ആകാംക്ഷയ്ക്ക് അറുതിവരുത്തി ജനവിധി ഇന്നറിയാം

Friday 6 November 2015 8:55 pm IST

പത്തനംതിട്ട: ആകാംഷയ്ക്ക് അറുതിവരുത്തി ജനവിധി ഇന്നറിയാം. ഇതോടെ ദിവസങ്ങള്‍നീണ്ട വിശകലനങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും വിരാമമാകും. വോട്ടെടുപ്പിന് ശേഷം ജനഹിതമറിയാന്‍ അധികം കാത്തിരിക്കേണ്ടിവന്നില്ലെന്ന ആശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥികളും വിവിധ പാര്‍ട്ടി പ്രവര്‍ത്തകരും. വോട്ടെടുപ്പിന് ശേഷം ഇന്നലെ അവസാന കൂട്ടിക്കിഴിക്കലുകളുടേയും വിശകലനത്തിന്റേയും ദിവസമായിരുന്നു. സ്ഥാനാര്‍ത്ഥികളും പ്രധാന പ്രവര്‍ത്തകരും ഇതിനായി സമയം ചിലവഴിച്ചു. ഇന്ന് പുറത്തുവരുന്ന ജനവിധിയിലെ ആശങ്കയും പലരും പങ്കുവെയ്ക്കാനും തയ്യാറായി. ബിജെപിയുടേയും ഇരു മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ ജനവിധി അനുകൂലമാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിലുമാണ്. ബിജെപി -എസ്എന്‍ഡിപി ഐക്യം പലസ്ഥലങ്ങളിലും വന്‍ വിജയത്തിന് അവസരമൊരുക്കുമെന്ന ഉറച്ചവിശ്വാസത്തിനിടയിലും സിപിഎം അട്ടിമറിക്കുള്ള സാധ്യത തള്ളിക്കളയാനും ബിജെപി നേതാക്കള്‍ തയ്യാറല്ല. ഈ കൂട്ടായ്മ വിജയം കണ്ടെത്തിയാല്‍ അത് ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചേക്കുമെന്ന ആശങ്കയിലാണ് ഇടതുവലതു മുന്നണികള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭകളിലും ത്രിതല പഞ്ചായത്തിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കാന്‍ സാധ്യതയുള്ള വാര്‍ഡുകളെ യുഡിഎഫിന് വോട്ട് മറിച്ചു നല്‍കാന്‍ പാര്‍ട്ടിയംഗങ്ങള്‍ക്ക് സിപിഎം നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നതായും സൂചനയുണ്ട്. പ്രചരണ വേളയിലും ഇരുകൂട്ടരും ബിജെപിയെ മാത്രം എതിര്‍ക്കാനാണ് സമയം കണ്ടെത്തിയത്. ബിജെപി- എസ്എന്‍ഡിപി ഐക്യത്തെ ഏറെ ഭയാശങ്കകളോടെയാണ് എല്‍ഡിഎഫും- യുഡിഎഫും കാണുന്നത്. ഇതുകൊണ്ടാണ് യുഡിഎഫ് ജയിച്ചാലും ബിജെപിയെ പരാജയപ്പെടുത്താനായി വോട്ട് മറിച്ചു നല്‍കാന്‍ സിപിഎം നിര്‍ബന്ധിതമാകുന്നതും. എന്നാല്‍ ഈ നിര്‍ദ്ദേശം പലമേഖലകളിലും പാര്‍ട്ടിപ്രവര്‍ത്തകരില്‍ അസ്വസ്ഥതകളുണ്ടാക്കിയിട്ടുണ്ട്. മുന്‍തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്ഥമായി. പലസ്ഥലങ്ങളിലും തങ്ങളുടെ വോട്ടര്‍മാരെ നിര്‍ബന്ധപൂര്‍വ്വം പോളിംഗ് ബൂത്തുകളിലെത്തിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നില്ല. ബിജെപിയ്ക്ക് വിജയസാധ്യതയുള്ള വാര്‍ഡുകളില്‍ വോട്ടെടുപ്പ് ദിവസം ഉച്ചകഴിഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ സജീവമായി രംഗത്തില്ലായിരുന്നു. ഇത്തരം അട്ടിമറികളിലൂടെമാത്രമേ ബിജെപിയുടെ വിജയത്തെ തടയാന്‍ ഇരുമുന്നണികള്‍ക്കും സാധിക്കൂ എന്നമാണ് വിലയിരുത്തല്‍. ജില്ലയില്‍ നാല് നഗരസഭകളിലും എട്ട് ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളും അടക്കം 12 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. രാവിലെ 8ന് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകളും തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളും തിട്ടപ്പെടുത്തും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ വിവിധ പഞ്ചായത്തുകള്‍ക്കായി പ്രത്യേകം മുറികള്‍ ക്രമീകരിച്ചിട്ടുണ്ട്. 11 മണിക്ക് മുമ്പായി ഫലങ്ങള്‍ പൂര്‍ണ്ണമായും അറിയുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടേയും ഇവ ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടേയും വോട്ടുകളും ഇവിടെയാണ് എണ്ണുന്നത്. ഒന്നിലധികം ബ്ലോക്കുകളിലായി അതിര്‍ത്തിപങ്കിടുന്ന ജില്ലാപഞ്ചായത്ത് ഡിവിഷനുകളുടെ വോട്ടുകളും അതേ ബ്ലോക്കുകളില്‍തന്നെയാണ് എണ്ണുന്നത്. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ വോട്ടുകള്‍ തിട്ടപ്പെടുത്തി ക്രോഡികരിച്ച ശേഷം ജില്ലാ കളക്ട്ടറേറ്റിലേക്ക് നല്‍കുകയും ജില്ലാ കളക്ടര്‍ ഫലപ്രഖ്യാപനം നടത്തുകയും ചെയ്യും. രാവിലെ 8ന് വോട്ടെണ്ണല്‍ ആരംഭിച്ചാല്‍ 15 മിനിട്ടുകള്‍ക്ക് ശേഷംമുതല്‍ ആദ്യഫലങ്ങള്‍ ലഭ്യമായേക്കും. നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും വാര്‍ഡ് 1, 2 എന്ന ക്രമത്തിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. നഗരസഭകളും വോട്ടെണ്ണല്‍ കേന്ദ്രങ്ങളും അടൂര്‍-ഹോളിഎയ്ഞ്ചല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അടൂര്‍, തിരുവല്ല- എം.ജിഎം എച്ച്എസ്എസ്, തിരുവല്ല, പത്തനംതിട്ട- കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട, പന്തളം-എന്‍എസ്എസ് കോളേജ്, പന്തളം. ബ്ലോക്ക് പഞ്ചായത്ത് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഇവയാണ്. മല്ലപ്പള്ളി-സിഎംഎസ്എച്ച്എസ്എസ്, പുളിക്കീഴ്-ഡിവിഎച്ച്എസ്എസ്,കാവുംഭാഗം, കോയിപ്രം-ശ്രീവിവേകാനന്ദ എച്ച്എസ് പുല്ലാട്, ഇലന്തൂര്‍-സെന്റ് തോമസ് കോളേജ് കോഴഞ്ചേരി, റാന്നി- എംഎസ്എച്ച്എസ്എസ്, കോന്നി-അമൃതവിദ്യാലയം, എലിയറക്കല്‍, പന്തളം-പന്തളം എന്‍എസ്എസ് കോളേജ് ഓഡിറ്റോറിയം, പറക്കോട്-കേരളാ യുണീവേഴ്‌സിറ്റി ബിഎഡ് സെന്റര്‍ അടൂര്‍. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വോട്ടെണ്ണല്‍ തുടങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ അപ്പപ്പോള്‍ അറിയിക്കുവാനുള്ള സംവിധാനമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ കേന്ദ്രങ്ങളിലും പ്രത്യേകം ഡേറ്റാസെന്ററുകളും ഒരുക്കിയിട്ടുണ്ട്.ഇത്തവണ തെരഞ്ഞെടുപ്പില്‍ ബാലറ്റിന് പകരം വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചത് വോട്ടെണ്ണല്‍ ഫലങ്ങള്‍ നേരത്തെ ലഭ്യമാക്കാന്‍ സഹായകമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.