൊന്നല്ല. ബിജെപി- യുഡിഎഫ് മല്‍സരം ശക്തമായി നടക്കുന്ന 16 ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലും ഇടം നേടിയില്ല. ഇതോടെ സ്ഥാനാര്‍ത്ഥിയും കൂട്ടുകാരും യുഡിഎഫിനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വീട് കയറിയിറങ്ങുകയാണെന്ന് വോട്ടര്‍മാര്‍ പറയുന്നു. വയലാര്‍ പഞ്ചായത്ത് 13 ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനിറങ്ങുന്നത് ബന്ധുകൂടിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യയാണ്. ഇത് സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിതന് വഴിവെച്ചിട്ടുണ്ട്. ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെ നേതൃത്വത്തിലുള്ള പലരും പകല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടിയും രാത്രി യുഡിഎഫിനു വേണ്ടിയും പ്രചരണത്തിനിറങ്ങുന്നുണ്ടെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. ബന്ധുകൂടിയായ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുവാന്‍ വോട്ട് അട്ടിമറിക്കുവാന്‍ നേതാവ് ചരടുവലി നടത്തുന്നുണ്ടെന്നും പരാതിയുണ്ട്. ഇതിനെതിരെ മേല്‍ഘടകത്തിന് പരാതി നല്‍കുവാനൊരുങ്ങുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വയലാറിലുള്‍പ്പെടെ പലസ്ഥലങ്ങളിലും പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. തണ്ണീര്‍മുക്കത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ മുന്നേറ്റത്തില്‍ പകച്ചുനില്‍ക്കുകയാണ് ഇരു മുന്നണികളും. ഇരു മുന്നണികളില്‍ നിന്നും ബിജെപിയിലേക്കുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക് തടഞ്ഞു നിര്‍ത്തുവാനാകാതെ വിഷമിക്കുകയാണ് നേതാക്കള്‍. മൂന്നാം വാര്‍ഡില്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരായ 16 കുടുംബങ്ങളാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്നുറപ്പുള്ള വാര്‍ഡുകളില്‍ ഇരുമുന്നണികളും ചേര്‍ന്ന് വോട്ട് മറിക്കുവാനുള്ള രഹസ്യനീക്കങ്ങള്‍ നടക്കുന്നുണ്ട്. ഇതിനായി ചില സ്ഥലങ്ങളില്‍ യോഗങ്ങള്‍ നടത്തിയതായാണ് രഹസ്യവിവരം. സിപിഎമ്മിന് മേല്‍ക്കയ്യുള്ള സ്ഥലങ്ങളില്‍ മറ്റ് സ്ഥാനാര്‍ത്ഥികളെയും പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുവാന്‍ ശ്രമിക്കുന്നതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസം സമത്വമുന്നണി സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനിറങ്ങിയ ശാഖാ സെക്രട്ടറി പ്രസിഡന്റ് എന്നിവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. 21 ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, നാലാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.ബി. ഷാജി എന്നിവരുടേതടക്കമുള്ള ബിജെപി എസ്എന്‍ഡിപി സഖ്യം സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളും ഫഌക്‌സുകളും നശിപ്പിച്ചിരുന്നു. സഖ്യത്തെ തകര്‍ക്കുവാന്‍ ശത്രുത മറന്ന് സിപിഎമ്മും കോണ്‍ഗ്രസും ഒന്നാകുന്ന കാഴ്ച ചേര്‍ത്തലയിലും പരിസര പ്രദേശങ്ങളിലും കാണുവാന്‍ കഴിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.