തെരഞ്ഞെടുപ്പ് വിജയം സിപിഎമ്മിന്റെ മനോനില തെറ്റിച്ചു നീലേശ്വരത്ത് വ്യാപക അക്രമം;വീടുകള്‍ തകര്‍ത്തു

Monday 9 November 2015 9:22 pm IST

നീലേശ്വരം: എല്‍ഡിഎഫിന് പ്രത്യേകിച്ച് സിപിഎമ്മിനുണ്ടായ അപ്രതീക്ഷിത വിജയം അണികളുടെ മനോനില തെറ്റിച്ചു. ഇതിന്റെ ഫലമായി ഫലപ്രഖ്യാപനം വന്നതുമുതല്‍ കാഞ്ഞങ്ങാട്ടും നീലേശ്വരത്തും വ്യാപക അക്രമങ്ങളാണ് സിപിഎം നടത്തുന്നത്. തെരഞ്ഞെടുപ്പ് ദിവസം തന്നെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമങ്ങള്‍ തുടങ്ങിയിരുന്നു. അന്ന് പരാജയ ഭീതി മൂലമാണ് അക്രമം നടത്തിയതെങ്കില്‍ ഇന്ന് വിജയത്തില്‍ അഹങ്കരിച്ചാണ് അക്രമം നടത്തുന്നത്. നഗരസഭയിലെ ചാത്തമത്ത് വ്യാപക അക്രമമാണ് സിപിഎം നടത്തിത്. വീടുകള്‍ക്കു നേരെയും അക്രമമുണ്ടായി. ശനിയാഴ്ച രാത്രി പത്തു മണിയോടെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുള്ള പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ച് പ്രകടനമായെത്തിയ നൂറ്റമ്പതോളം സിപിഎം പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടത്. പാര്‍ട്ടി ഗ്രാമമായ ചാത്തമത്ത് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എം.കെ.സുനില്‍കുമാറിന്റെ വീടാണ് ആദ്യം സിപിഎം പ്രവര്‍ത്തകര്‍ അക്രമത്തിനിരയാക്കിയത്. റോഡില്‍ നിന്നും കരിങ്കല്‍ ചീളുകള്‍ കൊണ്ട് വീടിനു നേരെ എറിയുകയായിരുന്നു. കല്ലേറില്‍ വീടിന്റെ ഓടുകള്‍ തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന മാതാവ് കാര്‍ത്ത്യായനി (58), ഭാര്യ ലേഖ (26) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനുശേഷം പറമ്പിലേക്ക് കടന്ന സംഘം വീടിനു പുറത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍, പണിയായുധങ്ങള്‍ എന്നിവ മോഷ്ടിച്ചു. കുഞ്ഞിപ്പുളിക്കാല്‍ വാര്‍ഡിലെ സ്ഥാനാര്‍ഥിയും ചാത്തമത്ത് വാര്‍ഡിലെ ബിജെപിയുടെ ബൂത്ത് ഏജന്റുമായിരുന്ന ടി.ടി.സാഗറിന്റെ വീടിനുനേരെ പടക്കം കത്തിച്ചെറിയുകയും ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. ഇതേ വാര്‍ഡില്‍ ജനതാദള്‍ യുണൈറ്റഡ് സ്ഥാനാര്‍ഥിയായിരുന്ന പി.കെ.ഗിരീഷ്‌കുമാറിന്റെ ബൂത്ത് ഏജന്റ് കണ്ടത്തില്‍ ഗംഗാധരന്റെ വീടും അക്രമിക്കപ്പെട്ടിട്ടുണ്ട്. വിവരമറിഞ്ഞ് നീലേശ്വരം സി.ഐ കെ.ഇ.പ്രേമചന്ദ്രന്‍, എസ്‌ഐ പി.നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം സ്ഥലത്തെത്തി. സ്ഥലത്ത് പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവങ്ങളില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു. തെരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം നീലേശ്വരം നഗരസഭയിലെ 18 ാം വാര്‍ഡില്‍ സിപിഎം അക്രമം നടത്തിയിരുന്നു. വോട്ടുചെയ്യാനെത്തിയ ബിജെപി പ്രവര്‍ത്തകരെ അക്രമിക്കുകയും ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തിരുന്നു. സിപിഎം പഞ്ചായത്തായ ബേഡകത്ത് 11 ാം വാര്‍ഡിലെ വാവടുക്കം സ്‌കൂളിലെ ബൂത്തില്‍ കള്ളവോട്ടിനെ ചോദ്യം ചെയ്ത യുവമോര്‍ച്ച പ്രവര്‍ത്തകനെ സംഘടിച്ചെത്തിയ മുന്നൂറോളം വരുന്ന സിപിഎം സംഘമാണ് അക്രമിച്ചത്. യുഡിഎഫിലെ ഗ്രൂപ്പ് വഴക്കും അഭിപ്രായ ഭിന്നതയിലും കൂടുതല്‍ വോട്ട് നേടാനായ എല്‍ഡിഎഫ് പാര്‍ട്ടിയുടെ വളര്‍ച്ചയാണെന്ന് തെറ്റിദ്ധരിച്ചാണ് പരക്കെ അക്രമങ്ങള്‍ നടത്തുന്നത്. ബൂത്തിലിരിക്കാന്‍ സമ്മതിക്കാതെ ബിജെപി പ്രവര്‍ത്തകരെ തടഞ്ഞുവെച്ച സംഭവവും നീലേശ്വരം നഗരസഭയിലുണ്ടായിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരസഭയില്‍ ലീഗിലെയും കോണ്‍ഗ്രസിലേയും ഭിന്നത എല്‍ഡിഎഫിന് വോട്ടായി മാറുകയായിരുന്നു. മടിക്കൈ, തൃക്കരപ്പൂര്‍, വെള്ളിക്കോത്ത്, കുണ്ടംകുഴി, ബേഡകം തുടങ്ങിയ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് ദിവസം അക്രമം നടന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.