കാസര്‍കോട് നഗരസഭയില്‍ ബിജെപിക്ക് 14-കോണ്‍ഗ്രസ്സ് പൂജ്യം, കാഞ്ഞങ്ങാട് അഞ്ച്

Sunday 8 November 2015 12:30 pm IST

കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ 14 സീറ്റുകളില്‍ താമര വിരിയിച്ച് ബിജെപി വീണ്ടും നഗരസഭാ ഭരണത്തില്‍ നിര്‍ണ്ണായകമായ പ്രതിപക്ഷമായി മാറി. കഴിഞ്ഞ തവണ 11 സീറ്റുകളുണ്ടായിരുന്നത് 3 സീറ്റുകള്‍ വര്‍ദ്ധിച്ച് 14 സീറ്റുകളായി. കാഞ്ഞങ്ങാട് നഗരസഭയില്‍ അഞ്ചിടങ്ങളില്‍ ബിജെപി വിജയിച്ചു. നഗരസഭയിലെ അഴിമതിയും, വികസനമുരടിപ്പും നിറഞ്ഞ ഭരണത്തിനെതിരായ വിധിയെഴുത്തായിരുന്നു ഈ തെരഞ്ഞെടുപ്പ്. ലീഗ് നഗരസഭാ ചെയര്‍മാനായി ഉയര്‍ത്തി കാണിച്ച് ജനവിധി നേടിയ നഗരസഭ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാനായിരുന്ന അബ്ബാസ് ബീഗം മുസ്ലീം ലീഗ് റിബല്‍ സ്ഥാനാര്‍ത്ഥിയോട് ഒരു വോട്ടിന് ദയനീയ പരാജയമേറ്റു വാങ്ങി. നഗരസഭയില്‍ 23 സീറ്റുണ്ടായിരുന്ന മുസ്ലിം ലീഗിന് മൂന്ന് സീറ്റ് നഷ്ടമായി. അതേസമയം 11 സീറ്റുണ്ടായിരുന്ന ബിജെപി മൂന്ന് സീറ്റ് കൂടുതല്‍ നേടി കരുത്ത് കാട്ടി. 14 സീറ്റില്‍ വിജയിച്ച ബിജെപിക്ക് സ്റ്റാന്‍ഡിംഗ് കമ്മറ്റിയിലും ഭരണത്തിലും കൂടുതല്‍ പങ്കാളിത്തം നല്‍കേണ്ടിവരും. സിപിഎം ഒരു സീറ്റ് നിലനിത്തി. അതേസമയം രണ്ട് സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് ഒരു സീറ്റു പോലും ലഭിച്ചില്ല. അതേസമയം മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഇതില്‍ മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ ഫോര്‍ട്ട് റോഡില്‍ വിമത സ്ഥാനാര്‍ത്ഥി റാഷിദ് പൂരണം വിജയിച്ചതാണ് ലീഗിന് വലിയ തിരിച്ചടിയായത്. മുസ്ലിം ലീഗിന്റെ മറ്റൊരു സിറ്റിംഗ് സീറ്റായ അടുക്കത്ത് ബയലില്‍ എഎംഫിറോസ് സ്വന്തന്ത്ര സ്ഥാനാര്‍ത്ഥി എ.എം.ഹനീഫയോട് 42 വോട്ടിന് തോറ്റു. കോണ്‍ഗ്രസിന്റെ കൈയിലുണ്ടായിരുന്ന 10ാം വാര്‍ഡായ വിദ്യാനഗറും 38ാം വാര്‍ഡായ ലൈറ്റ് ഹൗസും ബിജെപി പിടിച്ചെടുത്തു. എല്‍ഡിഎഫില്‍ നിന്നും 37ാം വാര്‍ഡായ കടപ്പുറവും ബിജെപി പിടിച്ചെടുത്തു. വിദ്യാനഗര്‍ വാര്‍ഡില്‍ ബിജെപിയിലെ കെ സവിത യുഡിഎഫിലെ നിര്‍മല മാധവനെ 158 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോല്‍പിച്ചത്. ലൈറ്റ് ഹൗസ് വാര്‍ഡില്‍ ബിജെപിയിലെ കെ.ജി.മനോഹരന്‍ കോണ്‍ഗ്രസിലെ സുനിലിനെ 137 വോട്ടിന് തോല്‍പിച്ചു. കടപ്പുറം വാര്‍ഡില്‍ ബിജെപിയുടെ എം.ഉമ സിപിഎമ്മിലെ എം.ഷിമ്മിയെ 420 വോട്ടിന് തോല്‍പിച്ചു. പി.രമേശ് (താളിപ്പടുപ്പ്), ദുഗ്ഗപ്പ (കറന്തക്കാട്), രവീന്ദ്ര പൂജാരി (ആനബാഗിലു), കെ.സന്ധ്യാഷെട്ടി (നുള്ളിപ്പാടി), ശങ്കര (നുള്ളിപ്പാടി നോര്‍ത്ത്), ജാനകി (അണങ്കൂര്‍), കെ.സവിത (വിദ്യാനഗര്‍), സുജിത് (പുലിക്കുന്ന്), ജയപ്രകാശ് (കൊറക്കോട്), എ.ശ്രീലത (താലൂക്ക് ഓഫീസ്), അരുണ്‍ കുമാര്‍ (ബീരന്ത്‌വയല്‍), പ്രേമ (കടപ്പുറം സൗത്ത്), ബി.ഉമ (കടപ്പുറം നോര്‍ത്ത്), കെ.ജി.മനോഹരന്‍ (ലൈറ്റ് ഹൗസ്) എന്നിവരാണ് വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥികള്‍. നഗരസഭാ ഭരണത്തില്‍ നിന്ന് ബിജെപിയെ മാറ്റി നിര്‍ത്താനായി കോമാലി സഖ്യമുണ്ടാക്കി ജനവിധിയറിയാനായി ഇറങ്ങി പുറപ്പെട്ട ഇടത് വലത് മുന്നണികള്‍ക്കേറ്റ കമത്ത് പ്രഹരമാണ് ബിജെപിയുടെ തിളക്കമാര്‍ന്ന വിജയം. ലീഗിന് നഗരസഭാ ഭരണം നിലനിര്‍ത്താനായെങ്കിലും അവരുടെ കുത്തക സീറ്റുകളിലുള്‍പ്പെടെ വോട്ടുകളുടെ എണ്ണത്തില്‍ വന്‍ കുറവ് സംഭവിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.