സിപിഎമ്മിലെ പ്രമുഖരുടെ തോല്‍വി, പള്ളുരുത്തിയില്‍ ഗ്രൂപ്പുയുദ്ധം

Sunday 8 November 2015 10:41 pm IST

പള്ളുരുത്തി: തദ്ദേശ തെരെഞ്ഞെടുപ്പിന് മുന്നോടിയായി നിര്‍ത്തിവെച്ചിരുന്ന വി എസ്-പിണറായി ഗ്രൂപ്പുപോര് പള്ളുരുത്തിയില്‍ മൂര്‍ഛിക്കുന്നു. തെരെഞ്ഞെടുപ്പിനോട് ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളുമായി നേതൃത്വം നടത്തിയ ധാരണയുടെ അടിസ്ഥാനത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പള്ളുരുത്തിയിലെ സി പി എം കോട്ടകളിലെ നഗരസഭ വാര്‍ഡുകളിലുണ്ടായ കൂട്ടത്തോല്‍വി പരസ്പരം ചെളി വാരിയെറിയുന്നതിന് സാഹചര്യമൊരുക്കിയിരിക്കുകയാണ്. കോണം ഡിവിഷനില്‍ മത്സരിച്ച മുന്‍ നഗരസഭാംഗം പി എസ് വിജു അറിയപ്പെടുന്ന പിണറായി വിഭാഗക്കാരനാണ്. അദ്ദേഹം ആവശ്യപ്പെട്ട കച്ചേരിപ്പടി വാര്‍ഡ് നല്‍കാതെ വി എസ് വിഭാഗത്തിന്റെ സ്വാധീനത്തിലുള്ള കോണം വാര്‍ഡ് നല്‍കുകയായിരുന്നു. വി എസ് വിഭാഗക്കാര്‍ പാലം വലിച്ച് തന്നെ തോല്‍പ്പിക്കുമെന്നായിരുന്നു ഇദ്ദേഹം പരാതിയായി ഉന്നയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വിജു തോല്‍ക്കുകയും ചെയ്തു. കച്ചേരിപ്പടി ഡി വിഷനില്‍ വി എസ് പക്ഷക്കാരനായ ശ്രീജിത്തിനെയാണ് സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി നിശ്ചയിച്ചത് എന്നാല്‍ കോണം വാര്‍ഡില്‍ സീറ്റു നല്‍കി തന്നെ തോല്‍പിക്കാന്‍ ശ്രമിക്കുകയാണെന്ന വിജുവിന്റെ പരാതിയുടെ വെളിച്ചത്തില്‍ കച്ചേരിപ്പടി സീറ്റില്‍ മത്സരിച്ച വി എ ശ്രീജിത്തിനെ പിണറായി പക്ഷം തോല്‍പിക്കുകയായിരുന്നു. ഇരുഗ്രൂപ്പുകാരുടെയും പരാതി പാര്‍ട്ടി മേല്‍ക്കമ്മിറ്റിക്കു നല്‍കിയിരിക്കുകയാണ്. തങ്ങള്‍ നഗറിലും, തറേ ഭാഗത്തും വിമതര്‍ ജയിച്ചു കയറിയതും സി.പിഎമ്മിന് കടുത്ത ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.നമ്പ്യാപുരം ഡിവിഷനില്‍ മത്സരിച്ച സ്വതന്ത്ര പരാജയപ്പെട്ടതും പാര്‍ട്ടിയിലെ ഉള്‍പ്പോരിന് ആക്കം കൂട്ടിയിട്ടുണ്ട്. മുന്‍ നഗരസഭാംഗം സുനില ശെല്‍വന്റെ വിജയമാണ് പാര്‍ട്ടിക്ക് അല്‍പം ആശ്വാസം നല്‍കിയിരിക്കൂന്നത്. വരും ദിവസങ്ങളില്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള വടംവലി കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്നാണ് പൊതുജന സംസാരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.