വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കി;യന്ത്രത്തിന് ശബ്ദമില്ല: 173 വോട്ട് ചെയ്ത ശേഷം യന്ത്രം മാറ്റി

Monday 2 November 2015 10:11 pm IST

കാസര്‍കോട്: ത്രിതല പഞ്ചായത്തുകളിലേക്ക് ഇലക്‌ട്രോണിക് മള്‍ട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് നടത്തിയ ആദ്യ വോട്ടെടുപ്പില്‍ ചിലയിടങ്ങളില്‍ യന്ത്രം പണിമുടക്കിയത് വോട്ടെടുപ്പ് വൈകാന്‍ കാരണമായി. കാഞ്ഞങ്ങാട് നഗരസഭ 20ാം വാര്‍ഡിലെ അരയി ഗവ. യു.പി സ്‌കൂള്‍ പോളിങ്ങ് ബൂത്തിലെ യന്ത്രത്തില്‍ നിന്ന് ബീപ് ശബ്ദം വരാത്തത് പരാതിക്കിടവരുത്തി. ഒടുവില്‍ യന്ത്രം മാറ്റി. 173 വോട്ട് പോള്‍ ചെയ്ത ശേഷമാണ് ബീപ് ശബ്ദം ഇല്ലാത്തത് ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചത്. ഒരു മണിക്കൂറിന് ശേഷം പുതിയ മെഷിന്‍ കൊണ്ടുവന്ന് പുനസ്ഥാപിച്ചതിന് ശേഷമാണ് വോട്ടിങ് പ്രക്രിയ പുനരാരംഭിച്ചത്. ബീപ് ശബ്ദം കേള്‍ക്കാതിരുന്നത് പോള്‍ ചെയ്ത വോട്ടിനെ വിപരീതമായി ബാധിക്കില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ വ്യക്തമാക്കി. കുമ്പള പഞ്ചായത്ത് ബത്തേരി വാര്‍ഡില്‍ കുമ്പള യു.പി സ്‌കൂള്‍ പോളിംഗ് ബൂത്തില്‍ യന്ത്രം പണിമുടക്കിയത് വോട്ടെടുപ്പ് വൈകാന്‍ ഇടയാക്കി. ബദിയടുക്ക പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ കന്യപ്പാടിയില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കിയത് മൂലം ഒന്നരമണിക്കൂര്‍ വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. അഞ്ചാം വാര്‍ഡായ പള്ളത്തടുക്കയിലെ രണ്ടാം നമ്പര്‍ ബൂത്തിലും ഇതേ അവസ്ഥയുണ്ടായി. ഇവിടെ ഒരു മണിക്കൂര്‍ വൈകി. എന്‍മകജെ പഞ്ചായത്തിലെ കാട്ടുകുക്കെ വാര്‍ഡില്‍ രണ്ടര മണിക്കൂര്‍ വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍ വിദഗ്ധരെ എത്തിച്ച് നന്നാക്കിയ ശേഷമാണ് വോട്ടെടുപ്പ് തുടങ്ങിയത്. എന്‍മകജെ വാണിനഗറിലെ ബൂത്തിലും ചെങ്കള ചൂരിപ്പള്ളം ബൂത്തിലും ഒരു മണിക്കൂര്‍ വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മഞ്ചേശ്വരം പഞ്ചായത്തിലെ നാലാംവാര്‍ഡില്‍ ബൂത്ത് നമ്പര്‍ ഒന്നില്‍ വോട്ടിംഗ് യന്ത്രം ഇടക്കിടെ തകരാറിലായത് സുഗമമായ വോട്ടെടുപ്പിന് തടസ്സമായി. വെളിച്ച സജ്ജീകരണം ഏര്‍പ്പെടുത്താന്‍ സമയം വേണ്ടി വന്നതിനാലും ചില പോളിംഗ് ബൂത്തുകളില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നത് വൈകാന്‍ കാരണമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.