ബീഹാറില്‍ ഭരണത്തുടര്‍ച്ച

Monday 9 November 2015 12:53 am IST

പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ്‌കുമാര്‍-ലാലുപ്രസാദ് യാദവ് സഖ്യത്തിന് വിജയം. 243 സീറ്റില്‍ 178 സീറ്റുകളില്‍ വിജയിച്ചാണ് അധികാരം നിലനിര്‍ത്തിയത്. എന്‍ഡിഎ സഖ്യം 59 സീറ്റുകളില്‍ വിജയിച്ചു. ആറ് സീറ്റുകളിലാണ് മറ്റുള്ളവര്‍ വിജയിച്ചത്. മഹാസഖ്യത്തില്‍ ജെഡിയുവിനെ മറികടന്ന് ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡി ഒന്നാമതെത്തി. 80 സീറ്റുകളാണ് ആര്‍ജെഡി കരസ്ഥമാക്കിയത്. ജെഡിയുവിന് 71 സീറ്റുകളും സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച കോണ്‍ഗ്രസിന് 27 സീറ്റുകളും ലഭിച്ചു. എന്‍ഡിഎ സഖ്യത്തില്‍ ബിജെപി-53, എല്‍ജെപി-3, ആര്‍എല്‍എസ്പി-2, എച്ച്എഎം-1 എന്നിങ്ങനെയാണ് സീറ്റുനില. ഇടതുപക്ഷം നൂറോളം സീറ്റുകളില്‍ മത്സരിച്ചെങ്കിലും ഒരിടത്തുപോലും വിജയിച്ചില്ല. സിപിഐക്ക് നേരത്തെയുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുകയും ചെയ്തു. തിര്‍ഹുത് മേഖലയില്‍ മാത്രമാണ് എന്‍ഡിഎ സഖ്യത്തിന് മേല്‍ക്കൈ നേടാനായത്. തിര്‍ഹുത്തിലെ 49 സീറ്റുകൡ 25 എണ്ണം ബിജെപിയും 20 മഹാസഖ്യവും നേടി. എന്നാല്‍ മുസ്ലിം സ്വാധീനമേഖലയായ സീമാഞ്ചലില്‍ 64ല്‍ 45 സീറ്റുകളും മഹാസഖ്യത്തിന് ലഭിച്ചു. ഇവിടെ ബിജെപിക്ക് ലഭിച്ചത് 18 സീറ്റുകളാണ്. മഗധ് മേഖലയിലെ 47ല്‍ 32 സീറ്റുകളും മഹാസഖ്യത്തിനൊപ്പം നിന്നു. മിഥിലയില്‍ 37 സീറ്റുകളില്‍ 28 സീറ്റുകള്‍ ആര്‍ജെഡി-ജെഡിയു സഖ്യം നേടി. പാടലീപുത്രയില്‍ 46ല്‍ 32 സീറ്റുകളാണ് മഹാസഖ്യത്തിന് ലഭിച്ചത്. കൂടുതല്‍ സീറ്റ് ആര്‍ഡെജിക്കാണെങ്കിലും നിതീഷ്‌കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് പറഞ്ഞു. ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം ദേശീയതലത്തിലും പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് നിതീഷ് കുമാറും പ്രതികരിച്ചു. ദീപാവലിക്കുശേഷം നിതീഷ്‌കുമാര്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും. ലാലുപ്രസാദ് യാദവിന്റെ മക്കളായ തേജസ്വി യാദവിനെയും തേജ് പ്രതാപ് യാദവിനെയുമടക്കം കൂടുതല്‍ ആര്‍ജെഡി മന്ത്രിമാരെ ഉള്‍പ്പെടുത്താന്‍ നിതീഷ് കുമാര്‍ നിര്‍ബന്ധിതമായേക്കും. ബീഹാറില്‍ മികച്ച വിജയം നേടിയ നിതീഷ്-ലാലു സഖ്യത്തെ പ്രധാനമന്ത്രി, ബിജെപി ദേശീയ അധ്യക്ഷന്‍, ബിജെപി ബീഹാര്‍ ഘടകം എന്നിവര്‍ അഭിനന്ദിച്ചു. ജനവിധി മാനിക്കുന്നതായും ജെഡിയു-ആര്‍ജെഡി സഖ്യത്തിന്റെ ജാതിസമവാക്യങ്ങള്‍ കൂടുതല്‍ വിജയകരമായെന്നും മുന്‍ ഉപമുഖ്യമന്ത്രിയും നിയമസഭാ പ്രതിപക്ഷ നേതാവുമായ സുശീല്‍കുമാര്‍ മോദി പറഞ്ഞു. ജയിച്ചു പക്ഷെ സീറ്റ് കുറഞ്ഞു 2010ല്‍ നിതീഷിന് ലഭിച്ച 115 സീറ്റുകള്‍ 71 ആയി കുറഞ്ഞിരിക്കുകയാണ്. ലാലുപ്രസാദ് യാദവാണ് കിംഗ് മേക്കര്‍. ബീഹാര്‍ രാഷ്ട്രീയത്തില്‍ ഒരിടവേളയ്ക്കുശേഷം വീണ്ടും ലാലുപ്രസാദ് യാദവ് ശക്തിപ്രാപിച്ചിരിക്കുന്നത് ജെഡിയുവിന് വലിയ തലവേദന സൃഷ്ടിക്കുമെന്ന ആശങ്ക ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. കാലിത്തീറ്റ കുംഭകോണക്കേസില്‍ ഉള്‍പ്പെട്ട് സംസ്ഥാന-ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടമായി വര്‍ഷങ്ങളോളം പിന്നിട്ടുനിന്ന ലാലുപ്രസാദ് യാദവിന്റെ തിരിച്ചുവരവ് ബീഹാറിന് ഏതുനിലയില്‍ പ്രയോജനം ചെയ്യുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.