നോര്‍ത്ത് ഈസ്റ്റിന് മുന്നില്‍ കൊല്‍ക്കത്ത വീണ്ടും വീണു

Saturday 7 November 2015 9:47 pm IST

കൊല്‍ക്കത്ത: അത്‌ലറ്റികോ കൊല്‍ക്കത്തക്ക് സ്വന്തം മൈതാനത്ത് നോര്‍ത്ത് ഈസ്റ്റ് ഷോക്ക്. ഇന്നലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് അത്‌ലറ്റികോയെ കീഴടക്കിയത്. കളിയുടെ ഒമ്പതാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മാര്‍ക്വീ താരം സിമാവോയാണ് വിജയഗോള്‍ നേടിയത്. വിജയത്തോടെ ഏറ്റവും പിന്നിലായിരുന്ന നോര്‍ത്ത് ഈസ്റ്റ് 11 പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നോര്‍ത്ത് ഈസ്റ്റിനെതിരെ തുടര്‍ച്ചയായ രണ്ടാം പരാജയമാണ് കൊല്‍ക്കത്തയുടേത്. പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകളുതിര്‍ക്കുന്നതിലും വ്യക്തമായ മേധാവിത്തം നേടിയിട്ടും നോര്‍ത്ത് ഈസ്റ്റ് ഗോളി രഹ്‌നേഷിനെ കീഴടക്കാന്‍ കഴിയാതിരുന്നതാണ് കൊല്‍ക്കത്തക്ക് തിരിച്ചടിയത്. കഴിഞ്ഞ ദിവസം മുംബൈക്കെതിരെ ഹാട്രിക്ക് നേടിയ ഇയാന്‍ ഹ്യൂം നിറം മങ്ങിയതും നോര്‍ത്ത് ഈസ്റ്റ് പ്രതിരോധക്കോട്ട കെട്ടിയതും അവര്‍ക്ക് തിരിച്ചടിയായി. മുംബൈ സിറ്റിയെ തോല്‍പ്പിച്ച ടീമില്‍ ഒരു മാറ്റം മാത്രമാണ് അത്‌ലറ്റികോ ഡി കൊല്‍ക്കത്ത കോച്ച് ഇന്നലെ വരുത്തിയത്. റഹിം നബിക്ക് പകരം മഹമ്മദ് റഫീഖ് കളത്തിലിറങ്ങി. അതേസമയം അഞ്ച് മാറ്റങ്ങളാണ് നോര്‍ത്ത് ഈസ്റ്റ് കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ വരുത്തിയത്. സെഡ്രിക് ഹെങ്ബര്‍ട്ട്, സെയ്ത്യാസെന്‍ സിങ്, സഞ്ജു പ്രധാന്‍, ഫ്രാന്‍സിസ് ഡാഡ്‌സെ, ഡിയോമന്‍സി കമാറ എന്നിവര്‍ക്ക് പകരം നിക്കോളാസ് വെലസ്, ബ്രൂണോ ഹെരേരോ, സിമാവോ, സിയാം ഹങ്ഗല്‍, റീഗന്‍ സിങ് എന്നിവര്‍ കളത്തിലിറക്കി. കളി തുടങ്ങി ഒമ്പതാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഡ് നേടി. കാര്‍ലോസ് ലോപ്പസിനെ ബോക്‌സിനുള്ളില്‍ വച്ച് നാറ്റോ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. നോര്‍ത്ത് ഈസ്റ്റിന്റെ മാര്‍ക്വീ താരം സിമാവോ എടുത്ത കിക്കിന് അനുസൃതമായി അമരീന്ദര്‍ സിംഗ് ഡൈവ് ചെയ്‌തെങ്കിലും പന്ത് വലയില്‍ കയറി. 20-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ലോപ്പസിന് ഹ്യൂമിനെ ഫൗള്‍ ചെയ്തതിന് മഞ്ഞക്കാര്‍ഡ്. തൊട്ടുപിന്നാലെ കൊല്‍ക്കത്ത് ഫ്രീകിക്ക്. ഗാവലിന്‍ എടുത്ത കിക്ക് ബോക്‌സിലേക്ക് വളഞ്ഞിറങ്ങിയെങ്കിലും നാറ്റോക്ക് കണക്ട് ചെയ്യാന്‍ കഴിയുന്നതിന് മുന്നേ നോര്‍ത്ത് ഈസ്റ്റ് ഗോളി രഹ്‌നേഷ് കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. അത്‌ലറ്റികോയുടെ ആദ്യ അവസരമായിരുന്നു ഇത്. 28-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് വീണ്ടും അവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. ബ്രൂണോ ഹെരേരോ തള്ളിക്കൊടുത്ത പന്തുമായി ബോക്‌സില്‍ പ്രവേശിച്ചശേഷം വെലസ് പായിച്ച ബുള്ളറ്റ് ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ ഇയാന്‍ ഹ്യൂമിന്റെ ഷോട്ട് നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി ഗോളി രഹ്‌നേഷ് തട്ടിയകറ്റി. 33-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് വീണ്ടും കൊല്‍ക്കത്ത വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. തൊട്ടുപിന്നാലെ ബോര്‍ജ ഫെര്‍ണാണ്ടസിന്റെ ഷോട്ടും രഹ്‌നേഷ് അനായാസം കയ്യിലൊതുക്കി. നാല് മിനിറ്റിനുശേഷം ജുവല്‍ രാജയുടെ ക്രോസിന് ഹ്യൂം തലവെച്ചതും ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പിന്നീട് 41-ാം മിനിറ്റില്‍ മുഹമ്മദ് റഫീഖിന്റെ തകര്‍പ്പന്‍ ഹെഡ്ഡറും നോര്‍ത്ത് ഈസ്റ്റ് ഗോളി രഹ്‌നേഷ് ഡൈവ് ചെയ്ത് ഉജ്ജ്വലമായി കയ്യിലൊതുക്കി. തൊട്ടുപിന്നാലെ ജെയിം ഗാവലിന്റെ ഷോട്ടും പുറത്ത്. ആദ്യപകുതിയുടെ അവസാനമിനിറ്റില്‍ ലഭിച്ച അവസരം കൊല്‍ക്കത്തയുടെ ടിരി നഷ്ടപ്പെടുത്തിയതോടെ 1-0ന്റെ ലീഡുമായി നോര്‍ത്ത് ഈസ്റ്റ് ഇടവേളക്ക് പിരിഞ്ഞു. ആദ്യപകുതിയില്‍ പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും കൊല്‍ക്കത്തയായിരുന്നു മുന്നിട്ടുനിന്നതെങ്കിലും ഗോള്‍ വല ചലിപ്പിക്കുന്നതില്‍ സ്‌ട്രൈക്കര്‍മാര്‍ പരാജയപ്പെടുകയായിരുന്നു. 10 ഷോട്ടുകളാണ് അവര്‍ ആദ്യപകുതിയില്‍ മാത്രം ലക്ഷ്യത്തിലേക്കും അല്ലാതെയുമായി പായിച്ചത്. അതേസമയം നോര്‍ത്ത് ഈസ്റ്റ് ഒരിക്കല്‍ മാത്രമാണ് ഷോട്ട് ഉതിര്‍ത്തത്. കൊല്‍ക്കത്തക്ക് അഞ്ച് കോര്‍ണറുകള്‍ ലഭിച്ചപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന് രണ്ടെണ്ണം നേടാന്‍ കഴിഞ്ഞു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അത്‌ലറ്റികോ കൊല്‍ക്കത്ത ജുവല്‍ രാജക്ക് പകരം അര്‍ണാബ് മൊണ്ടലിനെയും നാറ്റോക്ക് പകരം വാല്‍ഡോയെയും കളത്തിലിറക്കി. 48-ാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ ഗാവലിന്‍ എടുത്ത ഫ്രീകിക്ക് നോര്‍ത്ത് ഈസ്റ്റ് താരം കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. 53-ാം മിനിറ്റില്‍ സന്ദര്‍ശകരുടെ വെലസിന് ലഭിച്ചഅവസരവും പാഴായി. 61-ാം മിനിറ്റില്‍ വെലസിന്റെ മറ്റൊരു ഷോട്ടും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്ത്. 69-ാം മിനിറ്റില്‍ നിക്കോളാസ് വെലസിന് പകരം റിച്ചാര്‍ഡ് ഡാഡ്‌സെയെ നോര്‍ത്ത് ഈസ്റ്റ് കോച്ച് സെസാര്‍ ഫാരിയാസ് കളത്തിലിറക്കി. 76-ാം മിനിറ്റില്‍ ബ്രൂണോ ഹെരേരോയെ തിരിച്ചുവിളിച്ച് കമാറ മൈതാനത്തേക്ക്. ഇതിനിടെ 60-ാം മിനിറ്റില്‍ ബോര്‍ജ ഫെര്‍ണാണ്ടസിന്റെ ഷോട്ടും പാഴായി. തുടര്‍ന്നും പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും കൊല്‍ക്കത്ത മികച്ചു നിന്നെങ്കിലും നോര്‍ത്ത് ഈസ്റ്റ് ഗോളി രഹ്‌നേഷിനെ കീഴടക്കുന്നതില്‍ കൊല്‍ക്കത്തന്‍ സ്‌ട്രൈക്കര്‍മാര്‍ പരാജയപ്പെട്ടതോടെ സമനിലയെന്ന സ്വപ്‌നവും പൊലിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.