വിചാരണ ഏകീകരണം: മദനിയുടെ ആവശ്യം തന്ത്രമെന്ന് കര്‍ണാടക

Wednesday 4 November 2015 3:45 pm IST

ന്യൂദല്‍ഹി: ബംഗളുരു സ്ഫോടന കേസുകളുടെ വിചാരണ ഏകീകരിക്കണമെന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ആവശ്യം കര്‍ണാടക സര്‍ക്കാര്‍ എതിര്‍ത്തു. മദനിയുടെ ആവശ്യം ശിക്ഷയില്‍ ഇളവ് നേടാനുള്ള തന്ത്രമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കേസുകള്‍ ഒന്നിച്ച് പരിഗണിക്കാന്‍ വകുപ്പില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. മദനിയുടെ ഇത്തരം ആവശ്യങ്ങളോട് കോടതി അനുകൂല തീരുമാനം എടുക്കരുത്. ഇപ്പോള്‍ തന്നെ മദനി ജാമ്യത്തില്‍ കഴിയുകയാണ്. കേസിലെ വിചാരണ നടപടികള്‍ 60 ശതമാനം പൂര്‍ത്തിയായി കഴിഞ്ഞു. മാത്രമല്ല കേസുകള്‍ ഏകീകരിക്കണോ വേണ്ടയോ എന്ന കാര്യങ്ങള്‍ പരിഗണിക്കേണ്ടത് വിചാരണ കോടതിയാണെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ മദനിക്ക് സുപ്രീംകോടതി സമയം അനുവദിച്ചു. ബംഗളുരു സ്‌ഫോടനത്തില്‍ ഒമ്പത് കേസുകളാണ് കര്‍ണാടക പോലീസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ വിചാരണ നടപടികള്‍ നീണ്ടുപോകാതിരിക്കാന്‍ കേസുകള്‍ ഏകീകരിച്ച് ഒന്നിച്ച് പരിഗണിക്കണം എന്നതാണ് മദനിയുടെ ആവശ്യം. ചികിത്സക്കായി കേരളത്തിലേക്ക് പോകാന്‍ ജാമ്യത്തില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും മദനി സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.