കെ.എം. മാണിയുടെ വീട്ടില്‍ മൂകത മാത്രം

Tuesday 10 November 2015 10:14 pm IST

പാലാ: ബാര്‍ക്കോഴക്കേസിലെ ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി കെ.എം. മാണിയുടെ പാലായിലെ വസതിയില്‍ മൂകതമാത്രം. മാണി മന്ത്രിപദം രാജിവച്ച് പാലായിലേക്കുവരുന്നകാര്യം ചിന്തിക്കാന്‍പോലും കഴിയാത്ത പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും വിഷാദത്തിലാണ്. പൊട്ടിച്ചിരിയും രാഷ്ട്രീയ ചര്‍ച്ചകളുംകൊണ്ട് എപ്പോഴും സജീവമായിരുന്ന കെ.എം. മാണിയുടെ വീട്ടില്‍ ഇപ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ചിരിയില്ല, കാര്യമായ സംസാരമില്ല. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ച കേരളാ കോണ്‍. അംഗങ്ങള്‍ മാണിയുടെ വീട്ടില്‍ വന്നെത്തിയെങ്കിലും ആഹ്ലാദം പങ്കുവയ്ക്കാന്‍ കഴിയാതെ വീടിന്റെ വിശാലമായ മുറ്റത്ത് അങ്ങിങ്ങായിനിന്ന് അടക്കം പറച്ചിലില്‍ അനുമോദനങ്ങളൊതുക്കി. താന്‍ രാജിവെക്കില്ല എന്ന സന്ദേശം നല്‍കി തത്ക്കാലം പാര്‍ട്ടിനേതാക്കളെയും അണികളെയും ആശ്വസിപ്പിക്കാനും കരുത്തുപകരാനും മാണിശ്രമിക്കുന്നുണ്ടെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നുള്ളത് വസ്തുതയാണ്. മുഖ്യമന്ത്രിയെയും കോണ്‍ഗ്രസ് നേതൃത്വത്തെയും സമ്മര്‍ദ്ദത്തിലാക്കുന്നത് രാജിക്ക് ശേഷമുള്ള മന്ത്രിപദവും വകുപ്പുകളും സംബന്ധിച്ച് മാണിയുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള തന്ത്രമാണെന്നും സൂചനയുണ്ട്. ഏതുനിമിഷവുമുണ്ടാകുന്ന രാജിപ്രഖ്യാപനത്തെ തുടര്‍ന്ന് തങ്ങളുടെ പ്രിയനേതാവിന് അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തുന്നതിനുള്ള പാര്‍ട്ടി കൊടികളും തയ്യാറാക്കിയാണ് ചിലരെങ്കിലും മാണിയുടെ വീട്ടില്‍ നിലയുറപ്പിച്ചിരിക്കുന്നത്. നിയമസഭാ സമാജികത്വത്തിന്റെ 50ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടയില്‍ വന്നുപെട്ട ബാര്‍കോഴ പ്രശ്‌നവും അഴിമതിയും പാര്‍ട്ടിയെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്. അഴിമതിയുടെ കറപുരളാത്ത സംശുദ്ധരാഷ്ട്രീയത്തിന്റെ വക്താവ് എന്നൊക്കെ പുകഴ്ത്തി കേരളമൊട്ടാകെ കൊണ്ടാടേണ്ടിയിരുന്ന സുവര്‍ണ്ണജൂബിലിയാഘോഷം തീരാകളങ്കത്തിന്റെയും അഴിമതിയുടെയും പെരുമഴയില്‍ ഒലിച്ചുപോയതിന്റെ ആഘാതത്തിലാണിപ്പോള്‍ പാര്‍ട്ടി നേതൃത്വവും അണികളും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.