ജില്ലയില്‍ എസ്ഡിപിഐക്ക് മുന്നണികളുടെ പരവതാനി

Tuesday 10 November 2015 3:47 pm IST

കൊല്ലം/കുന്നത്തൂര്‍: ബിജെപിയുടെ വിജയം തടയുകയെന്ന ലക്ഷ്യത്തോടെ ജില്ലയില്‍ എസ്ഡിപിഐക്ക് അവസരമൊരുക്കി സിപിഎമ്മും കോണ്‍ഗ്രസും. കോര്‍പ്പറേഷനിലും ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലും അക്കൗണ്ട് തുറക്കാന്‍ എസ്ഡിപിഐക്ക് തുണയായത് ഇരുമുന്നണികളുടെയും കലവറയില്ലാത്ത പിന്തുണയാണ്. ഇതിന്റെ പ്രത്യാഘാതം ഭാവിയില്‍ ഇവര്‍ക്ക് തന്നെ വിനയാകും. കൊല്ലം കോര്‍പ്പറേഷനില്‍ ചാത്തിനാംകുളം ഡിവിഷനിലാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി വിജയിച്ചത്. ബിജെപിയുടെ ലളിതാഭായി അമ്മയെ വെറും ഏഴ് വോട്ടിനാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി നിസാര്‍ ഇവിടെ മറികടന്നത്. ചാത്തിനാംകുളത്ത് തുടക്കം മുതല്‍തന്നെ ബിജെപി പ്രചരണത്തില്‍ മുന്നിലെത്തിയിരുന്നു. ബിജെപിയുടെ വിജയം ഉറപ്പാകുമെന്ന ഘട്ടതില്‍ ഇടത് വലതുമുന്നണികള്‍ തങ്ങളുടെ വോട്ട് എസ്ഡിപിഐക്ക് മറിക്കുകയായിരുന്നു. മൂന്നാമതെത്#ിയ സിപിഎമ്മിലെ അഡ്വജി.എസ്. അരുണ്‍കുമാറിന് 984 വോട്ടാണ് ലഭിച്ചത്. ആര്‍എസ്പി സ്ഥാനാര്‍ത്ഥി എസ്. ഹാരിസിനാകട്ടെ വെറും 420 വോട്ടും. കഴിഞ്ഞകുറി പിഡിപിക്ക് വേണ്ടി വോട്ട് മറിച്ചവര്‍ തന്നെയാണ് ഇത്തവണ ബിജെപിയെ തോല്‍പിക്കാന്‍ എസ്ഡിപിഐക്ക് വോട്ട് നല്‍കിയത്. പനപ്പെട്ടി രണ്ടാംവാര്‍ഡില്‍ ബിജെപിയുടെ വിജയം സുനിശ്ചിതമായിരുന്നു. തുടക്കത്തില്‍ ഇവിടെ ബിജെപിയും യുഡിഎഫും തമ്മിലായിരുന്നു പോരാട്ടം. എന്നാല്‍ അന്തിമഘട്ടത്തില്‍ ബിജെപി വിജയമുറപ്പിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് മത്സരത്തില്‍ നിന്ന് പിന്‍വലിയുകയും എസ്ഡിപിഐ മുസ്ലിം വോട്ട് ഏകീകരണത്തിന് ശ്രമിക്കുകയും ചെയ്തു. എസ്ഡിപിഐയുടെ ഈ വര്‍ഗീയധ്രുവീകരണത്തിന് സിപിഎമ്മും കോണ്‍ഗ്രസും കൂട്ടുനില്‍ക്കുകയും ഇവരുടെ വോട്ട് എസ്ഡിപിഐക്ക് മറിക്കുകയും ചെയ്തു. ഇവിടത്തെ വോട്ടിങ് കണക്കുകളില്‍ ഇത് വ്യക്തമാണ്. എസ്ഡിപിഐ 542 വോട്ടും ബിജെപി 520 വോട്ടും നേടിയപ്പോള്‍ 15 വര്‍ഷമായി ജയിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി 88 വോട്ടുമായി അവസാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ബ്ലോക്കിലും ജില്ലാ ഡിവിഷനുകളിലും ഈ വാര്‍ഡില്‍ വോട്ടുകള്‍ വാരിക്കൂട്ടിയ എല്‍ഡിഎഫിന് പക്ഷേ പഞ്ചായത്ത് തലത്തലെത്തിയപ്പോള്‍ അവരുടെ വോട്ടുകള്‍ അപ്രത്യക്ഷമായി. ഇവിടെ സിപിഎം വോട്ടുമറിച്ചതിന് പ്രത്യുപകാരമായി സിനിമാപറമ്പ് മൂന്നാം വാര്‍ഡില്‍ എസ്ഡിപിഐ തിരിച്ചുസഹായിക്കുകയും ചെയ്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.