പമ്പയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും : മന്ത്രി

Tuesday 10 November 2015 7:18 pm IST

ശബരിമലയില്‍ ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍ നിര്‍വഹിക്കുന്നു

ശബരിമല: സന്നിധാനത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ മാതൃകയില്‍ അടുത്ത തീര്‍ഥാടന കാലത്തിനു മുന്‍പ് പൂര്‍ത്തിയാകുന്ന നിലയില്‍ പമ്പയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു.

സന്നിധാനത്ത് ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റിന്റെയും മറ്റ് പ്രോജക്ടുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 23 കോടി രൂപ മുടക്കി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സന്നിധാനത്ത് നിര്‍മ്മിച്ച മാലിന്യ പ്ലാന്റിന് പ്രതിദിനം അഞ്ച് ദശലക്ഷം ലിറ്റര്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുണ്ട്. പമ്പാനദി മാലിന്യമുക്തമാക്കുതിന് ഈ പദ്ധതി സഹായിക്കും.
അഞ്ച് കോടി രൂപ മുടക്കി സന്നിധാനത്ത് ആരംഭിക്കുന്ന ആധുനിക ആശുപത്രി സമുച്ചയത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു.

കൂടാതെ 39 കോടി രൂപ ചെലവില്‍ ശരംകുത്തിയില്‍ പുതുതായി പണികഴിപ്പിച്ച ക്യൂ കോംപ്ലക്‌സ്, പമ്പയിലെ റെസ്റ്റോറന്റ് ബ്ലോക്ക്,എന്നിവയുടേയും നിലയ്ക്കലിലെ റോഡുകളുടെയും പാര്‍ക്കിംഗ് യാര്‍ഡുകളുടെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

സന്നിധാനത്ത് നടന്ന പൊതുസമ്മേളനത്തില്‍ രാജു ഏബ്രഹാം എം.എല്‍.എ അധ്യക്ഷ വഹിച്ചു. ആന്റോ ആന്റണി എം.പി, ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉന്നതാധികാര സമിതി ചെയര്‍മാന്‍ കെ.ജയകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ സി.പി.രാമരാജ പ്രേമ പ്രസാദ്, ദേവസ്വം സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ.സജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.