യുവമോര്‍ച്ചയുടെ ക്ലിഫ് ഹൗസ് മാര്‍ച്ചിനു നേരെ പോലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു

Tuesday 10 November 2015 9:32 pm IST

തിരുവനന്തപുരം : കെ.എം.മാണി രാജിവച്ചില്ലെങ്കില്‍ പുറത്താക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിനുനേരെ പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍ ഉദ്ഘാടനം ചെയ്തു. കെ.എം.മാണിയെ സംരക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുകയാണ്. കെ.എം.മാണിക്കെതിരായ ഹൈക്കോടതി വിധി വിജിലന്‍സ് അന്വേഷണം അട്ടിമറിച്ച ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കൂടി ബാധകമാണെന്ന്് അദ്ദേഹം പറഞ്ഞു. മാണിയെ രക്ഷിക്കാന്‍ വേണ്ടി എല്ലാ നിയമലംഘനങ്ങളും നടത്തിയ ഉമ്മന്‍ചാണ്ടിക്ക് തുടരാന്‍ അര്‍ഹതയില്ല. അതിനാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാര്‍ച്ചില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് ആര്‍.എസ്.രാജീവ്, ജില്ലാ പ്രസിഡന്റ് മുളയറ രതീഷ്, സംസ്ഥാന സമിതി അംഗങ്ങളായ ആര്‍.എസ്.സമ്പത്ത്, മണവാരി രതീഷ്, ജനറല്‍ സെക്രട്ടറിമാരായ ചന്ദ്രകിരണ്‍, അനുരാജ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ വിഭാഷ്, പൂങ്കുളം സതീഷ് ബി.ജി. വിഷ്ണു, ഉണ്ണിക്കണ്ണന്‍ എം.എ, മണ്ഡലം പ്രസിഡന്റുമാരായ സജീവ്, മനുപ്രദീപ്, അനന്തു, അഖില്‍, അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി. അഴിമതി സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ഇന്ന് ജില്ലാ കളക്ടറേറ്റുകളിലേക്കും നാളെ സെക്രട്ടേറിയറ്റിലേക്കും യുവജനമാര്‍ച്ചു നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.