പരാജയ ഭീതിയിലായ സിപിഎമ്മുകാര്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ചു

Tuesday 3 November 2015 10:50 am IST

പേരാമ്പ്ര: പേരാമ്പ്രയിലും കൂട്ടാലിടയിലും ബിജെപി, ആര്‍ എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം. പരിക്കേറ്റ രണ്ടു ബിജെപി പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഈ മേഖലയില്‍ ആസൂത്രിതമായ അക്രമമാണ് സിപിഎമ്മുകാര്‍ നടത്തിയത്. ക്രമസമാധാന പാലനത്തിനെത്തിയ പോലീസുകാരെയും സിപിഎം അക്രമികള്‍ ഭീഷണിപ്പെടുത്തി. ചങ്ങരോത്ത് പഞ്ചായത്തില്‍ തോട്ടത്താന്‍ കണ്ടി മൂന്നാം വാര്‍ഡിലും അവിടനല്ലൂര്‍ 16-ാം വാര്‍ഡിലുമാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം നടത്തിയത്. തോട്ടത്താന്‍ കണ്ടി വലിയവീട്ടുമ്മല്‍ ജിദോര്‍(26), തെരുവത്തുംപറമ്പില്‍ രാജന്‍ (51), എന്നിവരാണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ ഇവരെ പേരാമ്പ്ര ഗവ. താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു, സിപിഎം പ്രവര്‍ത്തകരായ വെള്ളത്തോട്ടത്തില്‍ ബൈജു, കുനിയില്‍ രാജീവന്‍, സുജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് ബിജെപി നേതൃത്വം പറഞ്ഞു. കൂട്ടാലിടയില്‍ ആര്‍എസ്എസ് മുന്‍ പ്രചാരക് രാഘവന്‍ തൃക്കുറ്റിശ്ശേരിയെയും 16-ാം വാര്‍ഡ് ബിജെപി ബൂത്ത് ഏജന്റ് പ്രഭീഷിനെയുമാണ് സിപിഎമ്മുകാര്‍ അടിച്ച് പരിക്കേല്‍പ്പിച്ചത്. സിപിഎമ്മുകാരായ ഓട്ടോ ഡ്രൈവര്‍ ലിനീഷ് കെ.സി, ഫെബിന്‍ കെ കെ, ശ്രീലേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. സിപിഎമ്മില്‍ വിഭാഗീയ പ്രവര്‍ത്തനം രൂക്ഷമായ നൊച്ചാടിലും വ്യാപകമായ അക്രമമുണ്ടായി. ഇവിടെ സംഘടിച്ചെത്തിയ സിപിഎമ്മുകാര്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെയാണ് അക്രമം നടത്തിയത്. പാര്‍ട്ടിയിലെ വിഭാഗീയതയുടെ പേരില്‍ വലിയൊരു വിഭാഗം സിപിഎമ്മുകാര്‍ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. വോട്ടെടുപ്പിലും ഇവരുടെ നിസ്സഹകരണം പ്രതിഫലിച്ചിരുന്നു. വിഭാഗീയ പ്രവര്‍ത്തനം സിപിഎം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുമെന്ന ഭീതി പാര്‍ട്ടി നേതൃത്വത്തിനുണ്ട്. ഇതില്‍ പ്രകോപിതരായാണ് നൊച്ചാട്, ചാത്തോത്ത് താഴെ മേഖലയില്‍ സിപിഎമ്മുകാര്‍ ആസൂത്രിതമായ അക്രമം നടത്തിയത്. വോട്ടെടുപ്പിനെ തുടര്‍ന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായി അക്രമം നടത്തുകയായിരുന്നു. നാമമാത്രമായ പോലീസിന് സംഘടിച്ചെത്തിയ അക്രമകികളെ നേരിടാനായില്ല. ഇതേ തുടര്‍ന്ന പരിക്കേറ്റവര്‍ പോലും ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമികള്‍ അഴിഞ്ഞാടിയതോടെ ഇവിടെ കൂടുതല്‍ പോലീസിനെ നിയോഗിച്ചു. ഒളോപ്പാറയില്‍ സിപിഎം സംഘത്തിന്റെ അക്രമത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വോട്ടിംഗ് കഴിഞ്ഞതിന് ശേഷമാണ് നൂറോലം വരുന്ന സിപിഎം സംഘം ബൈക്കില്‍ വരികയായിരുന്ന പൊറായില്‍ ഷിബുവിനെ അക്രമിച്ചത്. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാക്കൂര്‍ എസ്‌ഐ സ്ഥലത്തെത്തിയാണ് ഇയാളെ അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. പ്രദേശത്ത് സിപിഎം സംഘം ബിജെപി പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തിയിരുന്നു. മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് സിപിഎമ്മുകാര്‍ കാലത്ത് മുതല്‍ ഒളോപ്പറയില്‍ നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.