കനത്ത മഴ: ജില്ലയില്‍ മിക്കയിടത്തും നാശനഷ്ടം

Wednesday 4 November 2015 10:05 pm IST

പത്തനംതിട്ട: കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ മിക്കയിടത്തും നാശനഷ്ടം. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ആരംഭിച്ച ശക്തമായ മഴ പലയിടത്തും രാത്രിയും തുടര്‍ന്നു. വി.കോട്ടയം ഭാഗത്ത് മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. തോട് കവിഞ്ഞ് റോഡിലേക്ക് വെള്ളം കയറിയനിലയിലാണ്. കിഴക്കന്‍ മേഖലയിലും പലയിടത്തും മലവെള്ളപ്പാച്ചിലുണ്ടായിട്ടുണ്ട്. തോടുകളും അരുവികളും കരകവിഞ്ഞ് പാടശേഖരങ്ങള്‍ വെള്ളത്തിനടിയിലായി. താഴ്ന്നപ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇടിമിന്നലിലും പല ഭാഗങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. പന്തളത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി മിന്നലേറ്റ് മരിച്ചു. ഏതാനും പേര്‍ക്ക് പരിക്കേറ്റു. മഴയെതുടര്‍ന്ന് വൈദ്യുതിവിതരണം തകരാറിലായത് പോളിംഗ് സ്‌റ്റേഷനുകളുടേതടക്കമുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. നദികളില്‍ ജല നിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ സമീപവാസികള്‍ ക്ക് അധികതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റോഡുകളും താഴ്ന്ന പ്രദേശങ്ങളുമെല്ലാം വെള്ളത്തിനടി യിലായി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ആരംഭിച്ച ശക്തമായ മഴ രാത്രി വൈകിയും തുടരുകയാണ്. മഴയെ തുടര്‍ന്ന് ഇന്നലെ രാത്രി ഏഴോടെയാണ് വി.കോട്ടയം തുടിയുരുളിപ്പാറയുടെ വടക്കേചരുവില്‍ നിന്നു മലവെള്ളപ്പാച്ചിലുണ്ടായത്. ഉരുള്‍പൊട്ടലിനു സമാനമായ വെള്ളപ്പാച്ചിലില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാകുകയും വള്ളിക്കോട് - വകയാര്‍ റോഡില്‍ ഗതാഗതം തടസപ്പെടുകയും ചെയ്തു. പോളിംഗ് ബൂത്ത് കൂടിയായ വള്ളിക്കോട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന് സമീപം പാറക്കല്ലുകളും ചെളിയും നിറഞ്ഞിട്ടുണ്ട്. പാറയുടെ താഴ് ഭാഗങ്ങളില്‍ താമസിക്കുന്നവരെ നാട്ടുകാര്‍ മാറ്റിപാര്‍പ്പിച്ചു. ജില്ലയിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതകളില്‍ ഉള്‍പ്പടെ വെള്ളം കയറി. പ്രധാന റോഡുകളിലും ഉപറോഡുകളിലും വെള്ളം കയറിയതോടെ ഗതാഗത താറുമാറായി. രാത്രികാല ബസ് സര്‍വീസുകളും നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ഓടകള്‍ അടഞ്ഞുകിടക്കുന്നതാണ് റോഡുകളില്‍ വെള്ളം ഒഴുകിപ്പോകാന്‍ വൈകുന്നത്. ശബരിമല പാതയില്‍ വടശേരിക്കര കന്നാംപാലത്തിനു സമീപം റോഡില്‍ വെള്ളം കയറി. ഈ ഭാഗങ്ങളില്‍ മണ്ണിടിച്ചിലും വ്യാപകമായുണ്ടായി. കടമ്മനിട്ട കല്ലേലിമുക്കിന് സമീപമുള്ള പോളിഗ് ബൂത്തിനടുത്തുവരെ റോഡില്‍ വെള്ളം കയറിയ നിലയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.