നിലമ്പൂരില്‍ ബിജെപിയും-യുഡിഎഫും നേര്‍ക്കുനേര്‍

Wednesday 4 November 2015 1:42 pm IST

നിലമ്പൂര്‍: നഗരസഭയില്‍ അവസാന റൗണ്ടില്‍ 16 ഡിവിഷനുകളില്‍ ബിജെപിയും-യുഡിഎഫുമാണ് നേര്‍ക്കുനേര്‍ പോര്‍ക്കളത്തില്‍. ഇവിടങ്ങളില്‍ സിപിഎം നാലാം സ്ഥാനാത്താണ്. മുന്നാം സ്ഥാനാത്ത് പൊരുതുന്നത് സിപിഎം വിമതരായ ജനകീയ മുന്നണിയിലെ സ്ഥാനാര്‍ത്ഥികളാണ്. നാല് ഡിവിഷനുകളില്‍ മാത്രമാണ് പേരിനെങ്കിലും സിപിഎം മത്സരം കാഴ്ചവെക്കുന്നത്. ഒന്‍പത് ഡിവിഷനുകളില്‍ ലീഗും ജമാഅത്ത് ഇസ്ലാമിയുമായി രഹസ്യബാന്ധവത്തിലാണ് സിപിഎം. യുഡിഎഫിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയായ പത്മിനി ഗോപിനാഥിനെ കുടുംബശ്രീ പ്രവര്‍ത്തകര്‍ കാലുവാരുമെന്ന ഭയത്താല്‍ ആര്യാടന്‍ ഷൗക്കത്ത് നേരിട്ട് ഗൃഹസമ്പര്‍ക്കം നടത്തിയിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത് 14-ാം ഡിവിഷനിലെ ശ്രീജ ചന്ദ്രനെയാണ്. ലീഗ് ഐ ഗ്രൂപ്പിന് ഇവിടെ പിന്തുണ നല്‍കിയത് ആര്യാടനെ ചൊടിപ്പിച്ചിരുന്നു. ഒന്‍പതാം ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് കോണ്‍ഗ്രസുകാരനും ബസ് ഓണേഴ്‌സ് താലൂക്ക് നേതാവുമായ മുസ്തഫ കുളത്തുംപടിക്കലാണ്. ഇത് കോണ്‍ഗ്രസിന് വെല്ലുവിളിയാകുന്നുണ്ട്. എന്നാല്‍ ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റം ഇരുമുന്നണികളെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ബീഫ് പ്രധാന പ്രചാരണായുധമാക്കി ഇരുമുന്നണികളും ഐക്യപ്പെട്ടപ്പോള്‍ ജനങ്ങളുടെ മനസ്സ് അറിയാതെപോയി. കഴിഞ്ഞ ദിവസം സിപിഎം നടത്തിയ റോഡ് ഷോ ജനപങ്കാളിത്തമില്ലാതെ പാളിപോയത് ഇടതുപാളയത്തിന് നാണക്കേടായി. പല സംസ്ഥാന-ജില്ലാ നേതാക്കളും പരാജയം മുന്നില്‍കണ്ട് മുന്‍കൂര്‍ ജാമ്യമെടുത്ത് തടിതപ്പിയിരിക്കുകയാണ്. ബിജെപിയുടെ മുന്നേറ്റവും വിമതര്‍ നിര്‍ണ്ണായക ശക്തിയായി മാറുകയും ചെയ്തതോടെ ഒഞ്ചിയം മോഡല്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പിച്ച സ്ഥലങ്ങളില്‍ അക്രമം അഴിച്ചുവിടാനും സാധ്യതയുണ്ട്. ശക്തമായ അടിയൊഴുക്കുകള്‍ ഉണ്ടാകാവുന്ന തെരഞ്ഞെടുപ്പാണിത്. മുസ്ലീം-ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ഡിവിഷനുകളില്‍ സാമുദായിക ധ്രൂവീകരണത്തിനാണ് ഇരുമുന്നണികളും ശ്രദ്ധ നല്‍കുന്നത്. പക്ഷേ ഈ ശ്രമങ്ങളെല്ലാം അനുകൂലമായി മാറുന്നത് ബിജെപിക്കാണ്. ലീഗ് സ്ഥാനാര്‍ത്ഥി കോണി ഉപേഷിച്ച് കുട ചൂടിയത് തന്നെ പരാജയം മണത്തതുകൊണ്ടാണ്. ലീഗ്-കോണ്‍ഗ്രസ് ബന്ധം വഷളായതും സ്ഥാനാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയാകുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.