ജോസ് കെ. മാണിയുടെ രംഗപ്രവേശം മാണിക്ക് വിനയായതായി പഴയ വിശ്വസ്തര്‍

Monday 9 November 2015 11:34 pm IST

കോട്ടയം: അധികാരവും കുടുംബവും ബലഹീനതയായ കെ.എം മാണിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് മുഖ്യകാരണക്കാരന്‍ മകന്‍ ജോസ് കെ. മാണിയുടെ രംഗപ്രവേശമാണെന്ന് പഴയകാല വിശ്വസ്തര്‍ അഭിപ്രായപ്പെടുന്നു. 2002 ഓടെ കേരള കോണ്‍ഗ്രസ് സംഘടന രംഗത്തേക്ക് ജോസ് കെ. മാണി വന്നശേഷമാണ് മാണി വിശ്വസ്തരെ മുഴുവന്‍ അകറ്റിയത്. ജോസ് കെ. മാണിയുടെ കൂടെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്തിനെ കെ.എം മാണിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. ഇയാളാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ചോര്‍ത്തിക്കൊടുത്തതും നികുതി കൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയും പണം വാങ്ങുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. തങ്ങളുടെ പഴയനേതാവ് ഒരു പ്രതിസന്ധിയില്‍പ്പെട്ട സാഹചര്യത്തില്‍ മുതലെടുപ്പിന് ഇറങ്ങിയെന്ന് ജനം ധരിക്കരുത്. അതുകൊണ്ട് തങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയുമായിട്ടാണ് കേരള കോണ്‍ഗ്രസിന്റെ മുന്‍നേതാക്കളും മാണിയുടെ വിശ്വസ്തരും ആയിരുന്നവര്‍ ജന്മഭൂമിയോടു തങ്ങളുടെ വികാരം പ്രകടിപ്പിച്ചത്. ജനങ്ങളുമായി അടുത്ത് ഇടപഴകുന്നവരെയും നന്നായി പ്രസംഗിക്കുന്നവരെയും ഉയര്‍ന്നുവരാന്‍ മാണി അനുവദിക്കില്ല. സമര്‍ത്ഥരായ പല നേതാക്കളും പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടു. ജോസ് കെ.  മാണിക്ക് പണസമ്പാദനമല്ലാതെ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതില്‍ യാതൊരു താല്‍പര്യവുമില്ലെന്നും ഇവര്‍ പറയുന്നു. അന്ധമായ പുത്രവാത്സല്യം കെ. കരുണാകരനെപ്പോലെ കെ.എം മാണിയെയും വലിയ പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.