മണ്ഡല മകരവിളക്ക് പോലീസ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി: എഡിജിപി

Monday 9 November 2015 9:29 pm IST

പത്തനംതിട്ട: ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുള്ള പോലീസ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ദക്ഷിണ മേഖലാ എഡിജിപിയും ശബരിമല ചീഫ് പോലീസ് കോര്‍ഡിനേറ്ററുമായ എഡിജിപി കെ.പത്മകുമാര്‍ അറിയിച്ചു. തിരുവനന്തപുരം റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് മനോജ് എബ്രഹാം, കൊച്ചി റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് എം.ആര്‍.അജിത് കുമാര്‍ എന്നിവര്‍ പോലീസ് കോര്‍ഡിനേറ്റര്‍മാരായിരിക്കും. സന്നിധാനം , പമ്പ, എരുമേലി, പത്തനംതിട്ട, ഇടുക്കി, ആര്യങ്കാവ്, എന്നീ ആറു മേഖലകളായി ശബരിമല ഉത്സവ പ്രദേശത്തെ തിരിച്ചാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 15 ന് രാവിലെ 8മണിമുതല്‍ പോലീസ് വിന്യാസം ആരംഭിക്കും. മകരവിളക്കിന് ശേഷം നട അടയ്ക്കുന്നതുവരെയുള്ള തീര്‍ത്ഥാടനക്കാലയളവിനെ ആറുഘട്ടങ്ങളായി തിരിച്ചാണ് പോലീസ് വിന്യാസം നടക്കുന്നത്. ഓരോ ഘട്ടവും പത്ത് ദിവസം വീതമുള്ളതായിരിക്കും. ആദ്യഘട്ടത്തില്‍ പമ്പയിലും സന്നിധാനത്തുമായി 16 ഡിവൈഎസ്പിമാര്‍, 32 സി.ഐ മാര്‍, 90 എസ്‌ഐമാര്‍, 1150 പോലീസുകാര്‍ എന്നിവര്‍ ഡ്യൂട്ടിയിലുണ്ടാവും. ആദ്യഘട്ടത്തില്‍ സന്നിധാനത്ത് കെ.എസ്.വിമലും പമ്പയില്‍ തോംസണ്‍ ജോസുമായിരിക്കും സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍. മകരവിളക്ക് ഉത്സവക്കാലമാകുമ്പോഴേക്കും പമ്പയിലും സന്നിധാനത്തുമായി 4000ത്തോളം പോലീസുകാരെ വിന്യസിക്കും. മരക്കൂട്ടത്തുനിന്നും ശരംകുത്തിവരെയുള്ള തീര്‍ത്ഥാടനപാതയില്‍ ആറ് ക്യൂ കോംപ്ലക്‌സുകള്‍ വന്നതിനാല്‍ ഇവയുടെ ഇരുവശത്തുകൂടിയും തീര്‍ത്ഥാടകര്‍ സന്നിധാനത്തേക്ക് കടന്നുവരും. ഇക്കുറി പോലീസിന് വലിയവെല്ലുവിളിയാകുമെന്നും, ഇത് നേരിടാന്‍ ഇവിടെ 200 ഓളം പോലീസുകാരെ അധികമായി നിയോഗിച്ചിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു. സന്നിധാനത്തും നിലയ്ക്കലിലും വടശ്ശേരിക്കരയിലും തീര്‍ത്ഥാടനക്കാലത്ത് പ്രവര്‍ത്തിക്കുന്ന പുതിയ പോലീസ് സ്റ്റേഷനുകള്‍ 15 ന് പ്രവര്‍ത്തനം ആരംഭിക്കും. നീലിമല, ധര്‍മ്മമേട്, അപ്പാച്ചിമേട്, എന്നിവിടങ്ങളില്‍ ഒരു എസ്‌ഐയും ആറ് പോലീസുകാരുമുള്‍പ്പെട്ട പോലീസ് എയ്ഡ് പോസ്റ്റുകള്‍ ഉണ്ടായിരിക്കും. പമ്പയിലും സന്നിധാനത്തും ഓരോ പോലീസ് കമന്റോ ടീമുകളും ഇവരെ കൂടാതെ എന്‍ഡിആര്‍എഫ്-ആര്‍എഎഫ് എന്നിവയുടെ ഒരു കമ്പനിയും, ദ്രുതകര്‍മ്മ സേനയുടെ ഒരു പ്ലാന്റൂണ്‍ വീതവും ഭക്തരുടെ സേവനത്തിനുണ്ടായിരിക്കും. സുരക്ഷയെ സംബന്ധിച്ചുള്ള വിവിധ നിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖകള്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ അച്ചടിച്ച് സന്നിധാനത്തും പമ്പയിലും പല സ്ഥലങ്ങളിലായി വിതരണം ചെയ്യും. സുരക്ഷാ നിര്‍ദ്ദേശങ്ങളെക്കുറിച്ച് വിവിധ ഭാഷകളിലുള്ള ബോര്‍ഡുകളും പ്രദര്‍ശിപ്പിക്കും. ചാലക്കയത്തിനും പമ്പയ്ക്കുമിടയില്‍ റോഡില്‍ പാര്‍ക്കിംഗ് അനുവദിക്കുകയില്ല. എരുമേലി, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവിടങ്ങളിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ പോലീസിന്റെ സേവനം ലഭ്യമാണ്. വലിയാനവട്ടത്ത് അസ്‌കാ ലൈറ്റുകളും തീര്‍ത്ഥാടനക്കാലത്ത് എരുമേലിയില്‍ താല്‍ക്കാലിക ഫയര്‍സേഫ്റ്റി യൂണിറ്റും സ്ഥാപിക്കും. എരുമേലിയിലും പമ്പയിലും സന്നിധാനത്തും എല്‍പിജി സിലിണ്ടറുകള്‍ സുരക്ഷിതത്വമില്ലാതെ സൂക്ഷിക്കുന്നത് നിയന്ത്രിക്കുമെന്നും എഡിജിപി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.