സര്‍ദാരി രാജിവയ്ക്കില്ലെന്ന് പാക് പ്രധാനമന്ത്രി

Monday 12 December 2011 2:56 pm IST

ഇസ്ലമാബാദ്‌: ദുബായില്‍ ചികിത്സാര്‍ത്ഥം കഴിയുന്ന പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി രാജിവെക്കുമെന്ന വാര്‍ത്തകള്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി നിഷേധിച്ചു. സര്‍ദാരിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നും രണ്ടാഴ്ചത്തെ വിശ്രമം വേണമെന്നും അതിന്‌ ശേഷം മാത്രമേ പാകിസ്ഥാനിലേക്ക്‌ മടങ്ങൂ എന്നും ഗിലാനി പറഞ്ഞു. ഹൃദയസംബന്ധമായ രോഗത്തിന്‌ ചികിത്സക്കായി കഴിഞ്ഞയാഴ്ച ദുബായിലേക്ക്‌ പോയ സര്‍ദാരിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച്‌ അഭ്യൂഹങ്ങള്‍ വ്യാപിക്കുന്നതിനിടെയാണ്‌ പാക്‌ പ്രധാനമന്ത്രിയുടെ വിശദീകരണം. കഴിഞ്ഞ ദിവസം ബി.ബി.സിക്ക്‌ നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ഗിലാനിയുടെ വിശദീകരണം. സര്‍ദാരിയുടെ നില ഭേദപ്പെട്ടു വരികയാണെന്നും രണ്ടാഴ്ചത്തെ വിശ്രമം ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ ദുബായില്‍ കഴിയുകയാണെന്നുമായിരുന്നു ഗിലാനി വ്യക്തമാക്കിയത്‌. ചികിത്സയ്ക്കു ശേഷം സര്‍ദാരി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പാകിസ്ഥാനിലേക്ക്‌ മടങ്ങുമെന്നായിരുന്നു കഴിഞ്ഞ ദിവസം അനുയായി അറിയിച്ചത്‌. വാഷിംഗ്‌ടണ്ണിന്റെ സഹായം തേടിയതുമായി ബന്ധപ്പെട്ട രഹസ്യരേഖ വിവാദമായതിനെ തുടര്‍ന്നുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രസിഡന്റ്‌ ഹാജരാകണമെന്ന സുപ്രീം കോടതിയുടെ ഉത്തരവുണ്ടായി ദിവസങ്ങള്‍ക്കുള്ളിലായിരുന്നു സര്‍ദാരി രോഗബാധിതനായത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.