തെരഞ്ഞെടുപ്പ് തിരിച്ചടി; സിപിഎം അക്രമം തുടങ്ങി

Sunday 8 November 2015 8:45 pm IST

ആലപ്പുഴ/ചേര്‍ത്തല: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പലയിടങ്ങളിലും തിരിച്ചടി നേരിട്ട സിപിഎം വ്യാപകമായ അക്രമം അഴിച്ചുവിടുന്നു. ആലപ്പുഴ നെഹ്‌റുട്രോഫി വാര്‍ഡില്‍ സിപിഎം അക്രമത്തില്‍ അഞ്ചു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ തെരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റമാണ് ബിജെപിക്കുണ്ടായത്. രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഇതെത്തുടര്‍ന്ന് സിപിഎമ്മുകാര്‍ ഏകപക്ഷിയമായി അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ സിജിയപ്പന്‍, മിതമോന്‍, പ്രേമന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ പ്രകടനം നടത്തിയപ്പോള്‍ കൂട്ടമായി നിന്ന് സിപിഎമ്മുകാര്‍ കല്ലെറിയുകയായിരുന്നു. ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ് സജി, ബിഎംഎസ് പ്രവര്‍ത്തകന്‍ രാജു എന്നിവര്‍ക്ക് പരിക്കേറ്റു. സിപിഎം ഗുണ്ടകളായ ബിനു, ശരത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. കഴിഞ്ഞ ദിവസം കുതിരപ്പന്തി, ഗുരുമന്ദിരം പ്രദേശങ്ങളിലും സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിട്ടിരുന്നു. കോണ്‍ഗ്രസുകാരുടെ ബൂത്തുകളും മറ്റും തകര്‍ത്തു. ചേര്‍ത്തലയില്‍ സമത്വമുന്നണി പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം നേതൃത്വത്തില്‍ വ്യാപക ആക്രമണം. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ എസ്എന്‍ഡിപി ശാഖായോഗം ഓഫീസ് തല്ലിത്തകര്‍ത്തു. ശാഖാ പ്രസിഡന്റ് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ സാകേതത്തില്‍ സുഗുണന്റെ വീട്ടിലെ പച്ചക്കറി കൃഷിയും അക്രമികള്‍ നശിപ്പിച്ചു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എസ്. ജയകൃഷ്ണന്‍, വിഭാഗ് കാര്യകാരി സദസ്യന്‍ മഹേഷ്, ജില്ലാ കാര്യകാരി അംഗം അഡ്വ.പി. രാജേഷ്, താലൂക്ക് സഹകാര്യവാഹ് ഹരികൃഷ്ണന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അര്‍ത്തുങ്കല്‍ പോലീസില്‍ പരാതി നല്‍കി. കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാര്‍ഡ് സമത്വമുന്നണി സ്ഥാനാര്‍ത്ഥി സി.എസ്. സവിതയുടെ പോറ്റിക്കവലയിലെ അക്ഷയകേന്ദ്രത്തിന്റെ മുന്‍ഭാഗം തല്ലിത്തകര്‍ത്തു. മത്‌സരരംഗത്തുനിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് സവിതയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. തണ്ണീര്‍മുക്കം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ സിപിഎം നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മറ്റത്തില്‍ രാധാകൃഷ്ണന്‍(40), പുതുക്കാട്ട് അനീഷ്(20) എന്നിവരാണ് പരിക്കേറ്റ് താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം മുതല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍, എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്കുനേരെ വ്യാപകമായ ആക്രമണമാണ് ഉണ്ടായത്. തിരഞ്ഞെടുപ്പ് ദിവസം രാത്രി ചേര്‍ത്തല തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ചിറയില്‍ മിനി തുളസിദാസിന്റെ വീടിന്റെ ജനാലച്ചില്ലുകളും വാതിലുകളും സിപിഎം ഗുണ്ടകള്‍ അടിച്ച് തകര്‍ത്തിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിനു നേരെ പടക്കമെറിഞ്ഞു നൂറനാട്: പാലമേല്‍ പഞ്ചായത്തിലെ പള്ളിക്കല്‍ വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശിന്റെ വീട്ടിലേക്ക് സിപിഎമ്മുകാര്‍ പടക്കവും ഗുണ്ടും എറിഞ്ഞ് ഭീകരാന്തരീക്ഷവും അസഭ്യവര്‍ഷവും നടത്തി. ജയിച്ച സിപിഎമ്മുകാരുടെ ആഹ്ലാദ പ്രകടനം കടന്നു പോയശേഷമാണ് ഈ സംഭവം ഉണ്ടായത്. ഇവരുടെ വീടിനും ജീവനും അപകടം ഉണ്ടെന്നു കാണിച്ച് നൂറനാട് പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കി. വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ മകനു നേരെ ആക്രമണം ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിദ്യാര്‍ഥിയായ മകനെ ആയുധവുമായെത്തിയ സംഘം മര്‍ദിച്ചതായി പരാതി. ആര്യാട് ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന തുമ്പോളി കണ്ടശേരില്‍ ഷീബ സാജുവിന്റെ മകന്‍ അനന്തു(20)വിനാണ് മര്‍ദനമേറ്റത്. വിജയത്തില്‍ ആഹഌദപ്രകടനം നടത്താന്‍ ഒരുങ്ങുന്നതിനിടെ 20 ഓളം പേരടങ്ങുന്ന ആയുധവുമായെത്തിയ സിപിഎമ്മുകാര്‍ മകനെ ആക്രമിക്കുകയായിരുന്നുവെന്ന് ഷീബ സാജു പറഞ്ഞു. ഇതു കൂടാതെ സിപിഎം സ്ഥാനാര്‍ഥി ജയിച്ചതായി കാണിച്ചു പ്രമുഖ ദിനപത്രത്തില്‍ ഇവര്‍ പടമിട്ടതായും ഷീബ ആരോപിച്ചു. സംഭവം സംബന്ധിച്ചു ഇവര്‍ ആലപ്പുഴ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.