കോണ്‍ഗ്രസ് കണ്ണാടി നോക്കട്ടെ

Wednesday 4 November 2015 10:29 pm IST

അസഹിഷ്ണുതയെക്കുറിച്ച് കോണ്‍ഗ്രസ് പറയുന്നത് ചെകുത്താന്‍ വേദമോതുന്നതുപോലെയാണെന്ന കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വെങ്കയ്യ നായിഡുവിന്റെ വിമര്‍ശനം അക്ഷരംപ്രതി ശരിവെക്കുന്നതാണ് കോണ്‍ഗ്രസിന്റെ നയവും നേതാക്കളുടെ പെരുമാറ്റവും. അധികാരത്തില്‍ തുടരാന്‍ ഏത് ചെകുത്താനോടും കൂട്ടുകൂടുമെന്നു മാത്രമല്ല ജാതി-മതവികാരം കുത്തിപ്പൊക്കുകയും വിദ്വേഷം ജനിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടത്തുകയുമാണ് കോണ്‍ഗ്രസ് ചെയ്യാറുള്ളത്. ഇതിന് എത്രവേണമെങ്കിലും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. സ്വന്തം പാര്‍ട്ടിയുടെ നേതാവും ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു വര്‍ഗീയകക്ഷിയെന്ന് അധിക്ഷേപിച്ച മുസ്ലിംലീഗിനെ കൂട്ടുപിടിച്ച് കേരളത്തില്‍ പതിറ്റാണ്ടുകളായി അധികാരം പങ്കിടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഹിന്ദുക്കള്‍ക്കെതിരെ വിദ്വേഷമുണ്ടാക്കി ഭാരതത്തെ വെട്ടിമുറിച്ച് പാക്കിസ്ഥാനെന്ന രാജ്യം വാങ്ങിയ പാര്‍ട്ടിയാണ് ലീഗ്. ഇടയ്ക്കിടെ മുസ്ലിംലീഗിന്റെ ആസ്ഥാനത്തുപോയി വണങ്ങി ലീഗിന്റെ വര്‍ഗീയവീര്യം വര്‍ധിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ നടത്താറുണ്ട്. ക്രിസ്ത്യന്‍ സമുദായത്തിന്റെ വോട്ടുപിടിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ബിഷപ്പ്ഹൗസുകള്‍ തോറും കയറിയിറങ്ങുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന ഇസ്ലാമിക മതതീവ്രവാദ സംഘടന പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയത് പ്രവാചകനെ അപമാനിച്ചെന്നാരോപിച്ചായിരുന്നു. കോണ്‍ഗ്രസ് തിരിഞ്ഞുനോക്കിയില്ല. തെരഞ്ഞെടുപ്പ് സമയമായിരുന്നെങ്കില്‍ ഒരുപക്ഷേ കണ്ണില്‍ ഗ്ലിസറിന്‍ ഒഴിച്ച് അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ എത്തിയേനെ. ഏത് സമുദായത്തെ എങ്ങനെ പ്രീതിപ്പെടുത്തി വോട്ട് വാങ്ങാമെന്ന് ആലോചിച്ച് തലപുണ്ണാക്കുന്ന രാഷ്ട്രീയനേതാവാണ് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസിന് യഥാര്‍ത്ഥ രാഷ്ട്രീയമില്ല, വോട്ടുബാങ്ക് രാഷ്ട്രീയമാണുള്ളത്. സ്വാതന്ത്ര്യാനന്തരം ദേശീയ രാഷ്ട്രീയത്തില്‍ മേല്‍ക്കൈ നേടിയത് നെഹ്‌റു കുടുംബമാണ്. തങ്ങളുടേതല്ലാത്ത കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനോ മറ്റ് രാഷ്ട്രീയപാര്‍ട്ടികളെ അധികാരത്തിലെത്താനോ അനുവദിക്കാത്ത അധമവികാരമാണ് കോണ്‍ഗ്രസ് നേതൃത്വം കൊണ്ടുനടക്കുന്നത്. ഇക്കാരണംകൊണ്ടാണ് നരേന്ദ്ര മോദി അവരുടെ കണ്ണിലെ കരടായിരിക്കുന്നത്. അധികാരത്തിന് പുറത്ത് അധികമൊന്നും അതിജീവിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് ഇപ്പോള്‍ കാട്ടിക്കൂട്ടുന്ന ചില സമരമുറകള്‍ രാജ്യത്തിനുതന്നെ ദുഷ്‌പ്പേരുണ്ടാക്കുന്നതാണ്. മതേതര കേരളം എന്ന് പാടിപ്പുകഴ്ത്തുമ്പോഴും കോണ്‍ഗ്രസ്-സിപിഎം മുന്നണികള്‍ മാറിമറി ഭരിച്ച കേരളത്തില്‍ വര്‍ഗീയതയും മതഭീകരതയും തഴച്ചുവളരുകയാണുണ്ടായത്. ഹിന്ദു വിരോധത്തില്‍ അധിഷ്ഠിതമായ മുസ്ലിം, ക്രൈസ്തവ വര്‍ഗീയത വളരാന്‍ ഇരുമുന്നണികളും അനുവദിച്ചു, അതിന് വളംവെച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണം ക്രൈസ്തവസഭകളും മുസ്ലിംലീഗും മുതലാക്കുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് ഇവര്‍ ഹിന്ദുക്കളുടെ നേര്‍ക്ക് തിരിഞ്ഞുനോക്കാറുള്ളത്. സംഘടിത മതശക്തികളെ പ്രീണിപ്പിക്കാതെ ഒരു ദിവസംപോലും അധികാരത്തില്‍ തുടരാന്‍ ഇടതു-വലതു മുന്നണികള്‍ക്ക് കഴിയില്ല. ഇക്കാര്യം മറച്ചുപിടിച്ച് വര്‍ഗീയവല്‍ക്കരണത്തിന്റെ ഇരകളായ ഹിന്ദുസമൂഹത്തെ വഞ്ചിക്കുകയാണ് കോണ്‍ഗ്രസായാലും സിപിഎമ്മായാലും ചെയ്യുന്നത്. ഇങ്ങനെ മതവൈരം വളര്‍ത്തുന്ന കോണ്‍ഗ്രസാണ് അസഹിഷ്ണുതയെപ്പറ്റി രാഷ്ട്രപതിയുടെ അടുക്കല്‍ പരാതിപ്പെട്ടിരിക്കുന്നത്. രാജ്യത്ത് മുസ്ലിം-ഹിന്ദു വിരോധത്തിന് വിത്തുപാകിയത് കോണ്‍ഗ്രസ്തന്നെയാണ്. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിച്ച് അധികാരത്തില്‍ തുടരാനാണ് കോണ്‍ഗ്രസ് എക്കാലവും ശ്രമിച്ചിട്ടുള്ളത്. ഈ തമ്മിലടിയില്‍ നിരപരാധികളായ ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടമാകുന്നതൊന്നും കോണ്‍ഗ്രസിന് പ്രശ്‌നമല്ല. ഇപ്പോള്‍ നരേന്ദ്ര മോദിസര്‍ക്കാരിന്റെ ഭരണത്തിന്‍കീഴില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ വിഭജനമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് മുതലെടുക്കാനാണ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അസഹിഷ്ണുതാവാദവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. സോണിയക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുള്ളത്ര അസഹിഷ്ണുത മറ്റാര്‍ക്കുമില്ല. 1984 ല്‍ ആയിരക്കണക്കിന് സിഖുകാരെ ദല്‍ഹിയില്‍ നിഷ്‌കരുണം കൂട്ടക്കൊല ചെയ്തവര്‍ ഇപ്പോള്‍ അസഹിഷ്ണുതയുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത് പരിഹാസ്യമാണ്. ഈ കാപട്യം ജനങ്ങള്‍ കാണുന്നുണ്ട്. ഇനിയുളള കാലം ഇത്തരം പൊറാട്ടുനാടകങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വിലപ്പോവില്ല. 2014ലെ പൊതുതെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനുള്ള വ്യക്തമായ മുന്നറിയിപ്പാണ്. ഇതില്‍നിന്ന് പാഠംപഠിക്കാതെ ജനവിധിയെ അവഹേളിക്കാനും അട്ടിമറിക്കാനുമാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നതെങ്കില്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും അവര്‍ക്ക് ഇടം ലഭിക്കുക. തിരിച്ചറിയുന്നില്ലെങ്കില്‍ കണ്ണാടി നോക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.