വോട്ടുചെയ്യാം- ഇങ്ങനെ

Tuesday 3 November 2015 9:21 pm IST

ആലപ്പുഴ: ത്രിതലപഞ്ചായത്തിലേക്ക് ഒരേ സമയം നടക്കുന്ന വോട്ടെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രം ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്നുബാലറ്റ് യൂണിറ്റുകളും അടങ്ങിയതാണ്. ഏതെങ്കിലും ഒരു തലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണം 15 ല്‍ കൂടുതല്‍ വന്നാല്‍ പ്രസ്തുത തലത്തിലേക്ക് രണ്ടാമത് ഒരു ബാലറ്റ് യൂണിറ്റ് കൂടി ഉണ്ടാവും. വോട്ടുരേഖപ്പെടുത്തല്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ തലങ്ങളിലേക്ക് ഓരോ വോട്ടുവീതം ആകെ മൂന്ന് വോട്ടുകളാണ് രേഖപ്പെടുത്തേണ്ടത്. വോട്ടിങ് കംപാര്‍ട്ടുമെന്റിലുള്ള മുന്ന് ബാലറ്റ് യുണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജികരിച്ചിരിക്കുന്നത്. ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരും അവരുടെ ചിഹ്നവും അടങ്ങുന്ന വെള്ള നിറത്തിലുള്ള ലേബല്‍ ആയിരിക്കും പതിച്ചിരിക്കുന്നത്. നിങ്ങള്‍ വോട്ടുചെയ്യാന്‍ ആഗ്രഹിക്കുന്നത് ഇതില്‍ ഏത് സ്ഥാനാര്‍ഥിക്കാണോ ആ സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ബട്ടനില്‍ വിരല്‍കൊണ്ട് അമര്‍ത്തിയാല്‍ ചെറിയ ബീപ്പ് ശബ്ദം കേള്‍ക്കുന്നതും അതോടൊപ്പം സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിന് നേരെ ഒരു ചെറിയ ചുവന്ന ലൈറ്റ് പ്രകാശിക്കുന്നതുമാണ്. ഇപ്രകാരം ശബ്ദം കേള്‍ക്കുകയും ലൈറ്റ് പ്രകാശിക്കുകയും ചെയ്താല്‍ നിങ്ങളുടെ വോട്ടു രേഖപ്പെടുത്തിയെന്നു കരുതാം. ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ വോട്ടു രേഖപ്പെടുത്തിയ അതേ രീതിയില്‍ തന്നെ നിങ്ങള്‍ മറ്റ് രണ്ട് തലത്തിലേക്കുമുള്ള ബാലറ്റ് യൂണിറ്റുകളിലും വോട്ട് രേഖപ്പെടുത്തണം. ബ്ലോക്ക് തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ പിങ്ക് നിറത്തിലൂള്ള ലേബലും ജില്ലാതലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ ഇളം നീലനിറത്തിലൂള്ള ലേബലായിരിക്കും പതിച്ചിരിക്കുന്നത്. മേല്‍പ്രകാരം മൂന്ന് തലത്തിലേക്കുള്ള ബാലറ്റു യൂണിറ്റിലും ക്രമമായി വോട്ട രേഖപ്പെടുത്തിക്കഴിയുമ്പോള്‍ ഒരു നീണ്ട ബീപ്പ് ശബ്ദം കേള്‍ക്കുന്നതും നിങ്ങളുടെ വോട്ടിങ് പൂര്‍ത്തിയാകുന്നതുമാണ്. ഏതെങ്കിലും തലത്തില്‍ വോട്ടുചെയ്യുന്നില്ലെങ്കില്‍ ഏതെങ്കിലും ഒന്നോ അതിലധികമോ തലത്തിലെ ബാലറ്റ് യൂണിറ്റില്‍ വോട്ട് രേഖപ്പെടുത്താല്‍ താല്‍പര്യമില്ലാതിരുന്നാല്‍ അവസാന ബാലറ്റ് യൂണിറ്റിലെ അവസാന ബട്ടണ്‍ അമര്‍ത്തി വോട്ടിങ് പൂര്‍ത്തിയാക്കേണ്ടതാണ്. ഈ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ നീണ്ട ഒരു ബീപ്പ് ശബ്ദം കേള്‍ക്കാവുതാണ്. ഒരേ സമയം ഒന്നില്‍കൂടുതല്‍ ബട്ടണ്‍ അമര്‍ത്തിയാലും ഒരു വോട്ട് മാത്രമെ രേഖപ്പെടുത്തുകയുള്ളു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.