ഹസാരെ തരംഗം വീണ്ടും

Monday 12 December 2011 10:50 am IST

ന്യൂദല്‍ഹി: അഴിമതിക്കെതിരെ രാജ്യവ്യാപകമായി വീണ്ടും ഹസാരെ തരംഗമുയരുന്നു. ശക്തമായ ലോക്പാലിനുവേണ്ടിയുള്ള ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുന്ന കേന്ദ്രനടപടികളില്‍ പ്രതിഷേധിച്ച്‌ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ ജന്തര്‍മന്തറില്‍ വീണ്ടും സത്യഗ്രഹമിരുന്നു. നൂറുകണക്കിന്‌ അനുയായികളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. അഴിമതിക്കെതിരെ ശക്തമായ നിയമനിര്‍മാണത്തിന്‌ വേണ്ടിയുള്ള കരട്‌ ലോക്പാല്‍ ബില്ലില്‍ വെള്ളം ചേര്‍ത്ത പാര്‍ലമെന്ററി സ്റ്റാന്റിംഗ്‌ കമ്മറ്റിയുടെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഹസാരെയുടെ ഉപവാസം. വന്ദേമാതരം, 'ഭാരത്‌ മാതാ കി ജയ്‌' വിളികളുടെ പശ്ചാത്തലത്തില്‍ രാവിലെ 10.15 ഓടെയാണ്‌ അദ്ദേഹം സത്യഗഹം തുടങ്ങിയത്‌. ടീം ഹസാരെയിലെ പ്രമുഖ അംഗങ്ങളായ അരവിന്ദ്‌ കേജ്‌രിവാള്‍, മനീഷ്‌ സിസോദിയ, സഞ്ജയ്‌ സിംഗ്‌, കുമാര്‍ വിശ്വാസ്‌ തുടങ്ങിയവരും സത്യഗ്രഹത്തില്‍ പങ്കെടുത്തു. രാജ്ഘട്ടില്‍ അരമണിക്കൂറോളം ധ്യാനത്തിലേര്‍പ്പെട്ടശേഷമാണ്‌ ഹസാരെ ജന്തര്‍മന്തറിലെത്തിയത്‌. ശക്തമായ ലോക്പാലിനുവേണ്ടി ഹസാരെ നടത്തുന്ന മൂന്നാമത്തെ സത്യഗ്രഹമാണിത്‌. കഴിഞ്ഞ ഏപ്രില്‍ 5 മുതല്‍ അഞ്ച്‌ ദിവസവും ആഗസ്റ്റില്‍ 13 ദിവസം രാംലീലാ മൈതാനത്തുമാണ്‌ ഹസാരെ ഇതിന്‌ മുമ്പ്‌ ഉപവസിച്ചത്‌. ആദ്യത്തെ ഉപവാസത്തെത്തുടര്‍ന്നാണ്‌ കരട്‌ ലോക്പാല്‍ ബില്‍ രൂപപ്പെടുത്താന്‍ കേന്ദ്രം സംയുക്ത സമിതി രൂപീകരിച്ചത്‌. താഴെത്തട്ടിലുള്ള ജീവനക്കാരെയും ലോക്പാലിന്‌ കീഴില്‍ കൊണ്ടുവരിക, പൗരാവകാശ രേഖ ഉണ്ടാക്കുക, കേന്ദ്രനിയമത്തിന്‍ കീഴില്‍ ലോകായുക്തകള്‍ സ്ഥാപിക്കുക എന്നിവ ഉന്നയിച്ചായിരുന്നു രാംലീലാ മൈതാനത്തെ പ്രതിഷേധം. എന്നാല്‍ സര്‍ക്കാരും സ്റ്റാന്റിംഗ്‌ കമ്മറ്റിയും ഈ ആവശ്യങ്ങള്‍ നിരാകരിക്കുകയാണ്‌ ചെയ്തത്‌. കരട്‌ ലോക്പാല്‍ ബില്ലിനായുള്ള ശുപാര്‍ശകളില്‍ വെള്ളം ചേര്‍ത്ത പാര്‍ലമെന്ററി സമിതിയുടെ നടപടിക്ക്‌ പിന്നില്‍ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയാണെന്ന്‌ ഹസാരെ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. രാജ്യത്തെ വഞ്ചിച്ച യുപിഎ സര്‍ക്കാരിനെതിരെ അഞ്ച്‌ തെരഞ്ഞെടുപ്പ്‌ സംസ്ഥാനങ്ങളിലും പ്രചാരണം നടത്തുമെന്നും ഇത്‌ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പുവരെ തുടരുമെന്നും കഴിഞ്ഞ ദിവസം അണ്ണാ ഹസാരെ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. പാര്‍ലമെന്റിന്റെ നടപ്പ്‌ ശീതകാല സമ്മേളനത്തില്‍ തന്നെ ശക്തമായ ലോക്പാല്‍ പാസാക്കിയില്ലെങ്കില്‍ ഈമാസം 27 മുതല്‍ രാംലീലാ മൈതാനത്ത്‌ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്‌. പ്രധാനമന്ത്രിയെയും താഴെത്തട്ടിലുള്ള സര്‍ക്കാര്‍ ജീവനക്കാരെയും ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരണമെന്ന ടീം ഹസാരെയുടെ ആവശ്യത്തെ പ്രതിപക്ഷപാര്‍ട്ടികള്‍ പിന്തുണച്ചിട്ടുണ്ട്‌. ഹസാരെയുടെ ഏകദിന സത്യഗ്രഹത്തിനിടെ ജന്തര്‍മന്തറില്‍ സംഘടിപ്പിച്ച പൊതുചര്‍ച്ചയിലാണ്‌ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ തങ്ങളുടെ നിലപാട്‌ വ്യക്തമാക്കിയത്‌. ബിജെപി, സിപിഎം, സിപിഐ, ജനതാദള്‍ (യു), അകാലിദള്‍, ടിഡിപി, ബിജെഡി തുടങ്ങിയ കക്ഷികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കോണ്‍ഗ്രസിന്റെ പ്രതിനിധി എത്തിയില്ല. എന്നാല്‍ തങ്ങളുടെ നിലപാടുകളോട്‌ വിയോജിക്കുന്നവരെ അഴിമതിക്കാരായി മുദ്രകുത്തുന്ന ടീം ഹസാരെയുടെ നടപടിക്കെതിരെ സിപിഐ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍ മുന്നറിയിപ്പ്‌ നല്‍കി. മറ്റുള്ളവരെയും കേള്‍ക്കാന്‍ തയ്യാറാകണമെന്ന്‌ അദ്ദേഹം അഴിമതിവിരുദ്ധ പ്രവര്‍ത്തകരോട്‌ ആവശ്യപ്പെട്ടു. ശക്തമായ ലോക്പാല്‍ ബില്‍ വേണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ലെന്ന്‌ ബിജെപി നേതാവ്‌ അരുണ്‍ ജെറ്റ്ലി വ്യക്തമാക്കി. സര്‍ക്കാരിലുള്ള എല്ലാവരും ലോക്പാലിന്‌ കീഴില്‍ വരണം. പ്രധാനമന്ത്രിയെ ഒഴിവാക്കിയതിനെ എതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. സിബിഐയെ സര്‍ക്കാരിന്റെ കൈകളില്‍നിന്ന്‌ മോചിപ്പിക്കണം. എക്കാലത്തും സര്‍ക്കാരിന്റെ ദുരുപയോഗത്തിന്‌ ഇരയാകേണ്ടിവരുന്ന അന്വേഷണ ഏജന്‍സിയാണ്‌ സിബിഐ. സിബിഐ ഡയറക്ടര്‍ സര്‍ക്കാരിന്‌ കീഴില്‍ വരാന്‍ പാടില്ലെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ജുഡീഷ്യറി ലോക്പാലിന്‌ കീഴില്‍ വരേണ്ട കാര്യമില്ല. ഒരു ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ അനിവര്യമാണെന്നും ജെറ്റ്ലി പറഞ്ഞു. രാജ്യത്തെ കൊള്ളയടിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെയും ലോക്പാലിന്‌ കീഴില്‍ കൊണ്ടുവരണമെന്ന്‌ സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം വൃന്ദാ കാരാട്ട്‌ അഭിപ്രായപ്പെട്ടു. ലോക്പാലിന്‌ കീഴില്‍ പ്രധാനമന്ത്രിയെയും ഓംബുഡ്സ്മാന്റെ പരിധിയില്‍ എംപിമാരെയും കൊണ്ടുവരണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. പാര്‍ലമെന്റില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ലോക്പാലിനെക്കുറിച്ചുള്ള ചര്‍ച്ചക്ക്‌ മറുപടി പറയവെ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി അവതരിപ്പിച്ച 'സഭയുടെ വികാര'ത്തില്‍നിന്ന്‌ ഒരക്ഷരം പോലും ഒഴിവാക്കാന്‍ അനുവദിക്കില്ലെന്ന്‌ അണ്ണാ ഹസാരെയെ ശക്തമായി പിന്തുണച്ചുകൊണ്ട്‌ ജനതാദള്‍ (യു) അധ്യക്ഷന്‍ ശരത്‌ യാദവ്‌ വ്യക്തമാക്കി. സിബിഐയുടെ 'രാഷ്ട്രീയ ഉപയോഗം' ഏറെ അപകടകരമാണ്‌. സ്വയംഭരണാധികാരവും സ്വതന്ത്രവുമായ സിബിഐ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഴിമതിക്കെതിരെ അണ്ണാ ഹസാരെയുടെ മൂന്നാം സത്യഗ്രഹംകൂടി പിന്നിട്ടതോടെ ശക്തമായ ലോക്പാലിനു വേണ്ടിയുള്ള പ്രക്ഷോഭം വീണ്ടും കരുത്താര്‍ജിച്ചിരിക്കയാണ്‌. ഹസാരെയുടെ ആവശ്യത്തിന്‌ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍കൂടി ആവര്‍ത്തിച്ച്‌ പിന്തുണ പ്രഖ്യാപിച്ചതോടെ വരും നാളുകളില്‍ പാര്‍ലമെന്റിനകത്തും പുറത്തും അഴിമതിവിരുദ്ധ പ്രക്ഷോഭപരിപാടികള്‍ ശക്തിപ്പെടുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.