ന്യൂദല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതിയുടെ പേരില്‍ വിമുക്തഭടന്മാര് നടത്തുന്ന പ്രതിഷേധത്തിന്റെ സ്വഭാവം സൈനികര്‍ക്കു ചേര്‍ന്നതല്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍. വിരമിച്ച സൈനികര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും പരീഖര്‍ വ്യക്തമാക്കി. മികച്ച സേവനത്തിന് ലഭിച്ച മെഡലുകള്‍ മടക്കി നല്കാന് വിമുക്ത ഭടന്മാര് തീരുമാനിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഈ പ്രതിഷേധം സൈനികര്‍ക്കു ചേര്‍ന്നതല്ല. ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി പ്രഖ്യാപിച്ചിട്ടും പ്രതിഷേധം തുടരുന്നവര്‍ തെറ്റിദ്ധരിക്കപ്പെട്ടവരാണ്, പരീഖര്‍ പറഞ്ഞു.പദ്ധതി സംബന്ധിച്ച വിജ്ഞാപനം അതേപടി നടപ്പാക്കുമെന്നും പരീഖര്‍ അറിയിച്ചു.
വണ്‍ റാങ്ക് വണ്‍ പെന്ഷന് വിമുക്തഭടന്മാര് ഏറെക്കാലമായി ഉന്നയിച്ചുവരുന്ന ആവശ്യമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാര മേറ്റെടുത്തതിനു പിന്നാലെ പദ്ധതി നടപ്പിലാക്കുന്നതിന് നടപടിയാരംഭിച്ചിരുന്നു. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്ന ഔദ്യോഗിക വിജ്ഞാപനം ശനിയാഴ്ച പുറത്തിറക്കുകയും ചെയ്തു. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ പെന്ഷന് പുതുക്കണമെന്നത് ഉള്‍പ്പെടെ അപ്രായോഗിക ആവശ്യങ്ങളുമായി ഒരുവിഭാഗം വിമുക്തഭടന്മാര് സമരവുമായി മുന്നോട്ടുപോകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: