നല്ല ജീവിതം

Thursday 5 November 2015 9:18 pm IST

ഏതു കാര്യവും ഉള്ളുതുറന്ന് സംസാരിക്കണം. നമ്മുടെ വാക്കുകള്‍ അത് കേള്‍ക്കുന്നവരെ ഒരു തരത്തിലും ക്ഷോഭിപ്പിക്കുന്നതാവരുത്. ചിന്തിപ്പിക്കുന്നതായിവേണം. ഏതു സാഹചര്യത്തിലും ശാന്തമായി വേണം സംസാരിക്കാന്‍. പറയേണ്ട കാര്യം ലളിതമായ ഭാഷയില്‍ അവതരിപ്പിക്കാന്‍ ശ്രദ്ധിക്കണം. അങ്ങനെ ജീവിക്കുമ്പോള്‍ മനസ്സിന് കൂടുതല്‍ സന്തോഷമുണ്ടാകും. ക്ഷോഭം മനസ്സില്‍ വന്നു എന്നുകണ്ടാല്‍ ആ കോപത്തെ നിയന്ത്രിക്കണം. കോപിച്ച മനസ്സ് മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന രീതിയില്‍ വാക്കുകള്‍ ഉപയേഗിച്ചെന്നു വരാം. അതുകൊണ്ടെപ്പോഴും പരിചയമുള്ളവരോടും അല്ലാത്തവരോടും സംസാരിക്കുന്നത് മാന്യമായ രീതിയിലായിരിക്കണം. മാന്യമായ രീതിയില്‍ സംസാരിക്കുന്നവര്‍ക്കാണ് മറ്റുള്ളവരോട് നല്ല രീതിയില്‍ പെരുമാറാന്‍ സാധിക്കുന്നത്. സംസാരിക്കുന്ന ആളിനോട് ബഹുമാനവും ആദരവും മനസ്സിലെപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കണം. അങ്ങനെയായാല്‍ വേണ്ടാത്ത വാക്കുകള്‍ പ്രയോഗിക്കാനവസരം ഉണ്ടാവില്ല. മറ്റുള്ളവരോടുള്ള സംഭാഷണമെപ്പോഴും ഒരു നല്ല ബന്ധത്തെ ഉളവാക്കുന്നതാവണം. പറയാനുള്ള കാര്യം ലളിതമായ ഭാഷയില്‍ വിഷയത്തിന്റെ ഗൗരവമനുസരിച്ച് പ്രകടിപ്പിക്കുന്ന സ്വഭാവം സ്വന്തമാക്കണം. ഒരു മനുഷ്യന്റെ സ്വഭാവം നന്നാവണമെങ്കില്‍ അന്യരോടുള്ള സംസര്‍ഗ്ഗം സന്തോഷത്തോടും സൗഹാര്‍ദ്ദത്തോടുംകൂടി ആയിരിക്കണം. ജീവിതം വിജയിക്കണമെങ്കില്‍ മറ്റുള്ളവരോടുള്ള സംസര്‍ഗ്ഗം എപ്പോഴും മാന്യമായ രീതിയിലാവണം. അങ്ങനെയായാല്‍ വളരെ കുറച്ചുവാക്കുകള്‍കൊണ്ട് പറയാനുള്ള കാര്യങ്ങള്‍ വ്യക്തമാക്കാം. സംഭാഷണം ദീര്‍ഘിപ്പിക്കാന്‍ അവസരം കൊടുക്കരുത്. ദീര്‍ഘിപ്പിക്കുമ്പോഴാണ് കുറവുകള്‍ വന്നുചേരുന്നത്. പിന്നെ സംസാരിക്കുന്നതെപ്പോഴും ലളിതഭാഷയിലായിരിക്കണം. ഭാഷ ലളിതമായാല്‍ കേള്‍ക്കുന്ന ആളും ലളിത ഭാഷതന്നെ ഉപയോഗിക്കും. ഒരു കാര്യ വളച്ചുകെട്ടി പറയുന്ന സ്വഭാവം ബോധപൂര്‍വ്വം ഉപേക്ഷിക്കണം. പറയാനുള്ള കാര്യം സംഭാഷണത്തിലൂടെ നേരിട്ടു വ്യക്തമാക്കണം. അങ്ങനെയായാല്‍ തെറ്റിദ്ധാരണകള്‍ക്കിടയുണ്ടാവില്ല. അതുകൊണ്ട് ജീവിതം നന്നാവണമെങ്കില്‍ മറ്റുള്ളവരോടു പറയേണ്ട കാര്യങ്ങള്‍ ബഹുമാനത്തോടുകൂടി ലളിത ഭാഷയില്‍ അവതരിപ്പിക്കണം. സംസാരഭാഷ എപ്പോഴും ലളിതവും സ്പഷ്ടവുമായിരിക്കണം. അങ്ങനെ നേരിട്ടു സംസാരിക്കുമ്പോള്‍ അന്യോന്യം മനസ്സിലാക്കാനും അഭിപ്രായങ്ങള്‍ തുറന്ന് വിശദമാക്കാനും അവസരമുണ്ടാവും. സംഭാഷണമെപ്പോഴും സ്പഷ്ടമാവണം. ലളിതമായി ചുരുങ്ങിയ വാക്കുകളില്‍ പറയുന്ന കാര്യങ്ങള്‍ വ്യക്തമാക്കണം. ഉപയോഗിക്കുന്ന സംഭാഷണശൈലി മാന്യമാവണം. അങ്ങനെയായാല്‍ പറയാനുള്ള ഏതുകാര്യവും സ്പഷടമായും ലളിതമായും ചുരുങ്ങിയ സമയത്തിനുള്ളില്‍ വ്യകതമാകും. അധികം സംസാരിക്കുന്നത് പറയുന്ന കാര്യം വേണ്ട പോലെ ധരിക്കാതിരിക്കുമ്പോഴാണ്. എവിടെയും ലാളിത്യമാണ് ജീവിതം വിജയിക്കുന്നതിന് ആവശ്യമായിട്ടിരിക്കുന്നത്. ലളിത ജീവിതം നയിക്കലാണ് അതിനാവശ്യം. ലളിത ജീവിതം നയിക്കുന്നവര്‍ക്ക് ആവശ്യങ്ങളും പരിമിതമായിരിക്കും. ആവശ്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നാല്‍ മന:ശാന്തി കുറഞ്ഞു കുറഞ്ഞുവരും. മന:ശാന്തിയുള്ളവര്‍ക്കെ സമാധാനമുണ്ടാവൂ. പ്രവര്‍ത്തനശേഷി വേണമെങ്കില്‍ മനസ്സിലെ ചിന്തകള്‍ പരോപകാര പ്രദമാവണം. സ്വാര്‍ത്ഥതയാണ് മനുഷ്യനെ നശിപ്പിക്കുന്നത്. സ്വാര്‍ത്ഥത വളരാതിരിക്കണമെങ്കില്‍ ഏതു പ്രവൃത്തിയും ഈശ്വരനെ ഓര്‍ത്തു ചെയ്യണം. മനസ്സിനെ ശുദ്ധമാക്കാനുള്ള ഏറ്റവും നല്ലവഴി ഈശ്വരസ്മരണയാണ്. ആ സ്മരണ നിലനിര്‍ത്താന്‍ ഈശ്വരനാമങ്ങളും മന്ത്രങ്ങളും ജപിക്കുന്നത് നല്ലതാണ്. അത് സ്വഭാവമായാല്‍ വേണ്ടാത്ത ചിന്തകള്‍ മനസ്സിലുണ്ടാവില്ല. രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതു തന്നെ ഈശ്വരസ്മരണയോടുകൂടി തന്നെയാവണം. ചെയ്യുന്ന പ്രവൃത്തികള്‍ ശ്രദ്ധയോടും ഭക്തിയോടും ചെയ്യണം. ശ്രദ്ധ ഉള്ളിടത്തെ ഭക്തി പ്രകാശിക്കൂ. അതുമിതും ചിന്തിച്ച് സമയം കളയരുത്. ആരുടേയും മനുഷ്യജന്മം സഫലമാവാന്‍ നല്ല പ്രവൃത്തികള്‍ തന്നെ ചെയ്യണം. മരിക്കുമ്പോള്‍ ഈശ്വരനെ ഓര്‍ക്കാന്‍ കഴിഞ്ഞാല്‍ ജീവിതം സഫലമായെന്ന് കരുതി കൊള്ളണം. അതിനുവേണ്ടിയുള്ള അഭ്യാസമായിരിക്കണം. ഉണര്‍ന്നാലുറങ്ങുന്നതുവരെ അനുഷ്ഠിച്ചുകൊണ്ടിരിക്കേണ്ടത്. മനസ്സില്‍ ഈശ്വര സ്മരണ ശക്തമായാല്‍ ഈശ്വരനോടുള്ളതായ ഭക്തി വളരാനിടയാവും. ഭഗവാനോടു തോന്നുന്ന അങ്ങേയറ്റത്തെ സ്‌നേഹമാണ് ഭക്തി. ഈശ്വര സ്മരണ നിരന്തരമായാല്‍ അതുമിതും ചിന്തിച്ചു കൊണ്ടിരിക്കുന്നവര്‍ ലക്ഷ്യബോധമില്ലാതെ സമയത്തെ പാഴാക്കുന്നവരാണ്. ഈശ്വര സ്മരണ കൊണ്ട് മന:ശാന്തി കിട്ടുന്നതുപോലെ വെറൊന്നു കൊണ്ടും ആര്‍ക്കുമത് കിട്ടില്ല. നല്ല ജീവിതം കൊണ്ട് നേടേണ്ടത് മന:ശാന്തിയാണ്. കര്‍ത്തവ്യകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടിരുന്നാല്‍ ആര്‍ക്കും മന:ശാന്തി വളര്‍ന്നുകൊണ്ടിരിക്കും. അങ്ങനെയുള്ളവര്‍ അതുമിതും ചിന്തിച്ച് സമയം കളയുകയില്ല. അവരുടെ ചിന്തകളെല്ലാം ഈശ്വരാഭിമുഖമായ ചിന്തകളാവും. മനസ്സ് ഈശ്വരാഭിമുഖമാവുമ്പോള്‍ അതുമിതും ചിന്തിച്ച് മനസ്സ് കാടുകേറില്ല.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.