വെങ്ങോലയില്‍ യുഡിഎഫ് ഭരിച്ചാലും പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിന്

Saturday 7 November 2015 10:50 pm IST

കൊച്ചി: പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാക്കായി സംവരണം ചെയ്തിരിക്കുന്ന വെങ്ങോല ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിന് മുന്‍തൂക്കം ഉണ്ടെങ്കിലും പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിന് ലഭിക്കും. 23 വാര്‍ഡില്‍ 11 ഉം യുഡിഎഫും 10 എല്‍ഡിഎഫുമാണ് വിജയിച്ചിരിക്കുന്നത്. ഒരു കോണ്‍ഗ്രസ് റിബലും, ഒരു സിപിഎം റിബലും വിജയിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് രണ്ടിടത്ത് പട്ടികജാതി വനിത സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിരുന്നെങ്കിലും രണ്ടിടത്തും പരാജയപ്പെടുകയായിരുന്നു. അതുകൊണ്ട് തന്നെ വിജയിച്ച കോണ്‍ഗ്രസ് റിബലിനെ കൂട്ടുപിടിച്ച് ഭരണം പിടിച്ചാലും പ്രസിഡന്റ് സ്ഥാനം ലഭിക്കുകയില്ല. സിപിഎം റിബല്‍ സ്ഥാനാര്‍ത്ഥിയായി ടാങ്ക് സിറ്റി വാര്‍ഡില്‍ നിന്നും വിജയിച്ച അശോകന്‍ അവസാനം എല്‍ഡിഎഫിന് പിന്തുണ നല്‍കാനാണ് സാധ്യത. 2010ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അല്ലപ്രയില്‍ നിന്നും സിപിഎം റിബലായി മത്സരിച്ച് വിജയിച്ച ഗോപാലകൃഷ്ണന്‍ ഒടുവില്‍ എല്‍ഡിഎഫിന്റെ ഒപ്പം ചേരുകയായിരുന്നു. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതക്കായി സംവരണം ചെയ്തുകൊണ്ട് ഇടത് വലത് മുന്നണികള്‍ രണ്ട് വാര്‍ഡുകളില്‍ വീതം പട്ടികജാതി വനിതകളെ മത്സരിപ്പിച്ചിരുന്നു. രണ്ടിടത്തും വനിതകള്‍ തോറ്റത് കോണ്‍ഗ്രസിന് തിരിച്ചടി ആയി. എന്നാല്‍ പ്രതിപക്ഷ നേതാവായിരുന്ന അന്‍വര്‍ അലി തോറ്റത് സിപിഎമ്മിന് തിരിച്ചടിയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.