സിപിഎം ഓഫീസ് ആക്രമിച്ചതിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെ

Tuesday 10 November 2015 1:06 pm IST

നിലമ്പൂര്‍: ചുങ്കത്തറിയിലെ സിപിഎം ഓഫീസ് ആക്രമിച്ചതിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്ന് സൂചന. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം പള്ളിക്കുത്തില്‍ സിപിഎം അഴിച്ചുവിട്ട അക്രമ പരമ്പരയിലാണ് സ്വന്തം ഓഫീസും തകര്‍ത്തത്. എടക്കര പഞ്ചായത്തില്‍ ബിജെപി അക്കൗണ്ട് തുറന്നതും മലയോര മേഖലയിലെ ഇടതുകേന്ദ്രങ്ങളില്‍ ബിജെപി ഉയര്‍ത്തിയ വെല്ലുവിളിയും സിപിഎമ്മിനെ വിറളിപിടിപ്പിച്ചിരിക്കുന്നു. ഇതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ചുങ്കത്തറയിലും പരസര പ്രദേശങ്ങളിലും അരങ്ങേറിയത്. സിപിഎം അക്രമത്തില്‍ എട്ട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. കണ്ണൂര്‍ ഭാഷ സംസാരിക്കുന്ന ചില അപരിചിതരെ എടക്കരയിലും പരിസരത്തും സിപിഎമ്മുകാര്‍ക്കൊപ്പം കണ്ടതായി നാട്ടുകാര്‍ പറയുന്നു. നിലമ്പൂരിലെ വിമതരുടെ അപ്രതീക്ഷിത വിജയവും സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ തകര്‍ന്നടിഞ്ഞതും നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനെ നേരിടാന്‍ നിലമ്പൂരിലെ വിമതര്‍ ജില്ലയിലാകമാനം തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. എതിര്‍ക്കുന്നവരെ ഒതുക്കാന്‍ സിപിഎം സാധാരണ ചെയ്യുന്നതുപോലെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന രീതി തന്നെയാണ് ഇവിടെയും സ്വീകരിച്ചിരിക്കുന്നത്. ബിജെപി പ്രവര്‍ത്തകരെയും വിമതരെയും ഒരുപോലെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് സിപിഎം. പകല്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചതിന് ശേഷം രാത്രി സ്വന്തം ഓഫീസും തല്ലിതകര്‍ത്തു. അക്രമം നടത്തി അത് മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുന്ന സ്ഥിരം പരിപാടിയാണ് ഇവിടെയും നടന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.