ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞു

Sunday 8 November 2015 12:56 pm IST

പേരാമ്പ്ര: സിപിഎം ആഹ്ലാദ പ്രകടനത്തിനിടെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന്‌നേരെ സ്‌ഫോടകവസ്തു എറിഞ്ഞു. വീടിന്റെ ജാലകത്തിനും ചുമരിനും കേടുപാട് പറ്റി. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍തഥി പന്തിരിക്കര കോക്കാട് നടുപ്പറമ്പില്‍ ജിഷയുടെ വീടിന് നേരെയാണ് സിപിഎമ്മുകാര്‍ സ്‌ഫോടകവസ്തു എറിഞ്ഞത്. വീട്ടില്‍ തനിച്ചുണ്ടായിരുന്ന ജിഷയുടെ മകള്‍ സ്‌നേഹക്ക് പരിക്കേല്‍ക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്തു. സ്‌നേഹയെ പേരാമ്പ്ര കമ്യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോക്കാട് ഉള്‍പ്പെടുന്ന എട്ടാം വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സിപിഎം സ്ഥാനാര്‍ത്ഥി ജയേഷിന്റെ ആഹ്ലാദപ്രകടനത്തിനിടെയാണ് ഇന്നലെ വൈകിട്ട് വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. ഇവിടത്തെ സ്ഥിരം ക്രിമിനല്‍ കൂടിയായ ജയേഷിന്റെ നേതൃത്വത്തിലാണ് ആക്രമണം ഉണ്ടായത്. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ ബിജെപി വന്‍ മുന്നേറ്റമാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയത്. ജിഷ മത്സരിച്ച വാര്‍ഡിലും ബിജെപി ശക്തിപ്രകടനം നടത്തിയിരുന്നു. ഇതിലുള്ള അസ്വസ്ഥതയും രോഷവുമാണ് ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ സിപിഎം അക്രമത്തിനിടയാക്കിയത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ സമാധാനപരമായും മാന്യമായും മാത്രമേ ആഹ്ലാദപ്രകടനം നടത്താവൂ എന്ന പോലീസിന്റെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തിലെടുത്ത തീരുമാനത്തിന്റെ ലംഘനം കൂടിയായിരുന്നു ഇന്നലത്തെ സിപിഎ മ്മുകാരുടെ അക്രമണം. അക്രമത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പെരുവണ്ണാമുഴി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.