തലശ്ശേരി: തലശ്ശേരി-കൂര്‍ഗ് റോഡില്‍ ടൗണ്‍ഹാള്‍ റോഡില്‍ നിന്നും എസ്എസ് റോഡിലേക്ക് തിരിയുന്ന വളവില്‍ റോഡിന് ചേര്‍ന്ന് കിടക്കുന്ന ഓവുചാലിന് മുകളില്‍ സ്ലാബ് ഇടാത്തത് വാഹന യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. തലശ്ശേരി വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ചപ്പോള്‍ റോഡരികിലെ ഓവുചാലിന് മുകളില്‍ സ്ലാബ് പാകിയിരുന്നു. കൂടാതെ നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി ഓവുചാലിനോട് ചേര്‍ന്ന് കുഴിയും രൂപപ്പെട്ടിരിക്കുകയാണ്. എസ്എസ് റോഡിലെ കല്ല്യാണ മണ്ഡപത്തിലേക്കടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയിലാണ് ഈ അപകടക്കെണി. നിത്യേനയെന്നോണം നിരവധി വാഹനങ്ങളാണ് ഈ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നത്. ഇവിടെ കുഴിയുണ്ടെന്ന കാര്യം ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാനാകാത്തതിനാലാണ് അപകടങ്ങള്‍ സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പ്രവാസി വ്യവസായിയുടെ കാറും ഇവിടെ മറിയുകയുണ്ടായി. ശബ്ദം കേട്ട് സമീപവാസികള്‍ ഓടിയെത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയതിനാലാണ് ജീവാപായം ഇല്ലാതായത്. അപകടം നിത്യസംഭവമായ സാഹചര്യത്തില്‍ അടിയന്തിര പരിഹാരം ഉണ്ടാകണമെന്ന ആവശ്യം നാട്ടുകാരില്‍ ശക്തമായിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: