കൊച്ചി: പൂനെ സിറ്റിക്കെതിരായ മത്സരത്തിലെ ജയം ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയെന്നും ഇന്ന് അത്ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെയും വിജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ലെന്നും ബ്ലാസ്റ്റേഴ്സ് ചീഫ് കോച്ച് ടെറി ഫെലാന്. ഏതു ടീമിനും ഏതു ടീമിനെയും പരാജയപ്പെടുത്താന്‍ സാധിക്കുന്നതാണ് ഈ ലീഗിന്റെ സ്വഭാവം. പോയിന്റ് നിലയില്‍ മുന്നില്‍ നില്‍ക്കുന്നവരെ താഴെ നില്ക്കുന്നവര് പരാജയപ്പെടുത്തുന്നു. ഒരു മത്സര ഫലം തന്നെ ടീമിന്റെ സ്ഥാനം ആകെ മാറ്റിമറിക്കും. എല്ലാ മത്സരവും വളരെ പ്രധാനമെന്ന നിലയിലാണു കളിക്കുന്നത്. ഈ കളിയിലെ മൂന്നു പോയിന്റ് വളരെ പ്രധാനപ്പെട്ടത്. അതു നേടാമെന്ന ആത്മവിശ്വാസവും ടീമിനുണ്ടെന്നും ഫെലാന് പറഞ്ഞു.
ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിലുള്ള പ്രതിരോധനിരതാരം സന്ദേശ് ജിംഗാന്, മധ്യനിരയിലെ കരുത്തന് കാവിന് ലാബോ എന്നിവരുടെ സേവനം ലഭിക്കില്ല. മറ്റുള്ളവര്‍ പൂര്‍ണസജ്ജം. പരുക്കിന്റെ ചെറിയ പ്രശ്നങ്ങളുണ്ട്. എന്നാല്‍, അതു ഗുരുതരമല്ലെന്നും ഫെലാന്.
ഇതിനിടെ സ്പാനിഷ് താരം കാര്‍ലോസ് മര്‍ച്ചേന ക്ലബ് വിട്ട സാഹചര്യത്തില്‍ പുതിയ മാര്‍ക്വീ താരത്തിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന് അസിസ്റ്റന്റ് കോച്ച് ട്രെവര്‍ മോര്ഗന്. മുന്‍ എവര്ട്ടണ് താരം ജെയിംസ് മക്ക്ഫാഡനുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും നാട്ടിലുള്ള തിരക്കുകാരണം അദ്ദേഹത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടില്ല. മക്ഫാഡന് പുറമെ മൂന്നു താരങ്ങളെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: