മാണിക്ക് മുഖ്യമന്ത്രി പദം: എല്‍ഡിഎഫില്‍ പൊട്ടിത്തെറി

Wednesday 4 November 2015 10:54 pm IST

തിരുവനന്തപുരം: ലോനപ്പന്‍ നമ്പാടനെ കേരളാ കോണ്‍ഗ്രസില്‍ നിന്നും ചാക്കിട്ട് പിടിച്ച് ഇടതുമുന്നണിയില്‍ മന്ത്രിസ്ഥാനം നല്‍കിയ തന്ത്രം കെ.എം. മാണിയുടെ കാര്യത്തിലും ആവര്‍ത്തിക്കാന്‍ സിപിഎം നടത്തിയ ശ്രമം വന്‍കോളിളക്കമാകുന്നു. മാണിയെ ഇടതുമുന്നണിയിലെത്തിച്ച് മുഖ്യമന്ത്രിയാക്കാന്‍ സിപിഎം നടത്തിയ ശ്രമം മുന്‍ ചീഫ്‌വിപ്പും മാണിയുടെ വലം കൈയുമായിരുന്ന പി.സി. ജോര്‍ജ്ജാണ് ഇപ്പോള്‍ വെളിപ്പെടുത്തിയത്. ഇത് എല്‍ഡിഎഫില്‍ പൊട്ടിത്തെറിക്ക് കാരണമായിരിക്കുകയാണ്. ജോര്‍ജ്ജിനെ ഇടനിലക്കാരനാക്കി രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ചുക്കാന്‍ പിടിച്ച സിപിഎമ്മിന് ഈ വെളിപ്പെടുത്തല്‍ ഇപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ്. നാണക്കേട് മറയ്ക്കാന്‍ പാടുപെടുന്നതിനിടെ മുന്നണിയിലും സിപിഎമ്മിലും പുതിയ പോരിന് തുടക്കമായി. ജോര്‍ജ്ജിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ രംഗത്തു വന്നെങ്കിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനം നടത്തി രംഗം കൊഴുപ്പിച്ചിരിക്കുകയാണ്. സിപിഎം നേതാവ് തോമസ് ഐസക് എംഎല്‍എ അടക്കം മുതിര്‍ന്ന നേതാക്കളും ജോര്‍ജ്ജിനെതിരെ പ്രതികരിച്ചു. ബാര്‍കോഴ കേസില്‍ മാണി പ്രതിയാകുന്നതിനു മുമ്പുള്ള സംഭവമാണിപ്പോള്‍ പുറത്തുവന്നത്. മാണിയെ ചാക്കിട്ടു പിടിക്കാന്‍ ജോര്‍ജ്ജിനെ ഇടനിലക്കാരനാക്കി നീക്കം നടത്തിയെന്ന വിവരം തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന പേടിയിലാണ് ഇടതുപക്ഷം. മാണിയെ വലയിലാക്കാന്‍ സിപിഎം നീക്കം നടത്തിയെന്ന ബിജെപിയുടെ ആരോപണം സത്യമെന്ന് തെളിഞ്ഞിരിക്കുകയാണ്. എന്നാല്‍, ആരുമായി എപ്പോള്‍ ചര്‍ച്ചനടത്തിയെന്ന് വെളിപ്പെടുത്താന്‍ ജോര്‍ജ് തയ്യാറായില്ല. മാണിയുടെ നീക്കത്തിന് തടയിടാനാണ് ഉമ്മന്‍ ചാണ്ടി ബാര്‍ കോഴക്കേസ് സൃഷ്ടിച്ചതെന്ന് അന്ന് ആരോപണമുണ്ടായിരുന്നു. തനിക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണെന്ന് മാണിക്ക് ബോധ്യമുണ്ടായിരുന്നു. ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍ കോടിയേരി തള്ളിയെങ്കിലും നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനാവെത സിപിഎം വെള്ളം കുടിക്കുകയാണ്. ജോര്‍ജ്ജിന്റെ പ്രസ്താവന തെരഞ്ഞെടുപ്പിന്റെ നിര്‍ണായക ഘട്ടത്തില്‍ ഗുരതരമായി ബാധിക്കുമെന്നുറപ്പാണ്. ഇതിലുള്ള അതൃപ്തി നേതാക്കള്‍ ജോര്‍ജ്ജിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ജോര്‍ജ്ജ് കൂടതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന ഭയത്താല്‍ രൂക്ഷപ്രതികരണത്തിന് സിപിഎം തയ്യാറായിട്ടില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് തിരിച്ചടിയാകുമെന്ന പേടിയിലാണ് സിപിഎം. ജോര്‍ജ്ജിന്റെ പ്രസ്താവന ഘടക കക്ഷികള്‍ ഏറ്റെടുത്തതും സിപിഎമ്മിന് തലവേദനയായിരിക്കുകയാണ്. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ചിട്ടില്ല, എന്നാല്‍ സിപിഎമ്മില്‍ അത്തരമൊരു നീക്കം നടന്നിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. ജോര്‍ജ്ജിനെതിരെയും പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് തോമസ് ഐസക്ക് എംഎല്‍എയും രംഗത്തു വന്നു. മുഖ്യമന്ത്രിയാകാന്‍ സിപിഎമ്മില്‍ തന്നെ യോഗ്യരായവരുണ്ടെന്ന് ഐസക്ക് തുറന്നടിച്ചു. ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം നടക്കുന്ന വേളയില്‍ പാര്‍ട്ടിയിലെ തമ്മില്‍ തല്ല് സിപിഎമ്മിന് തലവേദനയാകും. തദ്ദേശത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും ആസന്നമായിരിക്കുമ്പോള്‍ സിപിഎം ഏറെ വെള്ളംകുടിക്കേണ്ടി വരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.