നിരവധി വീടുകള്‍ അടിച്ചുതകര്‍ത്തു: ലക്ഷങ്ങളുടെ നഷ്ടം ജില്ലയില്‍ സിപിഎം അഴിഞ്ഞാട്ടം തുടരുന്നു

Wednesday 4 November 2015 8:52 pm IST

കണ്ണൂര്‍: വോട്ടെണ്ണലിന് രണ്ടു നാള്‍ മാത്രം ശേഷിക്കെ തെരഞ്ഞെടുപ്പ് ദിവസം മുതല്‍ തുടങ്ങിയ സംഘര്‍ഷത്തിന് ജില്ലയില്‍ അറുതി വന്നില്ല. ഇന്നലെ പുലര്‍ച്ചയും നിരവിധി വീടുകള്‍ക്കു നേരയും വാഹങ്ങള്‍ക്കു നേരെയും അക്രമണം ഉണ്ടായി. അതിനിടെ തെരഞ്ഞെടുപ്പ് ദിവസം തളിപ്പറമ്പിലുണ്ടായ സിപിഎം- ലീഗ് സംഘര്‍ഷത്തില്‍ പരുക്കേറ്റ ലീഗ് നേതാവ് കെ.വി.എം കുഞ്ഞി മരിച്ചതോടെ ജില്ലയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. കണ്ണൂരിലെ പോലീസുകാര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി മറ്റു ജില്ലകളിലേക്ക് പോയതിനാല്‍ പോലീസിന്റെ നിയന്ത്രണം എത്രത്തോളം സാധ്യമാകുമെന്നും ആശങ്കയുണ്ടാക്കുന്നു. എന്നാല്‍ പോലീസിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിരോധനാജ്ഞ തുടരുന്ന തലശേരിയില്‍ അക്രമത്തിന് നേരിയ തോതില്‍ അയവു വന്നെങ്കലും തളിപ്പറമ്പില്‍ അക്രമം തുടരുകയാണ്. അഴീക്കോട് നീര്‍ക്കടവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനുനേരെ ഇന്നലെ പുലര്‍ച്ചയോടെ ബോംബെറിഞ്ഞു. സജീവ ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകനായ കുഞ്ഞിപ്പാണന്‍ മോഹനന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബോംബേറില്‍ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് കേടുപാട് സംഭവിച്ചു. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മോഹനന്റെ ഭാര്യ ഉഷയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബേറില്‍ പ്രതിഷേധിച്ച് ബിജെപി നീര്‍ക്കടവില്‍ ഹര്‍ത്താല്‍ ആചരിച്ചു. കണ്ണൂര്‍ കസാനക്കോട്ടയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ എസ്ഡിപിഐ ലീഗ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ഇന്നലെ പുലര്‍ച്ചെ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് നേരെയും അക്രമം നടന്നു. രണ്ടു കാറുകള്‍ അടിച്ചു തകര്‍ത്തതിനു പുറമെ ഒരു ബൈക്ക് അഗ്നിക്കിരയാക്കുകയും ചെയ്തു. നീര്‍ച്ചാലില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മര്‍ദ്ദനത്തിനിരയായി. താവക്കരയില്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റിക്ക് സമീപമുള്ള എസ്ഡിപിഐ പ്രവര്‍ത്തകന്‍ സഫ്രാസിന്റെ ഷബനാസ് എന്ന വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് തകര്‍ക്കപ്പെട്ടത്. സിറ്റിയില്‍ മത്സ്യത്തൊഴിലാളിയുടെ ഓഫീസും തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. മയ്യിലില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകരെ മുഖം മൂടി ധരിച്ചെത്തിയ പത്തംഗ സംഘം ക്രൂരമായി തല്ലിച്ചതച്ചു. സംഭവത്തിനു പിന്നില്‍ സി.പി.എം ആണെന്ന് ബിജെപി ആരോപിച്ചു. മയ്യില്‍ ബമ്മാണശേരി ഇഞ്ചിമുക്കിലെ ഇട്ടമ്മല്‍ ദാമോദരന്റെ മകന്‍ ധനൂപ് (30), സുജിത്ത് (33), എന്നിവരാണ് അക്രമത്തിനിരയായത്. കൈകാലുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ കോഴിക്കാട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പ് ദിവസം മയ്യില്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് ബൂത്തില്‍ ബി.ജെ.പി ഏജന്റുമാരായി ധനൂപും ശ്രീജിത്തും ഇരുന്നിരുന്നു. കള്ളവോട്ടിനെ ചോദ്യം ചെയ്ത വിരോധത്തിന് അക്രമിച്ചുവെന്നാണ് പരാതി. ധര്‍മ്മശാലയില്‍ യൂനിവേഴ്‌സിറ്റി ഹോസ്റ്റലിന് സമീപം ബി.ജെ.പി പ്രവര്‍ത്തകനായ രാജേഷിനെ ഒരു സംഘം സിപിഎമ്മുകാര്‍ അക്രമിച്ചു പരുക്കേല്‍പ്പിച്ചു. കൈക്കും ഇരു കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. സിപിഎമ്മുകാരായ സദിജു, നന്ദുലാല്‍, സുഭാഷ്, റജിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലെത്തി ഏഴംഗ സംഘമാണ് രാജേഷിനെ അക്രമിച്ചത്. യൂണിവേഴ്‌സിറ്റി കാമ്പസ് പരിസരത്തുള്ള മുപ്പതോളം യുവാക്കളായ സിപിഎമ്മുകാര്‍ ഏതാനും നാളുകളായി ബിജെപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു. കടമ്പേരിയിലെ ബിജെപി സ്ഥാനാര്‍ത്ഥിക്കുവേണ്ടിയും കല്യാശ്ശേരി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും രാജേഷ് ഉള്‍പ്പെടെയുള്ള ആളുകള്‍ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ഇതിന്റെ പ്രതികാരമായാണ് അക്രമം എന്ന് കരുതുന്നു. നേരത്തെ സജീവ സിപിഎം പ്രവര്‍ത്തകനായിരുന്ന കൊടപ്രത്ത് രാജേഷ് അടുത്ത കാലത്ത് സിപിഎമ്മില്‍ നിന്ന് രാജിവെച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. സംഭവത്തില്‍ എട്ട് സിപിഎമ്മുകാര്‍ക്കെതിരെ കണ്ണവം പോലീസ് കേസെടുത്തു. ശ്രീകണ്ഠപുരം പൊടിക്കളത്ത് സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. സിപിഎം പ്രവര്‍ത്തകരായ അക്കരമ്മല്‍ രമേശന്‍(42), ബാലകൃഷ്ണന്‍ (43),എന്നിവരെ സാരമായ പരുക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകന്‍ പൊടിക്കളത്തെ മുല്ലപ്പള്ളി ശശിധരനെ (43) പരുക്കേറ്റ നിലയില്‍ തളിപ്പറമ്പ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊടിക്കളത്തെ ബി.ജെ.പി സ്ഥനാര്‍ഥി സവിതയുടെ ഭര്‍ത്താവാണ് ശശിധരന്‍. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നുപോകവെ രമേശന്റെയും ബാലകൃഷ്ണന്റെയും നേതൃത്വത്തിലുള്ള സംഘം ക്രൂരമായി അക്രമിക്കുകയായിരുന്നുവെന്ന് ശശിധരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.