കണ്ണൂര്‍: എസ്ബിടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കണ്ണൂരില്‍ നടന്ന ആള് കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഏകപക്ഷീയമായി സേവന വേതന വ്യവസ്ഥകള്‍ അടിച്ചേല്പ്പിക്കുന്നതിന്നെതിരെ ബാങ്ക് ജീവനക്കാര്‍ നടത്തുന്ന സമരങ്ങള്‍ക്ക് ജില്ലാ കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡണ്ട് പി.ജി.ദാമോദരന്‍ പിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.സി.മാധവന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 22 വര്‍ഷം കഴിഞ്ഞിട്ടും പരിഷ്കരിക്കാത്ത ബാങ്ക് പെന്ഷന് പരിഷ്കരിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. തുച്ഛമായ ഫാമിലി പെന്ഷന് വര്‍ദ്ധിപ്പിക്കണമെന്നും 100 ശതമാനം നവീകരണത്തോടെ മുഴുവന്‍പേര്‍ക്കും ക്ഷാമബത്ത നല്‍കണമെന്നും കമ്മറ്റി പ്രമേയത്തിലൂടെ ഐബിഎക്ക് നിവേദനം നല്കി. 26, 27, 28 തിയ്യതികളില്‍ തൃശൂരില്‍ വെച്ച് നടക്കുന്ന എഐബിആര്എഫ് അഖിലേന്ത്യാ സമ്മേളനം വിജയിപ്പിക്കാന്‍ ജില്ലാ കമ്മറ്റി തീരുമാനിച്ചു. എഐബിആര്എഫ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വി.ബി.ഷേണായി, കെ.കെ.ഗോവിന്ദന് കുട്ടി, എം.ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: