യുഡിഎഫ് വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചു; ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്താന്‍

Tuesday 10 November 2015 11:06 pm IST

എരുമേലി: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ യുഡിഎഫ് വോട്ടുകള്‍ എല്‍ഡിഎഫിന് വ്യാപകമായി മറിച്ചുകൊടുത്ത് എരുമേലിയില്‍ യുഡിഎഫ് തകര്‍ന്നടിഞ്ഞു. പഞ്ചായത്തിലെ യുഡിഎഫ് ശക്തികേന്ദ്രങ്ങളായ പഴയിടം, ചേനപ്പാടി, കിഴക്കേക്കര, ചെറുവള്ളി വാര്‍ഡുകളില്‍ നാമമാത്രമായ എല്‍ഡിഎഫ് വോട്ടുകള്‍ യുഡിഎഫിന് നല്‍കിയപ്പോള്‍ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന വാര്‍ഡുകളില്‍ എല്‍ഡിഎഫിന് വോട്ടുകള്‍ തിരിച്ചു നല്‍കിയാണ് അവിശുദ്ധ മുന്നണികൂട്ട്ുകെട്ട് പുറത്തായത്. വാഴക്കാല, നേര്‍ച്ചപ്പാറ വാര്‍ഡുകളില്‍ യുഡിഎഫിലെ ഘടകകക്ഷികളും മുസ്ലീം ലീഗിന്റെ സിറ്റിംഗ് സീറ്റുകളായിരുന്ന രണ്ട് വാര്‍ഡുകളിലും വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചുകൊടുക്കുകയായിരുന്നു. ഒഴക്കനാട്, പൊര്യന്‍മല, പമ്പാവാലി, മൂക്കന്‍പെട്ടി, മുട്ടപ്പള്ളി, ഉമ്മിക്കുപ്പ, കനകപ്പലം, ശ്രീനിപുരം, എരുമേലി ടൗണ്‍ എന്നിവിടങ്ങളില്‍ യുഡിഎഫിലെ ഘടകകക്ഷികളുടെ വോട്ടുകള്‍ വ്യാപകമായി മറിച്ചുകൊടുത്താണ് യുഡിഎഫ് എരുമേലിയില്‍ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ബിജെപി ശക്തികേന്ദ്രങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ യുഡിഎഫ്് വോട്ടുകള്‍ മിറിച്ചുകൊടുത്തതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം ലഭിച്ചതിനേക്കാള്‍ വോട്ടുകള്‍ കുറച്ചു നേടിയ യുഡിഎഫിലെ സ്ഥാനാര്‍ത്ഥികള്‍ രണ്ടും, മൂന്നും സ്ഥാനങ്ങളിലേക്ക പിന്തള്ളപ്പെടുകയായിരുന്നു. പല വാര്‍ഡുകളിലും അശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ യുഡിഎഫ് വോട്ടെടുപ്പിന് മുമ്പ് തന്നെ എല്‍ഡിഎഫ് വിധേയത്വം വ്യക്തമാക്കിയിരുന്നതായും കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു. ഇതിനിടെ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകളുടെ ശക്തമായ വാര്‍ഡുകളും എരുമേലി ടൗണിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പാക്കിയതുപോലെ വാര്‍ഡുകളിലെല്ലാം വോട്ട് മറിക്കല്‍ നടന്നതായാണ് വോട്ട് നില വ്യക്തമാക്കുന്നത്. ഇരുമുന്നണികളും ബിജെപിയെ പരാജയപ്പെടുത്താന്‍ വോട്ടുകള്‍ പരസ്പരം മറിച്ചു നല്‍കിയിട്ടും മിക്കവാര്‍ഡുകളിലും നാമമാത്രമായ വോട്ടുകള്‍ക്കാണ് മുന്നണികള്‍ വിജയിച്ചുവെന്നതും ബിജെപിയുടെ സ്വാധീനത്തിന് തെളിവാണെന്നും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. 23ല്‍ പതിനാല് സീറ്റുകളും എല്‍ഡിഎഫ് നേടിയപ്പോള്‍ 7 സീറ്റാണ് യുഡിഎഫ് നേടിയത്. ഇതിനിടെ യുഡിഎഫിന്റെ തകര്‍ച്ച എരുമേലിയില്‍ വന്‍ വിവാദത്തിന് വഴിതെളിച്ചിരിക്കുകായണ്. കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് പ്രതിനിധിയായ പ്രകാശ് പുളിക്കനെ ഭരണത്തില്‍ നിന്നും അകറ്റി നിര്‍ത്താനുള്ള രഹസ്യനീക്കമാണ് വന്‍ തോല്‍വിക്ക് പിന്നിലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. താലൂക്കില്‍ 744 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുക്കൂട്ടുതറ വാര്‍ഡില്‍ നിന്നും വിജയിച്ച പ്രകാശ് പുളിക്കന്‍ യുഡിഎഫ് ജയിച്ചുവന്നാല്‍ പഞ്ചായത്ത് പ്രസിഡന്റുവരെ ആകാനുള്ള സാധ്യത കൂടിയാണ് തകര്‍ച്ചയോടെ പൊലിഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസ്, ലീഗ്, കേരള കോണ്‍ഗ്രസ് തകര്‍ച്ച അനിവാര്യമായിരുന്നുവെന്നും എട്ടു സ്ഥലത്ത് മത്സരിച്ച കേരള കോണ്‍ഗ്രസിനെ 2 സീറ്റില്‍ ഒതുക്കിയതും യുഡിഎഫിലെ പിന്നണി രഹസ്യ നാടകങ്ങള്‍ തന്നെയായിരുന്നുവെന്നും ചില മുതര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍തന്നെ വ്യക്തമാക്കുന്നു. ഇരുമ്പൂന്നിക്കരയില്‍ ബിജെപി ജയിച്ചതും, മുട്ടപ്പള്ളിയില്‍ സ്വതന്ത്ര ജയിച്ചതും യുഡിഎഫിലും ചര്‍ച്ചയ്്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എരുമേലിയില്‍ ഏറ്റ കനത്ത പരാജയം യുഡിഎഫില്‍ വന്‍ വിവാദത്തിന് വഴിയൊരുക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.