ബീഹാര്‍: വോട്ടില്‍ മുന്‍പില്‍ ബിജെപി 91.5 ലക്ഷം വോട്ട്, 24.8 ശതമാനം

Monday 9 November 2015 10:38 pm IST

പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും വോട്ടിന്റെ കാര്യത്തില്‍ ബിജെപി മറ്റു രണ്ടു പാര്‍ട്ടികളേക്കാളും ബഹുദൂരം മുന്നിലാണ്. ബിജെപിക്ക് ലഭിച്ചത് 24.8 ശതമാനം വോട്ടാണ്.  സീറ്റുകള്‍ 53 എണ്ണവും. മഹാസഖ്യത്തില്‍ ഏറ്റവും അധികം സീറ്റു നേടിയ ആര്‍ജെഡിക്ക് കിട്ടിയത് 80 സീറ്റാണ്, പക്ഷെ വോട്ട് 18.5 ശതമാനം. 71 സീറ്റു നേടിയ ജനതാ ദള്‍(യു)വിന് ലഭിച്ചത് 16.7 ശതമാനം വോട്ടും. ബിജെപിക്ക്  ലഭിച്ചതിനേക്കാള്‍ ഏകദേശം ഏഴു ശതമാനം കുറവ് വോട്ടാണ് ലാലുവിന്റെ പാര്‍ട്ടിക്ക് കിട്ടിയത്. കോണ്‍ഗ്രസിന് കിട്ടിയത് 6.7 ശതമാനം വോട്ടും. ബിജെപിക്ക് 91.5 ലക്ഷത്തിലേറെ വോട്ടും ലാലുവിന്റെ പാര്‍ട്ടിക്ക് 67.9 ലക്ഷത്തിലേറെ വോട്ടും നിതീഷിന് 62 ലക്ഷത്തിലേറെ വോട്ടുമാണ് ലഭിച്ചത്.സ്വതന്ത്രര്‍ക്ക് 35 ലക്ഷം വോട്ട് കിട്ടിയപ്പോള്‍ കോണ്‍ഗ്രസ് പിടിച്ചത് വെറും 25 ലക്ഷം വോട്ട്. മഹാസഖ്യത്തിന് മൊത്തം  46 ശതമാനവും എന്‍ഡിഎയ്ക്ക് 34 ശതമാനവും ലഭിച്ചു. എന്‍ഡിഎയുടെ ഘടകകക്ഷികളായ ലോക്ജനശക്തി പാര്‍ട്ടിക്ക് 4.8 ശതമാനവും ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി ആവാം മോര്‍ച്ചയ്ക്ക് 2.2 ശതമാനവും വോട്ടു മാത്രമേ ലഭിച്ചുള്ളൂ. അഞ്ചു ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പില്‍ 6.68 കോടിയാള്‍ക്കാരാണ് വോട്ട് ചെയ്തത്. 2010ല്‍ 5.51 കോടിപ്പേരാണ് വോട്ട് ചെയ്തത്. അന്ന് ബിജെപി ജനദാദള്‍ സഖ്യമാണ് അധികാരത്തിലെത്തിയത്. ബിജെപിക്ക് 91 സീറ്റും നിതീഷിന്റെ പാര്‍ട്ടിക്ക് 115 സീറ്റും. ഇക്കുറി നിതീഷിന് അന്നു ലഭിച്ചതിനേക്കാള്‍ കുറവ് സീറ്റുകളാണ് ലഭിച്ചത്, 71. കോളടിച്ചത് ലാലുവാണ്. അന്നത്തെ 22 സീറ്റ് 80 ആയി ഉയര്‍ന്നു. വെറും 6.7 ശതമാനം വോട്ടു മാത്രം കിട്ടിയ കോണ്‍ഗ്രസിന് 27 സീറ്റുകളാണ് ലഭിച്ചത്. 201ല്‍ ബിജെപിക്ക് 16.49 ശതമാനം വോട്ടാണ് ലഭിച്ചത്. അന്ന് ജനതാദളിന് കിട്ടിയത് 22.58 ശതമാനം വോട്ടാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.