ജില്ലയില്‍ 73% പോളിംഗ്

Thursday 5 November 2015 10:18 pm IST

കൊച്ചി: ജില്ലയില്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ 73% പോളിംഗ് രേഖപ്പെടുത്തി. രാത്രിയോടെ വോട്ടിങ് മെഷീനുകള്‍ അതത് സ്വീകരണകേന്ദ്രങ്ങളില്‍ എത്തുന്നതോടെ തിരഞ്ഞെടുപ്പു സംബന്ധമായ എല്ലാ രേഖകളും ലഭ്യമാകൂ. വോട്ടിങ് ശതമാനത്തില്‍ ഇതോടെ മാറ്റം വന്നേക്കാം. 3104 വോട്ടിങ് മെഷീനുകളില്‍ 15 എണ്ണമാണ് ജില്ലയില്‍ തകരാറിലായത്. കനത്ത മഴയുടെ സാന്നിധ്യത്തില്‍ തുടങ്ങിയ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. വോട്ടെട്ടുപ്പില്‍ അക്രമങ്ങളോ അനിഷ്ട സംഭവങ്ങളോ റിപ്പോര്‍ട്ട് ചെയ്തില്ല. രാവിലെ ഏഴിനാരംഭിച്ച വോട്ടെടുപ്പ് തുടക്കത്തില്‍ മന്ദഗതിയിലായിരുന്നെങ്കിലും പതിനൊന്നു മണിയോടെ പോളിംഗ് ശക്തമായി. രാത്രി തുടങ്ങിയ മഴ രാവിലെ എട്ടു മണിയോടെ ശമിച്ചതോടെ പോളിംഗ് ബൂത്തിലേക്കുള്ള സമ്മതിദായകരുടെ ഒഴുക്കും വര്‍ധിച്ചു തുടങ്ങി. ജില്ലയിലെ ബൂത്തുകളിലെങ്ങും വൃദ്ധരും കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും നീണ്ട നിരയില്‍ സ്ഥാനം പിടിച്ച് നാടിന്റെ വിധിയെഴുത്തില്‍ പങ്കാളിയായി. പായിപ്ര ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ ശക്തമായ പോളിംഗ് രേഖപ്പെടുത്തി. പായിപ്ര ഗവണ്‍മെന്റ് സ്‌കൂളില്‍ നടന്ന വോട്ടെടുപ്പില്‍ പതിനൊന്നു മണിയോടെ തന്നെ 69% പേര്‍ വോട്ടു രേഖപ്പെടുത്തി. ഉച്ചയോടെ പോളിംഗ് ശതമാനം 88 നു മുകളിലെത്തി. പോളിംഗ് അവസാനിക്കുമ്പോള്‍ 93.5% പോളിംഗ് രേഖപ്പെടുത്തി. വോട്ടിംഗ് പ്രക്രിയയില്‍ ഒരു തടസവും നേരിട്ടില്ല. ആകെയുള്ള 1340 പേരില്‍ 1253 പേരും വോട്ട് രേഖപ്പെടുത്തി. ജില്ലയില്‍ വോട്ടിംഗ് പൊതുവെ ശാന്തമായിരുന്നെങ്കിലും ചില ബൂത്തുകളില്‍ യന്ത്ര തകരാര്‍ മൂലം വോട്ടിംഗ് തടസപ്പെട്ടു. കൊച്ചി കോര്‍പ്പറേഷനില്‍ ഒരു കേന്ദ്രത്തിലും നഗരസഭകളിലെ മൂന്നിടങ്ങളിലും ബ്ലോക്ക് പഞ്ചായത്തുകളില്‍ ആറിടത്തുമാണ് യന്ത്രം പണിമുടക്കിയത്. പല ബൂത്തുകളിലും വോട്ടിംഗിനു മുന്‍പേ പ്രശ്‌നം പരിഹരിച്ചതിനാല്‍ കൃത്യസമയത്തു തന്നെ പോളിംഗ് തുടങ്ങാനായി. കൊച്ചി കോര്‍പ്പറേഷനിലെ 30ാം ഡിവിഷനില്‍ കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ കനത്ത മഴയില്‍ വെള്ളം കയറി. അതിരാവിലെ തന്നെ സ്ഥലത്തെത്തിയ വരണാധികാരി ജി.സി.ഡി.എ. സെക്രട്ടറിയായ ആര്‍.ലാലു പോളിങ് ബൂത്ത് പ്ലാറ്റ്‌ഫോം ഇട്ട് ഉയര്‍ത്താന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇത് സാധ്യമാകില്ലെന്നു വന്നതോടെ ബൂത്ത് മുകളിലെ നിലയിലേക്കു മാറ്റി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. എന്നാല്‍ 44ാം ഡിവിഷനിലെ കാരണക്കോടത്ത് വെള്ളം കയറിയതിനാല്‍ വോട്ടെടുപ്പ് മുകള്‍ നിലയിലേക്കു മാറ്റേണ്ടി വന്നതിനാല്‍ മുക്കാല്‍ മണിക്കൂറിനു ശേഷമാണ് പോളിംഗ് തുടങ്ങിയത്. അതേസമയം 8, 14, 23, 24 ഡിവിഷനുകളില്‍ നാലിടത്തും തകരാറിലായ യന്ത്രങ്ങള്‍ ഏഴു മണിക്കു മുന്‍പേ മാറ്റി വച്ച് പ്രശ്‌നം പരിഹരിച്ചു. എറണാകുളം 62ാം ഡിവിഷന്‍ കരിത്തലയില്‍ സെന്റ് ജോസഫ് യു.പി. എസിലും വെള്ളം കയറിയതിനാല്‍ ബൂത്ത് അടുത്ത ക്ലാസിലേക്ക് മാറ്റി. മുവാറ്റുപുഴ നഗരസഭയില്‍ സംഗമം (24) ബൂത്തിലും കുഴിമറ്റത്തും (14) നേരിയ തകരാര്‍ കണ്ടതിനാല്‍ വോട്ടിംഗ് അരമണിക്കൂര്‍ വൈകി. കോതമംഗലത്ത് 19 ാം വാര്‍ഡായ വിമലഗിരിയില്‍ മോക്ക് പോളിംഗില്‍ തന്നെ തകരാര്‍ പരിഹരിച്ചു. ഏലൂര്‍ നഗരസഭയില്‍ മഞ്ഞുമ്മലും തൃക്കാക്കരയില്‍ 22ാം വാര്‍ഡിലും പിറവത്ത് 14 ാം വാര്‍ഡായ നാമക്കുഴിയിലും യന്ത്രം ഓണ്‍ ചെയ്യാന്‍ തടസം നേരിട്ടെങ്കിലും വോട്ടിംഗിനെ ബാധിച്ചില്ല. പാറക്കടവ് ബ്ലോക്ക് പഞ്ചായത്തില്‍ നെടുമ്പാശേരി (19) ശ്രീമൂല നഗരം (6), ഡിവിഷനുകളിലെ ഒന്നാം നമ്പര്‍ ബൂത്തുകളില്‍ യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ അവ മാറ്റി വെച്ച് ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് വോട്ടിംഗ്് ആരംഭിച്ചത്. വാഴക്കുളം ബ്ലോക്കിലെ സഹദ് ഭവനിലും മുളന്തുരുത്തിയിലെ ആമ്പല്ലൂരിലും പാമ്പാക്കുടയുലെ രാമമംഗലത്തും നേരിയ തകരാര്‍ മൂലം വോട്ടര്‍മാര്‍ക്ക് അരമണിക്കൂറോളം വോട്ടു ചെയ്യാനായി കാത്തു നില്‍ക്കേണ്ടി വന്നു. കൂവപ്പടിയിലെ പ്രളയക്കാട് വാര്‍ഡില്‍ യന്ത്രത്തില്‍ ബീപ്പ ശബ്ദം കേള്‍ക്കാത്തതിനാല്‍ പുതിയ യന്ത്രം വച്ചാണ് വോട്ടിംഗ് പുനരാരംഭിച്ചത്. ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം കളമശേരി നഗരസഭയില്‍ 50 ശതമാനം പോളിംഗ് രേഖപ്പെടുത്തി. നോര്‍ത്ത് പറവൂരില്‍ 51.16 ശതമാനവും അങ്കമാലി നഗരസഭയില്‍ 39.8 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഏലൂര്‍50%, തൃക്കാക്കര44.33%, ആലുവ37%, പിറവം50% എന്നിങ്ങനെയാണ് പോളിംഗ്. ബ്ലോക്ക് പഞ്ചായത്തുകളില്‍ കൂവപ്പടി 48%, വാഴക്കുളം40%, ഇടപ്പള്ളി40% എന്നിങ്ങനെയാണ് ഉച്ചവരെയുള്ള പോളിംഗ് നിരക്ക്. മുളന്തുരുത്തി ബ്ലോക്കില്‍ മൂന്നു മണിവരെ 72% പോളിംഗ് രേഖപ്പെടുത്തി. പാമ്പാക്കുട 70%, പൂതൃക്ക ഗ്രാമപഞ്ചായത്തില്‍ 70.8% പോളിംഗും രേഖപ്പെടുത്തി. പോളിംഗ് ദിനത്തില്‍ കര്‍ശന സുരക്ഷ ഉറപ്പാക്കിയിരുന്നു. നഗരപരിധിയിലുള്ള പോളിംഗ് സ്‌റ്റേഷനുകളില്‍ മാത്രമായി രണ്ടായിരത്തി അഞ്ഞൂറോളം പോലീസുകാരെയാണ് നിയമിച്ചത്. കമ്മീഷണറുടെ നേതൃത്വത്തില്‍ എഴുപത്തിയഞ്ച് പേരടങ്ങുന്ന ജില്ല സ്‌െ്രെടക്കിംഗ് ടീം രൂപീകരിച്ചിരുന്നു. 14 ഡി.വൈ.എസ്.പി മാര്‍ക്കായിരുന്നു മുഴുവന്‍ പോലീസ് സേനയുടെ നിയന്ത്രണം. 15 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 69 എസ്.ഐമാര്‍, വനിത പോലീസ് ഉള്‍പ്പെടെ രണ്ടായിരത്തോളം പോലീസുകാരും പോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്നു. പോലീസ് വകുപ്പിന്റെ നൂറോളം വാഹനങ്ങളാണ് തിരഞ്ഞെടുപ്പിനായി ഉപയോഗപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ദിനത്തില്‍ പോളിംഗ് തത്സമയം നിരീക്ഷിക്കുന്നതിന് വെബ് കാസ്റ്റിങ്ങും വീഡിയോ റെക്കോര്‍ഡിങ് സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. 55 പ്രശ്‌നബാധിത ബൂത്തുകളിലാണ് ഈസംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. 48 ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങ് സംവിധാനവും മറ്റ് ഏഴ് ബൂത്തുകളില്‍ വിഡിയോ റെക്കോര്‍ഡിങുമാണ് നടത്തിയത്. ജില്ല ഭരണകൂടത്തിനും സംസ്ഥാന ഇലക്ഷന്‍ കമ്മീഷനും നിരീക്ഷിക്കാന്‍ പാകത്തിനാണ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.