ഭരണം കയ്യെത്തും ദൂരെ...പക്ഷേ

Monday 9 November 2015 1:35 pm IST

പരപ്പനങ്ങാടി: നഗരസഭയുടെ ജനവിധി ഇങ്ങനെയാകുമെന്ന് ആരും സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല. തീരദേശത്തെ അസംതൃപ്തരായ ലീഗ് അണികളും കോണ്‍ഗ്രസുകാരും കൂടി ഏല്‍പ്പിച്ച കനത്ത പ്രഹരത്തില്‍ നിന്നും ലീഗ് ഇതുവരെ മോചിതരായിട്ടില്ല. കയ്യെത്തും ദൂരെത്തെത്തിയ ഭരണം ആപ്പിള്‍ മുന്നണി തട്ടിതെറിപ്പിക്കുകയായിരുന്നു. പണംവാരിയെറിഞ്ഞും കള്ളക്കഥകള്‍ മെനഞ്ഞും ഇടത് വികസന മുന്നണി സ്വരൂപിച്ച 20 സീറ്റുകള്‍ ഇവരെ ഭരണത്തിലേക്ക് എത്തിക്കുന്നില്ല. വിരലിലെണ്ണാവുന്ന വോട്ടുകള്‍ക്കാണ് പലപ്രമുഖരും തറപറ്റിയത്. ഈ തോല്‍വി ലീഗിന്റെ അഹങ്കാരത്തിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റാണെന്ന് ജനങ്ങള്‍ പറയുന്നു. വിലക്കുവാങ്ങിയ 20 സീറ്റിലിരുന്ന ഭരണത്തിന്റെ മധുരം നുണയാന്‍ ആപ്പിള്‍ മുന്നണിക്കും കഴിയില്ല. എന്നാല്‍ വെറും നാല് സീറ്റുകള്‍ നേടിയ ബിജെപിയാണ് ഇവിടെ മിന്നും താരമായത്. ബിജെപി ആരെ പിന്തുണക്കുമെന്നതാണ് രണ്ടുപേര്‍ കൂടുന്നിടങ്ങളിലെ ചര്‍ച്ചാവിഷയം. പഞ്ചായത്ത് രൂപീകരണം മുതല്‍ അധികാരത്തില്‍ അള്ളിപ്പിടിച്ചിരുന്ന ലീഗിന് പ്രഥമ നഗരസഭയില്‍ പ്രതിപക്ഷത്തിരിക്കുന്ന കാര്യം ആലോചിക്കാന്‍ പോലും കഴിയുന്നില്ല. ആപ്പിള്‍ മുന്നണിയാകട്ടെ ചീട്ടുകൊട്ടാരം തകര്‍ന്നടിയുമോയെന്ന ആശങ്കയിലാണ്. ഭാവി ഭരണം നിശ്ചയിക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.