കാര്‍ത്തവീര്യാര്‍ജ്ജുനന്‍

Tuesday 10 November 2015 8:35 pm IST

രാമന്റെ ചോദ്യംകേട്ട് മന്ദസ്മിതത്തോടെ അഗസ്ത്യന്‍ പറയാന്‍ തുടങ്ങി. ദേവന്മാരെ ഉപദ്രവിച്ചും മുനിമാരെ പീഡിപ്പിച്ചു നടക്കുന്നതിനിടക്ക് ഒരിക്കല്‍ രാവണന്‍ മാഹിഷ്മതീപുരിയില്‍ എത്തിച്ചേര്‍ന്നു. അവിടെ കൃതവീര്യ പുത്രനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ തന്റെ നാരീജനങ്ങളുമായി നര്‍മ്മദാനദിയില്‍ ജലക്രീഡ നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത് പുഷ്‌കവിമാനത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന രാവണനും അനുചരന്മാരും കാനന ശോഭിതമായ വിന്ധ്യാചലവും തെളിനീര്‍ നിറഞ്ഞൊഴുകുന്ന നര്‍മ്മദാനദിയും കണ്ടപ്പോള്‍ അതിന്റെ തീരത്ത് വിശ്രമിക്കാമെന്നു വിചാരിച്ച് രാവണന്‍ അനുചരന്മാരോടുപറഞ്ഞു. ഓരോരോ രാജാക്കന്മാരുമായി യുദ്ധംചെയ്തതുമാലം ഉണ്ടായ ആലസ്യംതീര്‍ക്കുന്നതിനുവേണ്ടി നമുക്കെല്ലാവര്‍ക്കും ഈ നര്‍മ്മദയിലിറങ്ങിക്കുളിക്കാം സമയം മദ്ധ്യാഹ്നമായി കുളിച്ച് എനിക്ക് മൃത്യുഞ്ജയാര്‍ച്ചനയും നടത്താം. എല്ലാവരും വിമാനത്തില്‍ നിന്ന് താഴെയിറങ്ങി. രാവണന്‍ കുളികഴിഞ്ഞെത്തിയപ്പോഴേക്കും പരിചാരകന്മാര്‍ ചന്ദനപുഷ്പാദികള്‍ തയ്യാറാക്കി. ആ വിസ്തൃതമായ പാറപ്പുറത്ത് പീഠമൊരുക്കി ശിവലിംഗം സ്ഥാപിച്ചശേഷം ആചാര്യോപദേശ പ്രകാരമുള്ള പൂജാവിധാനത്തോടെ രാവണന്‍ അഭിഷേക പൂജാദികളും സ്തുതിഗീതങ്ങളും നടത്തി. ഇതിനിടക്ക് പെട്ടെന്ന് ജലനിരപ്പ് ഉയരുകയും ശിവലിംഗവും പീഠവും വാളും എല്ലാം വെള്ളത്തിന്റെ തള്ളിക്കയറ്റത്തില്‍ സ്ഥാനഭ്രംശമാക്കപ്പെട്ടു. പെട്ടെന്ന് ഇങ്ങിനെ വെള്ളം കയറുന്നതിന്റെ കാരണം രാവണന് പിടികിട്ടിയില്ല. ഇതെന്തൊരു കഷ്ടമാണ്. ഒരിക്കലും വെള്ളം കീഴോട്ടല്ലാതെ മേലോട്ട് കയറുക പതിവില്ല. എന്താണ് ഈ വെള്ളം മേലോട്ടൊഴുകാന്‍ കാരണമായതെന്ന് തിരക്കിവരുവാന്‍ രാവണന്‍ അനുചരന്മാരായ ശുകസാരണന്മാരെ നിയോഗിച്ചു. അവര്‍ തിരിച്ചുവന്ന് രാവണനോട് അറിയിച്ചു. ഇവിടേനിന്നും ഏകദേശം ഒരു യോജനതാഴോട്ടു ചെല്ലുമ്പോള്‍ അവിടെ അര്‍ജ്ജുനഭൂപതി തന്റെ പത്‌നിമാരുമൊത്ത് ജലക്രീഡ ചെയ്യുന്നുണ്ടെന്നും അതിനിടക്ക് വിനോദത്തിനുവേണ്ടി ജലപ്രവാഹത്തെ താഴോട്ട് പാകാതെ തന്റെ നൂറു കൈകളെക്കൊണ്ട് അണക്കെട്ടുപോലെ തടഞ്ഞുകൊണ്ട് തടുത്തുനിര്‍ത്തിയതിന്റെ ഫലമായാണ് ഈ ജലപ്രവാഹം സംഭവിച്ചതെന്നും വിവരിച്ചു. ശുകസാരണന്മാരുടെ വിവരണം കേട്ട രാവണന്‍ കോപിഷ്ഠനായി. അര്‍ജ്ജുനനോ ആരാണവന്‍. ആരായാലും ശരി അവനെ ജയിച്ചല്ലാതെ ഞാന്‍ ലങ്കക്ക് തിരിക്കുന്ന പ്രശ്‌നമില്ലെന്ന് ശപഥം ചെയ്തുകൊണ്ട് അത്യന്തം രോഷത്തോടെ കാര്‍ത്തവീര്യാര്‍ജ്ജുനനോട് യുദ്ധത്തിനായി ചെന്നു. കരക്ക് കാവല്‍ നില്‍ക്കുന്ന കാര്‍ത്തവീര്യാര്‍ജ്ജുനന്റെ സേവകന്മാരോടായി രാവണന്‍ പറഞ്ഞു. നിങ്ങള്‍ ഉടനെപ്പോയി നിങ്ങളുടെ രാജാവിനോട് രാക്ഷസരാജനായ രാവണന്‍ യുദ്ധത്തിനായി വിളിക്കുന്നു എന്ന് അറിയിക്കുക. ഇതുകേട്ട് അദ്ദഹത്തിന്റെ മന്ത്രിമാര്‍ പറഞ്ഞു. കൊള്ളാം നല്ല സമയം നോക്കിയാണ് നീ യുദ്ധത്തിന്നു വന്നത്. ഇപ്പോള്‍ ഞങ്ങളുടെ രാജാവ് ജലക്രീഡ നടത്തിക്കൊണ്ടിരിക്കുകയാണ്. നിന്റെ മദം തീര്‍ക്കാന്‍ വേണ്ടിയാണെങ്കില്‍ യുദ്ധം നാളെയാകാം. അതല്ല ഇന്നുതന്നെ വേണമെന്ന് നിര്‍ബ്ബന്ധമാണെങ്കില്‍ നീ ഞങ്ങളെ വധിക്കുക. അങ്ങിനെ സംഭവിച്ചാല്‍ രാജാവ് തീര്‍ച്ചയായും യുദ്ധത്തിനെത്തും. ഇതുകേട്ട പ്രഹസ്താദികള്‍ നൃപഭടന്മാരോട് പോരിനൊരുങ്ങി. യുദ്ധകോലാഹലം കേട്ടു നൃപന്‍ നീരാടിക്കൊണ്ടിരിക്കുന്ന നാരീജനങ്ങളോടായി പറഞ്ഞു. നിങ്ങള്‍ ഭയമില്ലാതെ നീരാടിക്കൊള്ളുക. ഞാന്‍ ഒരു നിമിഷത്തില്‍ തിരിച്ചുവരാം. ഇത്രയും പറഞ്ഞ് കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ഗദയുമായി യുദ്ധരംഗത്തേക്ക് നടന്നുനീങ്ങി. രാജാവിന്റെ വരവുകണ്ട് പ്രഹസ്തന്‍ മുസലംകൊണ്ട് അദ്ദേഹത്തെ പ്രഹരിച്ചു. അദ്ദേഹം അത് തട്ടിമാറ്റിക്കൊണ്ട് പ്രഹസ്തനെ ഗദകൊണ്ട് അടിച്ചു. അവന്‍ ബോധഹീനനായി നിലംപതിച്ചു. ഇതുകണ്ട് രാവണന്‍ രാജാവിനോടേറ്റുമുട്ടി. മാഹിഷ്മതീശന്റെ ഗദകൊണ്ടുള്ള അടിയേറ്റ് രാവണന്‍ ഒരു വില്പാടകലം തെറിച്ചുവീണു. ബോധമറ്റുകിടന്ന രാവണന്റെ കൈകാലുകള്‍ കയറുകൊണ്ട് ബന്ധിച്ച് അനുചരന്മാരെക്കൊണ്ട് എടുപ്പിച്ച് അവന്റെ ചന്ദ്രഹാസത്തേയും കയ്ക്കലാക്കി മാഹിഷ്മതിയില്‍ കൊണ്ടുവന്ന് കാരാഗൃഹത്തിലടച്ചു. രാവണന്‍ അടികൊണ്ട് ബോധമറ്റു വീണതും അവനെ ബന്ധനസ്ഥനാക്കി തടവറയിലടച്ചതും അറിഞ്ഞപ്പോള്‍ ശേഷിച്ച രാക്ഷസന്മാര്‍ ഇനി രാവണനെ രക്ഷിക്കാന്‍ എന്താണ് വഴിയെന്ന് ചിന്തിച്ചുതുടങ്ങി. പരസ്പരം വിഷാദിച്ച് ചിന്തയില്‍ മുഴുകിയ അവരോട് മാരീചന്‍ പറഞ്ഞു. രാവണനെ രക്ഷിക്കാന്‍ ഒറ്റ ഉപായമേ ഞാന്‍ കാണുന്നുള്ളു. നിങ്ങള്‍ പോയി പുലസ്ത്യമുനിയെ വിവരമറിയിക്കുക. വിവരമറിഞ്ഞാല്‍ അദ്ദേഹം വന്ന് രാവണനെ രക്ഷപ്പെടുത്തും. മറ്റുപായങ്ങളൊന്നും ആലോചിച്ചിട്ട് കാണുന്നില്ല. മാരീചന്റെ നിര്‍ദ്ദേശപ്രകാരം രാക്ഷസര്‍ പുലസ്ത്യമുനിയെ സന്ദര്‍ശിച്ച് സങ്കടമുണര്‍ത്തിച്ചു. വാര്‍ത്തകേട്ട് ഖിന്നനായ പുലസ്ത്യന്‍ തന്റെ പൗത്രനെ രക്ഷിക്കുന്നതിനായി മാഹിഷ്മതിയിലെത്തി മഹര്‍ഷിയെ അര്‍ഘ്യപാദ്യാദികള്‍ നല്‍കി ആസനസ്ഥനാക്കിയശേഷം നമസ്‌കരിച്ചുകൊണ്ട് കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ആഗമനോദ്ദേശം ചോദിച്ചു. മന്ദസ്മിതത്തോടുകൂടി മഹര്‍ഷി പറഞ്ഞു. നീ വളരെക്കാലം അന്യൂന വീര്യബലത്തോടെ സസുഖം ജീവിക്കുക. പര്‍വതങ്ങളേയും സമുദ്രത്തേയും വരെ തന്റെ ആജ്ഞകൊണ്ട് ചൊല്പടിക്കുനിര്‍ത്താന്‍ കഴിവുള്ള രാവണനെ നീ ഒറ്റ പ്രഹരത്താല്‍ കീഴ്‌പ്പെടുത്തിയത് അത്ഭുതം തന്നെ. നീ എനിക്ക് പ്രിയപ്പെട്ടവനാണ്. പക്ഷെ രാവണന്‍ എന്റെ പൗത്രനാണ്. അതുകൊണ്ട് ഭവാന്‍ അവനെ എന്റെകൂടെ പറഞ്ഞുവിടണം. മഹര്‍ഷി പറഞ്ഞതനുസരിച്ച് രാജാവ് രാവണനെ കെട്ടഴിച്ചുവിടുകയും അഭ്യംഗസ്‌നാനാദികള്‍ക്കുശേഷം ഭോജനവും പുതിയ വസ്ത്രാഭരണങ്ങളും നല്‍കി മുനിയോടൊപ്പം യാത്രയാക്കി. രാവണന്‍ തലകുനിച്ച് രാജാവിനോടും മുത്തച്ഛനോടും യാത്രചോദിച്ച് ഇറങ്ങി. മഹര്‍ഷി രാജാവിനെ വീണ്ടും ആശീര്‍വദിച്ച് മാഹിഷ്മതിയില്‍നിന്നും യാത്രതിരിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.