ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അത്ഭുത വിജയമുണ്ടാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്കും, ബിജെപിയുമായി സഹകരിക്കുന്നവര്‍ക്കും ചരിത്രവിജയമാകും ഇത്തവണയുണ്ടാകുക. ഇടതു വലതു മുന്നണികള്‍ക്ക് വന്‍ തിരിച്ചടി സംഭവിക്കും. ഇരുമുന്നണികളുടെയും ഉറച്ച വോട്ടുകളില്‍ പോലും ഇടിവുണ്ടാകും. ബിജെപിയേയും സഖ്യത്തെയും കേരളത്തിലെ ജനങ്ങള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
മുഴുവന്‍ ഹിന്ദു സംഘടനകളും എസ്എന്‍ഡിപി-ബിജെപി സഖ്യത്തിനു പിന്നിലുണ്ട്. നായര്‍ സമുദായവും ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ട്. എസ്എന്‍ഡിപിയെയും ബിജെപിയെയും തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും വിജയിക്കില്ല. കുപ്രചരണങ്ങള്‍ നടത്തുന്നവര്‍ നിരാശപ്പെടേണ്ടി വരും. ശ്രീനാരായണഗുരുവിനെ തെരുവില്‍ കുരിശില്‍ തറച്ചവര്ക്കും കഴുത്തില്‍ കയര്‍ കെട്ടി വലിച്ചവര്ക്കും ജനം തെരഞ്ഞെടുപ്പില്‍ ചുട്ടമറുപടി നല് കും. മൂന്നാംശക്തിയുടെ സാധ്യത ഈ തെരഞ്ഞെടുപ്പോടെ തെളിയും. ഒരു ശക്തിക്കും അതിനെ തടയാന്‍ കഴിയില്ല. എസ്എന്‍ഡിപിയുടെ നിലപാടുകളാണ് ശരിയെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും സിപിഎമ്മും മത്സരിച്ച് കുപ്രചരണങ്ങള്‍ നടത്തുകയാണ്. ഇത്രയും നാളും ഇല്ലാതിരുന്ന പിന്നോക്ക സ്നേഹം ഇപ്പോഴെങ്കിലും കാട്ടുന്നതില്‍ സന്തോഷമുണ്ട്. തിരിച്ചടി ഭയന്ന് മുന്‍കാലങ്ങളിലേതിനേക്കാള്‍ ഈഴവരെ ഇത്തവണ സ്ഥാനാര്‍ത്ഥികളാക്കാന്‍ മുന്നണികള്‍ തയാറായിട്ടുണ്ടെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
ഗുരുനിന്ദ നടത്തിയവര്‍ ഇപ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ലഘുലേഖകളും പ്രസ്താവനകളുമായി വീടുകള്‍ തോറും കയറിയിറങ്ങുകയാണ്. ഇതൊന്നും അവര്‍ക്ക് ഗുണം ചെയ്യാന്‍ പോകുന്നില്ല. ഗുരുനിന്ദയോടെ തന്നെ അവരുടെ വിധി കുറിക്കപ്പെട്ടു കഴിഞ്ഞു. കുപ്രചരണങ്ങള്‍ കൊണ്ടു ശ്രീനാരായണീയരെയും എസ്എന്‍ഡിപി പ്രവര്‍ത്തകരെയും തങ്ങള്‍ക്കൊപ്പം നിര്‍ത്താമെന്ന ഇടതുപക്ഷത്തിന്റെയും സിപിഎമ്മിന്റെയും ആഗ്രഹം നടക്കാന്‍ പോകുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എസ്എന്‍ഡിപി-ബിജെപി സഖ്യത്തിനു നിരവധി പഞ്ചായത്ത് ഭരണം ലഭിക്കുമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ബിജെപിയുമായുള്ള സഖ്യത്തില്‍ എസ്എന്‍ഡിപിക്ക് യാതൊരു ആശയക്കുഴപ്പവുമില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പു തന്നെ മൂന്നാം മുന്നണി നിലവില്‍ വരും. പുതുതായി രൂപീകരിക്കുന്ന രാഷ്ട്രീയപര്ട്ടിയും ബിജെപിയുമായി സഖ്യം ഉണ്ടാകുമെന്ന് തന്നെയാണ് ഉറച്ച പ്രതീക്ഷ. ഈ കൂട്ടുകെട്ട് കേരളത്തിലെ പരമ്പരാഗത മുന്നണികള്‍ക്ക് ഭീഷണിയായി മാറും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണി കരുത്തുകാട്ടുമെന്നും വെള്ളാപ്പള്ളി ശുഭപ്രതീക്ഷ പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: